Monday, July 22, 2024
spot_imgspot_img
HomeNewsKerala Newsനിയമസഭയില്‍ മുഖ്യമന്ത്രിക്കെതിരെ ഉരിയാടാന്‍ അനുമതിയില്ല;വീണ്ടും വിലക്ക്, കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കുഴല്‍നാടന്‍, തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ...

നിയമസഭയില്‍ മുഖ്യമന്ത്രിക്കെതിരെ ഉരിയാടാന്‍ അനുമതിയില്ല;വീണ്ടും വിലക്ക്, കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കുഴല്‍നാടന്‍, തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ സിപിഎം കൂടുതല്‍ ആശങ്കയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനി എക്സാലോജി ക്കിനെതിരായ കേസും വിവാദവും തുടരവേ സിപിഎം കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കേന്ദ്ര ഏജൻസി ഇടപെടൽ രാഷ്ട്രീയ പ്രേരിതമെന്ന് നിലപാടിലാണെങ്കിലും ആശങ്കയിലാണ് പാര്‍ട്ടി.As the case and controversy against Exalogy continued, the CPM was in more trouble

തെരഞ്ഞെടുപ്പ് അജണ്ടയായാണ് യുഡിഎഫും ബിജെപിയും ഇത് കൈകാര്യം ചെയ്യുന്നതെന്നാണ്  സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിക്കുന്നത്.

രണ്ട് കമ്പനികൾ തമ്മിലുള്ള കാര്യമാണ് ഇത്. മുഖ്യമന്ത്രിയിലേക്ക് ഇത് എത്തിക്കാൻ ബിജെപി ശ്രമം നടത്തുന്നു. ഹൈക്കോടതിയിൽ അന്വേഷണം സംബന്ധിച്ച കേസ് നടക്കുകയാണ്. ഇതിനിടയിലാണ് ഷോൺ ജോർജിൻ്റെ പരാതി.

ഇത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. ഇവർ ബിജെപിയിൽ ചേർന്ന ദിവസമാണ് എസ്.എഫ്.ഐ.ഒയുടെ അന്വേഷണം പ്രഖാപിക്കുന്നത്. വാർത്ത സൃഷ്ടിക്കാനുള്ള രാഷ്ട്രീയമായ ശ്രമമാണിത്. ഇതിന് പിന്നിൽ ഗൂഢാലോചനയും തിരക്കഥയും ഉണ്ട്.

തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇത് കൂടും. ഇനിയും കഥകളുണ്ടാകും. ഇതിനെ നേരിട്ട് മുന്നോട്ട് പോകും. കെ.എസ്.ഐ.ഡി.സിക്ക് ഓഹരിയുള്ള സ്ഥാപനങ്ങളിലെ പ്രവർത്തനം സർക്കാരിന് അറിയേണ്ടതില്ലെന്നും ഗോവിന്ദന്‍ പറയുന്നു.

അതേസമയം തന്നെ എക്സാലോജിക് വിവാദം നിയമസഭയിൽ ഉന്നയിക്കുന്നതിന് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതും വിവാദമാവുകയാണ്. മാത്യു കുഴൽനാടനാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണം സഭയിൽ ഉന്നയിക്കാൻ ശ്രമിച്ചത്.

ആരോപണം എഴുതി നൽകിയിട്ടും സ്പീക്കർ എ എൻ ഷംസീർ അത് പരിഗണിക്കാൻ കൂട്ടാക്കിയില്ല. വ്യക്തമായ രേഖകൾ ഇല്ലാതെയുള്ള ആരോപണം അനുവദിക്കില്ലെന്ന് സ്പീക്കർ നിലപാട് എടുക്കുകയായിരുന്നു.

തുടർന്ന് ആരോപണം ഉന്നയിക്കാൻ സ്പീക്കർ ശ്രമിച്ചതോടെ മാത്യു കുഴൽനാടന്റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു. തുടർന്ന് പ്രതിപക്ഷം സഭവിട്ടിറങ്ങി. താൻ ചട്ടപ്രകാരമാണ് സഭയിൽ ഇടപെട്ടതെന്ന് മാത്യു കുഴൽനാടൻ നിയമസഭാ പ്രസ് കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആരോപണത്തിന് അടിസ്ഥാനമായ രേഖ വേണമെന്ന് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. അത് നൽകുകയും ചെയ്തു. എന്നിട്ടും അനുമതി നിഷേധിച്ചത് എന്തിനെന്ന് മനസിലായില്ലെന്ന് മാത്യു കുഴൽനാടൻ പ്രതികരിച്ചു.

എംഎൽഎ എന്ന നിലയിൽ ഉത്തരവാദിത്തത്തോടെ വിഷയം അവതരിപ്പിക്കാവുന്ന വേദി എന്ന നിലയിലാണ് ആരോപണം ഉന്നയിക്കാൻ നിയമസഭ തെരഞ്ഞെടുത്തത്. നിയമസഭയിൽ ആധികാരികതയോടെ കാര്യം അവതരിപ്പിക്കാനാണ് ശ്രമിച്ചത്.

പാർട്ടിയുടെ അനുമതിയോടെ വിഷയം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു. സ്പീക്കര്‍ പക്ഷപാതമായാണ് പെരുമാറുന്നത്. ജനാധിപത്യവിരുദ്ധമായ നടപടികളാണ് സഭയിൽ നടക്കുന്നതെന്നും വാ മൂടിക്കെട്ടാമെന്ന് വിചാരിക്കേണ്ടെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.

അസാധാരണമായ സംഭവങ്ങളാണ് നിയമസഭയിൽ അരങ്ങേറിയതെന്ന് പി.സി വിഷ്ണുനാഥ് പറഞ്ഞു. ആരോപണം മുൻകൂട്ടി എഴുതി കൊടുത്തിട്ടാണ് ഉന്നയിക്കാൻ ശ്രമിച്ചത്. എഴുതിക്കൊടുത്താണ് പി.വി അൻവർ ആരോപണം ഉന്നയിച്ചത്. അത് അനുവദിച്ച സ്പീക്കർ മാത്യുവിന് അനുമതി നൽകിയില്ലെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി.

ഇതിന് മുമ്പും എക്‌സാലോജിക് വിവാദം നിയമസഭയിൽ ഉന്നയിക്കാൻ മാത്യു കുഴൽനാടൻ ശ്രമിച്ചപ്പോഴും അതും സ്പീക്കർ തടഞ്ഞിരുന്നു. നേരത്തെ കെഎംആർഎൽ മാസപ്പടി ആരോപണത്തിൽ നടക്കുന്ന കേന്ദ്ര അന്വേഷണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് ക്ലീൻ ചിറ്റ് ലഭിക്കുക എളുപ്പമല്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞിരുന്നു.

കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണത്തേക്കുറിച്ചുള്ള സംശയങ്ങൾ ആവർത്തിച്ച കുഴൽനാടൻ വീണയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ കേന്ദ്ര ഏജൻസി തുറന്നുകാട്ടപ്പെടുമെന്നും അഭിപ്രായപ്പെട്ടു.

”മുൻകാല സംഭവങ്ങളിലെ കേന്ദ്ര ഏജൻസികളുടെ സമീപനം വിലയിരുത്തുമ്പോൾ, കേന്ദ്ര സർക്കാരും കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തുന്നതിൽ സത്യസന്ധത പുലർത്തുന്നില്ലെന്ന് വിശ്വസിക്കാൻ ഞങ്ങൾക്ക് ന്യായമായ കാരണങ്ങളുണ്ട്.

കേന്ദ്ര ഏജൻസികൾക്ക് നേരിട്ട് ഇടപെട്ട് ബന്ധപ്പെട്ടവരെ പിടികൂടാമായിരുന്ന കൂടുതൽ വിവാദമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ എല്ലായ്‌പ്പോഴും അവർ മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിച്ചത്. അതുകൊണ്ടാണ് ഈ അന്വേഷണത്തിന്റെ ഫലത്തേക്കുറിച്ച് ഞങ്ങൾ സംശയിക്കുന്നത്” മാത്യു കുഴൽനാടൻ പറഞ്ഞു.

അതിനിടെ എക്‌സാലോജിക് സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് കേരളാ ഹൈക്കോടതി അഭിപ്രായപ്പെട്ടു. എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു കെഎസ്‌ഐഡിസി നൽകിയ ഹർജിയിലാണ് ഹൈക്കോടതി പരാമർശം.

അന്വേഷണത്തിൽ ആശങ്ക എന്തിനാണെന്നും നിർത്തിവയ്ക്കാൻ ആവശ്യപ്പെടുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.

അന്വേഷണം പേരിനു കളങ്കം വരുത്തുന്നതായി കെസ്‌ഐഡിസി കോടതിയെ അറിയിച്ചു. സിഎംആർഎലിനെതിരായ അന്വേഷണത്തിൽ എതിർപ്പില്ലെന്നും അവർ വ്യക്തമാക്കി.

എന്നാൽ എക്‌സാലോജിക് കരാറിൽ സിഎംആർഎലിനോട് വിശദീകരണം തേടിയതിന്റെ പകർപ്പ് ഹാജരാക്കാൻ കെഎസ്‌ഐഡിസിയോട് കോടതി ആവശ്യപ്പെട്ടു. ഇതിനു സമയം വേണമെന്ന് കെഎസ്‌ഐഡിസി പറഞ്ഞതിനാൽ ഹർജി ഈ മാസം 26ലേക്കു മാറ്റി.

അതേസമയം കേസ് വിധി പറയും വരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അന്വേഷണം നിര്‍ത്തിവെയ്ക്കണമെന്ന് കർണാടക ഹൈക്കോടതി പറഞ്ഞു.

സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ടായിരുന്നു കര്‍ണാടക ഹൈക്കോടതിയിൽ വീണാ വിജയന്‍ ഹര്‍ജി നല്‍കിയത്. വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിന്റെ പേരില്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് പരിഗണിച്ചത്.

എസ്.എഫ്.ഐ.ഒ. അന്വേഷണം തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. അന്വേഷണം പ്രഖ്യാപിച്ച് ജനുവരി 31-ന് ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

വാദം കേട്ട ശേഷം ഈ കേസിലെ വിധി പറയും വരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം നിര്‍ത്തിവെയ്ക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

ജനുവരി 31നാണ് എക്‌സാലോജിക് കമ്പനിക്കെതിരായ അന്വേഷണം എസ്എഫ്‌ഐഒയ്ക്ക് വിടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. സിഎംആർഎല്ലിന്റെ ഡയറക്ടർ ബോർഡിൽ കെഎസ്‌ഐഡിസി പ്രതിനിധിയും ഉണ്ട് എന്നതാണ് ഈ പൊതുമേഖലാ സ്ഥാപനത്തേയും അന്വേഷണ പരിധിയിൽ കൊണ്ടുവന്നത്.

വീണയുടെ കമ്പനിക്ക് 1.72 കോടി രൂപ കൈമാറിയത് ഐടി, മാനേജ്‌മെന്റ് അധിഷ്ഠിത സേവനങ്ങളുടെ പ്രതിഫലമായാണ് എന്ന സിഎംആർഎൽ തെറ്റാണെന്നു വെളിപ്പെട്ടതോടെയാണ് ഈ ഇടപാടിൽ കോർപറേറ്റ് മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments