Monday, July 8, 2024
spot_imgspot_img
HomeNewsIndiaകേന്ദ്രത്തിനെതിരെ ആദ്യം സമരം പ്രഖ്യാപിച്ചത് കേരളമെങ്കിലും അരങ്ങേറ്റം നടത്തിയത് കര്‍ണ്ണാടക; പിണറായിക്കൊപ്പം നാളെ സമരത്തിന്...

കേന്ദ്രത്തിനെതിരെ ആദ്യം സമരം പ്രഖ്യാപിച്ചത് കേരളമെങ്കിലും അരങ്ങേറ്റം നടത്തിയത് കര്‍ണ്ണാടക; പിണറായിക്കൊപ്പം നാളെ സമരത്തിന് കറുപ്പണിഞ്ഞ് തമിഴ്നാടും, സമരത്തിന് പലരും ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ വെട്ടിലായത് കേരളത്തിലെ കോണ്‍ഗ്രസ്സോ?

തിരുവനന്തപുരം: കേന്ദ്രത്തിന്‍റെ അവഗണനയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേരളസര്‍ക്കാര്‍ ഡല്‍ഹിയില്‍ നാളെ സമരം തുടങ്ങാനിരിക്കെ കർണാടക സർക്കാരിൻ്റെ പ്രതിഷേധവും കേന്ദ്രത്തില്‍ അരങ്ങേറി.Kerala protest in Delhi tomorrow against central neglect

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. ഇതാദ്യമായാണ് സംസ്ഥാന സർക്കാരിൻ്റെ മുഴുവൻ സംഘവും കേന്ദ്രത്തിനെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്നത്.

കേന്ദ്ര അവഗണന മൂലം കേരളത്തിനുണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് സമാനമാണ് കർണാടകയിലേതെന്ന് ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡികെ ശിവകുമാർ പറഞ്ഞു . പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.നികുതി വിഹിതം കൃത്യമായി തങ്ങൾ കേന്ദ്രത്തിലേക്ക്

അടയ്ക്കുന്നുണ്ട്. എന്നാൽ അർഹമായ വിഹിതം തിരിച്ചു നൽകാൻ കേന്ദ്രം തയ്യാറാകുന്നില്ല. 100 രൂപ കൊടുക്കുമ്പോൾ 30 രൂപ പോലും വിഹിതമായി ലഭിക്കുന്നില്ല.

കേരളം നാളെ ഡൽഹിയിൽ നടത്തുന്ന സമരത്തിന് തങ്ങൾ പൂർണ പിന്തുണ നൽകുമെന്നും പിന്തുണ അഭ്യർഥിച്ച് കേരള മുഖ്യമന്ത്രി തങ്ങൾക്ക് കത്ത് അയച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഫണ്ടുകളുടെ വിഹിതം, പ്രത്യേക ഗ്രാൻ്റുകൾ, കേന്ദ്രാവിഷ്കൃത പദ്ധതികൾ എന്നിവയിൽ അർഹമായ വിഹിതം നിഷേധിക്കുന്നതിലൂടെ 2017-18 മുതൽ കർണാടകയ്ക്ക് 1.87 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് സിദ്ധരാമയ്യ രാജ്യസഭയിലെയും ലോക്സഭയിലെയും അംഗങ്ങൾക്കും കർണാടകയിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർക്കും അയച്ച കത്തിൽ പരാമർശിക്കുന്നത്.

പ്രത്യേക ഗ്രാൻ്റുകൾ അനുവദിക്കുന്നതിലുള്ള അവഗണന, കർണാടകയിലെ ജനങ്ങൾക്ക് ആവശ്യമായ പദ്ധതികൾ നടപ്പാക്കാതിരിക്കുന്നതിലൂടെയുള്ള അനീതി എന്നിവ ഉയർത്തിക്കാട്ടിയയാണ് പ്രതിഷേധം.

സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന കേരളത്തിന്റെ ഹർജിക്ക് നൽകിയ മറുപടിയില്‍ കേന്ദ്രം കേരളതിനെതിരെ ആഞ്ഞടിച്ചിരുന്നു.കേരളം ധനമാനേജ്‌മെന്റിൽ പോരാ എന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

കേരളം അടിയന്തര തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നാണ് ആർബിഐയും പറയുന്നത്. നിയമവും വായ്പ പരിധിയും മറികടക്കാനാണ് കേരളം ബജറ്റിൽ ഉൾപ്പെടുത്താതെ, കിഫ്ബി, കെഎസ്എസ്‌പിഎൽ എന്നിവയിൽ നിന്ന് വായ്പ എടുക്കുന്നതെന്ന് കേന്ദ്രം ആരോപിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറയുന്നു. കേരളത്തോടുള്ള അവഗണന തുടർന്നാൽ ഒരു പ്ലാൻ ബി കേരളത്തിനുണ്ടെന്നും ധനമന്ത്രി പറഞ്ഞിട്ടുണ്ട്.

