Monday, July 8, 2024
spot_imgspot_img
HomeNewsഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി ഫൈനലില്‍ : പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലില്‍;...

ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി ഫൈനലില്‍ : പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലില്‍; ആദ്യ ഫൈനല്‍ ആഘോഷമാക്കാന്‍ സൗത്താഫ്രിക്ക; ബാര്‍ബഡോസിലെ കലാശപ്പോരില്‍ തീ പാറും

ഗയാന : ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് ഫൈനലിലെത്തി ടീം ഇന്ത്യ. ഇന്ത്യ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 16.4 ഓവറിൽ 103 റൺസെടുത്തു പുറത്തായി. ഇന്ത്യയ്ക്ക് 68 റൺസ് വിജയം. ഇതോടെ 29ന് രാത്രി എട്ടു മണിക്കു നടക്കുന്ന ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും.england vs india 2nd semi final t20 world cup updates.

മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍മാരായ അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരുടെ മിന്നും ബൗളിങാണ് ഇംഗ്ലണ്ടിന്റെ അടിത്തറ ഇളക്കിയത്. ജസ്പ്രിത് ബുംറ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. രണ്ട് ഇംഗ്ലണ്ട് താരങ്ങള്‍ റണ്‍ ഔട്ടായി.

ഇംഗ്ലണ്ടിനായി ഹാരി ബ്രൂക് (25), ക്യാപ്റ്റന്‍ ജോഷ് ബട്‌ലര്‍ (23), ജോഫ്ര ആര്‍ച്ചര്‍ (21) എന്നിവരാണ് പിടിച്ചു നിന്നത്. ലിയാം ലിവിങ്സ്റ്റന്‍ (11) ആണ് രണ്ടക്കം കടന്ന മറ്റൊരാള്‍. മറ്റെല്ലാവരും ക്ഷണം മടങ്ങി.

നാലോവറില്‍ 23 റണ്‍സ് വഴങ്ങി അക്ഷറും ഇത്രയും ഓവറില്‍ 19 റണ്‍സ് വഴങ്ങി കുല്‍ദീപും മൂന്ന് വീതം വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ബുംറ 2.4 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും പിഴുതു.

ടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരിക്കല്‍ കൂടി അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. രോഹിത് 39 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 57 റണ്‍സെടുത്തു. വിരാട് കോഹ്‌ലി (9) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഋഷഭ് പന്തിനും കാര്യമായി നില്‍ക്കാന്‍ സാധിച്ചില്ല. താരം 4 റണ്‍സുമായി മടങ്ങി.

പിന്നീട് സൂര്യകുമാര്‍ യാദവുമായി ചേര്‍ന്ന് രോഹിത് ഇന്ത്യയെ മുന്നോട്ടു നയിച്ചു. സൂര്യകുമാര്‍ 36 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 47 റണ്‍സെടുത്തു. 13 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 23 റണ്‍സെടുത്ത് ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കി.

ശിവം ദുബെ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ രവീന്ദ്ര ജഡേജ 9 പന്തില്‍ 17 റണ്‍സുമായി പുറത്താകാതെ നിന്നു. കളി അവസാനിക്കുമ്ബോള്‍ ജഡേജയ്‌ക്കൊപ്പം 1 റണ്ണുമായി അര്‍ഷ്ദീപ് സിങും പുറത്താകാതെ ക്രീസില്‍ തുടര്‍ന്നു.

ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. റീസ് ടോപ്‌ലി, ജോഫ്ര ആര്‍ച്ചര്‍, സാം കറന്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. പത്തു വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തുന്നത്. 2014ലെ ഫൈനലിൽ ഇന്ത്യയെ ആറു വിക്കറ്റുകൾക്കു തോൽപിച്ച് ശ്രീലങ്ക കിരീടം നേടിയിരുന്നു. 2007 ലെ ആദ്യ ട്വന്റി20 ലോകകപ്പിലെ ചാംപ്യന്‍മാരാണ് ഇന്ത്യ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments