Monday, July 8, 2024
spot_imgspot_img
HomeNewsInternationalപാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ കനത്ത ഭീഷണി നേരിടുന്നതായി മനുഷ്യാവകാശ സംഘടന

പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ കനത്ത ഭീഷണി നേരിടുന്നതായി മനുഷ്യാവകാശ സംഘടന

ഫൈസലാബാദ്: പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളികളാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് ഫോക്കസ് പാക്കിസ്ഥാൻ ( എച്ച്ആർഎഫ്ടി ) രംഗത്ത്. ക്രൈസ്തവര്‍ക്കു നേരെ സർഗോദയിൽ നടക്കുന്ന മതപീഡനത്തിൻ്റെ വിവിധ സംഭവങ്ങൾ അസ്വസ്ഥജനകമാണെന്നു ഇത് സംബന്ധിച്ചു സംഘടന പുറത്തിറക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടില്‍ പറയുന്നു. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെയും മനുഷ്യാവകാശ ശബ്ദമായി നിലകൊള്ളുന്ന സംഘടനയാണ് ഹ്യൂമന്‍ റൈറ്റ്സ് ഫോക്കസ് പാക്കിസ്ഥാൻ.

മെയ് 25 ന് സർഗോദയിലെ മുജാഹിദ് കോളനിയിൽ നസീർ മസിഹ് എന്ന ക്രൈസ്തവ വിശ്വാസിയ്ക്കും മറ്റ് ക്രൈസ്തവര്‍ക്കും നേരെ മതനിന്ദ ആരോപിച്ചു നടന്ന ആക്രമണങ്ങള്‍ ക്രൈസ്തവരെ ഭീതിക്ക് ഇരയാക്കി മാറ്റിയിരിക്കുകയാണ്. അക്രമികളെ കുറ്റവിമുക്തരാക്കാന്‍ സഹായിക്കുന്ന നടപടികളാണ് പോലീസ് അധികൃതര്‍ കൈക്കൊണ്ടത്. സർഗോധ സംഭവത്തിൽ ഉൾപ്പെട്ട 52 അക്രമികൾക്ക് അറസ്റ്റിന് പിന്നാലെ അതിവേഗം ജാമ്യം അനുവദിച്ചതിൽ സംഘടന ഉത്കണ്ഠ രേഖപ്പെടുത്തി.

1997ലെ തീവ്രവാദ വിരുദ്ധ നിയമം (എടിഎ) പാക്കിസ്ഥാൻ പീനൽ കോഡ് (പിപിസി) എന്നിവ പ്രകാരം തിരിച്ചറിഞ്ഞ 44 പേർക്കെതിരെയും തിരിച്ചറിയപ്പെടാത്ത നാനൂറു പേർക്കെതിരെയും എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ടെങ്കിലും, പോലീസ് അന്വേഷണത്തിലും കോടതി നടപടികളിലും മന്ദഗതിയിലാണ് കാര്യങ്ങള്‍. ഇതിനിടെ ക്രൈസ്തവര്‍ക്ക് നേരെ ഭീഷണിയുമായി ഇസ്ലാമിസ്റ്റുകള്‍ ഇപ്പോഴും രംഗത്തുണ്ടെന്നതും വസ്തുതയാണ്. സംഭവത്തെത്തുടർന്ന് ഇസ്ലാമിക ഗ്രൂപ്പുകൾ പുറത്തുവിട്ട ഭീഷണി വീഡിയോകൾ ക്രൈസ്തവ സമൂഹത്തിൻ്റെ ആശങ്കകൾ വർദ്ധിപ്പിച്ചിരിക്കുകയാണെന്ന് സംഘടന റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി.

2023 ആഗസ്റ്റ് 16-ന് ജരൻവാലയിൽ ക്രൈസ്തവര്‍ക്ക് നേരെ നടന്ന ആക്രമണവും ഇപ്പോള്‍ നടന്ന സംഭവവും ഒരേ ലക്ഷ്യമുള്ളതാണെന്നും ന്യൂനപക്ഷങ്ങൾക്കെതിരായ ആൾക്കൂട്ട അക്രമവും സ്വത്ത് നശീകരണവും സമാനമായ സംഭവങ്ങൾ എടുത്തുകാണിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ക്രൈസ്തവ സമൂഹത്തിന് കൂടുതൽ സംരക്ഷണവും പിന്തുണയും നൽകണമെന്നും മതനിന്ദ ആരോപണങ്ങളുടെ ദുരുപയോഗം അവസാനിപ്പിക്കാനും എച്ച്ആർഎഫ്ടിയുടെ പ്രസിഡൻ്റ് നവീദ് വാൾട്ടർ ആഹ്വാനം ചെയ്തു. കുപ്രസിദ്ധമായ മതനിന്ദ നിയമവും തീവ്ര ഇസ്ലാമിസ്റ്റുകളുടെ ആക്രമണവും മൂലം നിലനില്‍പ്പിന് വേണ്ടി പോരാടുന്നവരാണ് പാക്ക് ക്രൈസ്തവര്‍.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments