പാലക്കാട് : ആനപ്രേമികളുടെ പ്രിയങ്കരനായ ഗജവീരൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു. 55 വയസ്സായിരുന്നു. ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. തൃശൂർ പൂരം ഉൾപ്പെടെ നിരവധി പൂരങ്ങളിലെ നിറ സാന്നിധ്യമായിരുന്നു മംഗലാംകുന്ന് അയ്യപ്പൻ.
മലയാളം, തമിഴ് സിനിമകളിൽ തൻ്റെ അഴക് കാട്ടിയിട്ടുള്ള കൊമ്പനാണ് മംഗലാംകുന്ന് അയ്യപ്പൻ. തമിഴിൽ രജനികാന്ത് നായകനായ ‘മുത്തു’, ശരത്കുമാർ നായകനായ ‘നാട്ടാമെ’ എന്നീ ചിത്രങ്ങളിൽ മംഗലാംകുന്ന് അയ്യപ്പൻ തിളങ്ങിയിട്ടുണ്ട്. മലയാളത്തിൽ ജയറാം നായകനായ ‘ആനച്ചന്തം’ ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ അയ്യപ്പനും ഭാഗമായി.
305 സെൻ്റീമീറ്റർ ആണ് അയ്യപ്പൻ്റെ ഉയരം. വിരിഞ്ഞ് ഉയർന്ന തലക്കുന്നി, ഭംഗിയുള്ള കൊമ്പുകൾ, നീളമുള്ള തുമ്പിക്കൈ തുടങ്ങിയവ കൊമ്പൻ്റെ പ്രത്യേകതകളാണ്. 1992ൽ ബിഹാറിലെ സോൺപൂർ മേളയിൽ നിന്നാണ് മംഗലാംകുന്ന് സഹോദരന്മാർ അയ്യപ്പനെ സ്വന്തമാക്കിയത്. അന്ന് കൊമ്പൻ്റെ പ്രായം 25ൽ താഴെയായിരുന്നു.