കേരളത്തിൻ്റെ അതിജീവനത്തിന് സമരം അനിവാര്യമാണെന്നും ആരേയും തോൽപ്പിക്കാനല്ല സമരമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പറഞ്ഞു. ചരിത്രത്തിൽ കീഴ്‌വഴക്കങ്ങളില്ലാത്ത  പ്രക്ഷോഭ മാർഗം തെരഞ്ഞെടുക്കേണ്ടി വന്നു. ഒരാളെയും തോൽപ്പിക്കുക എന്ന ലക്ഷ്യം സമരത്തിന് ഇല്ല. അർഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

രാജ്യമാകെ കേരളത്തോടൊപ്പം അണിചേരുമെന്നാണ് പ്രതീക്ഷ. സമരത്തിന് കക്ഷി രാഷ്ട്രീയ നിറം നൽകരുത്. സഹകരണ ഫെഡറലിസം എന്ന ആശയം ഈയടുത്ത് കേന്ദ്ര നടപടികളിലൂടെ നഷ്ടപ്പെട്ടു.

ബി ജെ പി ഭരിക്കുന്ന 17 സംസ്ഥാനങ്ങളിൽ കേന്ദ്രത്തിന് ലാളനയാണ്. എൻഡിഎ ഇതര സർക്കരുകളോട് പീഡന നയമാണുള്ളത്. കേന്ദ്രത്തിൻ്റെത് ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്. വായ്പാ പരിധിയിൽ വൻ തോതിൽ വെട്ടി കുറവ് വരുത്തി.

പതിനഞ്ചാം ധനകാര്യ കമ്മീഷൻ്റെ ശുപാർശകൾ പാർലമെന്റ, രാഷ്ട്രപതി എന്നിവർ അംഗീകരിച്ചതാണ്. എന്നാലിത് അട്ടിമറിക്കപ്പെട്ടു. ഏത് വിധേനയും കേരളത്തെ ബുദ്ധിമുട്ടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു.  ഇല്ലാത്ത അധികാരങ്ങൾ കേന്ദ്രം പ്രയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം നാളെ നടത്തുന്ന സമരത്തിൽ ഡിഎംകെ പങ്കെടുക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണക്കത്തിന് മറുപടിയായി മലയാളത്തിലുള്ള കത്ത് സ്റ്റാലിൻ എക്‌സിൽ ട്വീറ്റ് ചെയ്തു. മന്ത്രി പി രാജീവായിരുന്നു സ്റ്റാലിന് കത്ത് കൈമാറിയത്.

സംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയിൽ കേന്ദ്രസർക്കാർ ഇടപെടുന്നതിനെതിരെ സുപ്രീം കോടതിയിൽ കേരളത്തിന്റെ ഹർജിക്ക് തമിഴ്നാട് സർക്കാർ പൂർണ പിന്തുണ നൽകുമെന്നും സ്റ്റാലിൻ പറഞ്ഞു.

കേരളം ഡൽഹിയിൽ നടത്തുന്ന പ്രതിഷേധത്തിൽ ഡിഎംകെ പങ്കെടുക്കുമെന്നും പാർലമെന്റ് പരിസരത്ത് കറുപ്പ് വസ്ത്രങ്ങളണിഞ്ഞ് പ്രതിഷേധിക്കുമെന്നും സ്റ്റാലിൻ ട്വീറ്റിൽ അറിയിച്ചു.

തമിഴ്‌നാടും പിണറായി വിജയനും മമത ബാനർജിയുമടക്കം ഭരണഘടനയിൽ അചഞ്ചലമായ വിശ്വാസമുള്ള നേതാക്കളെല്ലാവരും സംസ്ഥാനങ്ങളുടെ സ്വയംഭരണത്തിനായി ഒരുമിച്ചുനിൽക്കുകയാണ്. ഇക്കാര്യത്തിൽ വിജയിക്കുന്നതുവരെ തങ്ങളുടെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി.

സംസ്ഥാന സ്വയംഭരണം എന്ന മുദ്രാവാക്യത്തിന്റെ തീജ്വാലകളെ അണയ്ക്കാൻ ഫാസിസ്റ്റ് ബിജെപിക്ക് ഒരിക്കലും കഴിയില്ല. ധനകാര്യം, ഭരണം മുതലായവയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നമ്മൾ ഉറപ്പായും ഉയർത്തിപ്പിടിക്കും. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നെന്നും സ്റ്റാലിൻ പറഞ്ഞു.

ഡിഎംകെയ്ക്ക് പുറമെ, ആം ആദ്മി പാർട്ടി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എത്തും. ശരത് പവാറും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇതോടെ യഥാർഥത്തിൽ വെട്ടിലായിരിക്കുന്നത് കേരളത്തിലെ കോൺഗ്രസാണ്.

“വഴിമുട്ടിയ ഇന്ത്യൻ ജനാധിപത്യം; ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ സംവിധാനം സംരക്ഷിക്കുക” എന്നതാണ് സമരപരിപാടി. കേരളത്തിൽ നിന്നുള്ള മന്ത്രിമാരും ഇടതുപക്ഷ എംഎൽഎമാരും എംപിമാരും പ്രതിഷേധത്തിൽ പങ്കെടുക്കും.

പ്രതിപക്ഷ പാർട്ടികളുടെ പങ്കാളിത്തം ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതിപക്ഷ ഉപനേതാവ് കുഞ്ഞാലിക്കുട്ടിക്കും കത്തയച്ചിരുന്നു.

എന്നാൽ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് പൂർണമായും കേന്ദ്ര അവഗണന മാത്രമല്ല കാരണം എന്നും അതിനാൽ സമരത്തിൽ തങ്ങൾ ഭാഗമാകില്ലെന്നും കത്തിലൂടെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments