Monday, July 8, 2024
spot_imgspot_img
HomeNewsIndia'പാഠപുസ്തകങ്ങളില്‍ നിന്നുള്‍പ്പെടെ ചരിത്രം തിരുത്തണം,താജ്മഹല്‍ ഷാജഹാൻ നിര്‍മിച്ചതല്ല'; ഹിന്ദു സേനയുടെ പൊതുതാല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈകോടതിയില്‍

‘പാഠപുസ്തകങ്ങളില്‍ നിന്നുള്‍പ്പെടെ ചരിത്രം തിരുത്തണം,താജ്മഹല്‍ ഷാജഹാൻ നിര്‍മിച്ചതല്ല’; ഹിന്ദു സേനയുടെ പൊതുതാല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈകോടതിയില്‍

ന്യൂഡല്‍ഹി: താജ്മഹല്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാൻ നിര്‍മിച്ചതല്ലെന്നും പാഠപുസ്തകങ്ങളില്‍ നിന്നുള്‍പ്പെടെ ചരിത്രം തിരുത്തണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി.

ഹിന്ദു സേന പ്രസിഡന്‍റ് സുര്‍ജിത് സിങ് യാദവാണ് ഹര്‍ജിക്കാരൻ. താജ്മഹല്‍ യഥാര്‍ഥത്തില്‍ രാജാ മാൻസിങ്ങിന്‍റെ കൊട്ടാരമാണെന്നും ഷാജഹാൻ ചക്രവര്‍ത്തി പിന്നീട് ഇത് നവീകരിക്കുക മാത്രമാണ് ചെയ്തതെന്നും ഹര്‍ജിക്കാരൻ ആരോപിക്കുന്നു.

താജ്മഹലിന്‍റെ ചരിത്രത്തെ കുറിച്ച്‌ താൻ ആഴത്തിലുള്ള പഠനം നടത്തിയെന്നാണ് സുര്‍ജിത് സിങ് യാദവ് ഹരജിയില്‍ പറയുന്നത്. താജ്മഹലിന്‍റെ യാഥാര്‍ഥ്യം ജനങ്ങള്‍ അറിയേണ്ടതുണ്ട്. ചില പുസ്തകങ്ങളില്‍ ഷാജഹാന്‍റെ ഭാര്യയുടെ പേര് മുംതാസ് മഹല്‍ എന്നല്ല ആലിയ ബീഗം എന്നാണ് കാണുന്നത്. ഇസഡ്.എ. ദേശായിയുടെ പുസ്തകത്തില്‍ പറയുന്നത് മുംതാസ് മഹല്‍ മരിച്ചപ്പോള്‍ ഖബറടക്കാനായി ഷാജഹാൻ മനോഹരമായ ഒരു സ്ഥലം തേടിയെന്നും അങ്ങനെയുള്ള ഒരു മനോഹരമായ കെട്ടിടത്തിനരികെ ശവകുടീരം തീര്‍ത്തുവെന്നുമാണ്.

മനോഹരമായ ഈ കെട്ടിടം രാജാ മാൻസിങ്ങിന്‍റെ കൊട്ടാരമായിരുന്നു. അദ്ദേഹത്തിന്‍റെ ചെറുമകൻ രാജാ ജയ്സിങ്ങിന്‍റെ കൈവശമായിരുന്നു അപ്പോള്‍ കൊട്ടാരമുണ്ടായിരുന്നത്. ഇത് ഷാജഹാൻ ഒരിക്കലും പൊളിച്ച്‌ പണിതിട്ടില്ല, നവീകരിക്കുക മാത്രമാണ് ചെയ്തത് -ഹരജിക്കാരൻ വാദിക്കുന്നു.

താജ്മഹലിനെ കുറിച്ച്‌ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റില്‍ പറയുന്ന കാര്യങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്ന് ഇയാള്‍ വാദിക്കുന്നു. 17 വര്‍ഷമെടുത്താണ് 1648ല്‍ താജ്മഹല്‍ നിര്‍മിച്ചതെന്ന് ഒരിടത്ത് പറയുന്നു. എന്നാല്‍, 1631ല്‍ മുംതാസ് മഹല്‍ മരിച്ചപ്പോള്‍ ആറ് മാസത്തിന് ശേഷം ഇവരുടെ ഭൗതികദേഹം താജ്മഹലിലെ പ്രധാന കുടീരത്തിലേക്ക് കൊണ്ടുപോയെന്ന് പറയുന്നു. ഇത് പരസ്പര വിരുദ്ധമാണെന്ന് ഹരജിയില്‍ പറയുന്നു.

താജ്മഹലിന്‍റെ ശരിയായ പ്രായത്തെ കുറിച്ചും രാജാ മാൻസിങ്ങിന്‍റെ കൊട്ടാരത്തെ കുറിച്ചും പഠിക്കാൻ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് നിര്‍ദേശം നല്‍കണം. രാജാ മാൻസിങ്ങിന്‍റെ കൊട്ടാരത്തെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം. ഇത് നവീകരിച്ചാണ് ഷാജഹാൻ താജ്മഹലാക്കിയത്. ഈ വിവരങ്ങള്‍ ചരിത്രപുസ്തകത്തിലുണ്ട് -ഹരജിക്കാരൻ പറയുന്നു.

ചരിത്രപുസ്തകങ്ങളില്‍ നിന്നും വിവരാവകാശം വഴി ലഭിച്ച വസ്തുതകളില്‍ നിന്നും വെബ്സൈറ്റുകളില്‍ നിന്നും ഉള്‍പ്പെടെ വിവരങ്ങള്‍ ശേഖരിച്ചാണ് താൻ ഹരജി ഫയല്‍ചെയ്തതെന്ന് ഹിന്ദു സേന അധ്യക്ഷൻ പറയുന്നു. താജ്മഹലിന്‍റെ ശരിയായ ചരിത്രം ജനം അറിയേണ്ടതുണ്ട്. ശരിയായ വിവരം ജനങ്ങളെ അറിയിക്കാത്തത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്‍റെയും 19(1)ന്‍റെയും ലംഘനമാണെന്നും ഹരജിക്കാരൻ പറയുന്നു.

കേന്ദ്ര സര്‍ക്കാര്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, നാഷണല്‍ ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യ, യു.പി സര്‍ക്കാര്‍ എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് ഹരജി.

താജ്മഹല്‍ ഹിന്ദു ക്ഷേത്രമാണെന്ന് മുമ്ബ് സംഘപരിവാര്‍ അനുകൂല സ്വയംപ്രഖ്യാപിത ചരിത്രകാരൻ പി.എൻ. ഒാക്ക് വാദിച്ചിരുന്നു. എന്നാല്‍, ഈ വാദങ്ങള്‍ കോടതി തള്ളിയതാണ്. ഹിന്ദു രാജാവാണ് താജ് മഹല്‍ പണിതത് എന്ന അവകാശവാദം അംഗീകരിക്കണമെന്ന ഒാക്കിന്‍റെ ഹരജി 2000ല്‍ സുപ്രീംകോടതി തള്ളിയിരുന്നു.

താജ്മഹലിലെ അടച്ചിട്ട 22 മുറികള്‍ തുറക്കണമെന്ന ഹരജി കഴിഞ്ഞ വര്‍ഷം മേയില്‍ അലഹാബാദ് െെഹകോടതി തള്ളിയിരുന്നു. അടച്ചിട്ട മുറികളില്‍ ഹിന്ദു െെദവങ്ങളുടെ സാന്നിധ്യം പരിശോധിക്കണമെന്ന ആവശ്യവുമായി ബി.ജെ.പിയുടെ സമൂഹമാധ്യമ ചുമതലയുള്ള രജനീഷ് സിങ് ആയിരുന്നു കോടതിയെ സമീപിച്ചത്. ഹരജിക്കാരനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കോടതി ഹരജി തള്ളിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments