തിരുവനന്തപുരം: സപ്ലൈകോയിലെ സാമ്ബത്തിക പ്രതിസന്ധിയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. കോണ്‍ഗ്രസിന്റെ ഷാഫി പറമ്ബിലാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.Notice of Urgent Motion by Opposition on Financial Crisis in Supplyco
സർക്കാർ അവഗണന മൂലം പ്രതിസന്ധിയിലായ സപ്ലൈകോ ജനങ്ങളിലുണ്ടാക്കിയ ആശങ്ക സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. കേന്ദ്ര നിലപാടുകൾ കാരണം സാമ്പത്തിക പ്രയാസം ഉണ്ടായിട്ടുണ്ടെന്നും പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടുകയാണെന്നും മന്ത്രി മറുപടി നൽകി.
പിന്നാലെ പ്രതിപക്ഷവും മന്ത്രിയും തമ്മിൽ സഭയിൽ വാഗ്വാദമുണ്ടായി. അടിയന്തരപ്രമേയത്തിന് അനുമതി ലഭിച്ചില്ല.
കേരളത്തില്‍ ആകെ വിലക്കുറവുള്ളത് മുഖ്യമന്ത്രിക്ക് മാത്രമാണ്. ആള്‍ക്കാരു മാവേലി സ്റ്റോറില്‍ പോകുന്നു. സാധനങ്ങളില്ല, തിരിച്ചു വരുന്നു. വഴിയില്‍ നില്‍ക്കുന്നവര്‍ ചോദിച്ചാല്‍ പറയും മാവേലിയില്‍ പോയിട്ടു വരികയാണെന്ന്. എന്തെങ്കിലും കിട്ടിയോ. ഒന്നും കിട്ടിയില്ല.
ദയവായി മാവേലിയെ പറയിപ്പിക്കുന്നതെങ്കിലും ഒന്നു നിര്‍ത്തണം. മാവേലി സ്റ്റോറിന് കെ വെച്ച് വല്ല പേരും ഇടണമെന്നും ഷാഫി പറമ്ബില്‍ പരിഹസിച്ചു. ആളുകള്‍ക്ക് വലിയ പ്രതീക്ഷയും ഉണ്ടാകില്ല.
മാവേലിയെ പറയിപ്പിക്കുന്നതെങ്കിലും ചുരുങ്ങിയ പക്ഷം നിര്‍ത്താന്‍ പറ്റും. സപ്ലൈകോയ്ക്ക് ധനമന്ത്രി പണം അനുവദിക്കുന്നില്ലെങ്കില്‍ ഭക്ഷ്യമന്ത്രി പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് പോരാടണമെന്നും ഷാഫി പറമ്ബില്‍ ആവശ്യപ്പെട്ടു.
ഏതാനും ചില സബ്സിഡി സാധനങ്ങളുടെ ലഭ്യതയിൽ മാത്രമാണ് കുറവുളളതെന്നായിരുന്നു ഭക്ഷ്യമന്ത്രി ജിആർ അനിലിന്റെ സഭയിലെ മറുപടി. കേരളത്തിലെ ശക്തമായ വിപണി ഇടപെടൽ സംവിധാനം സപ്ലൈകോയാണ്. അവശ്യ സാധന കുറവ് ഏതാനും മാസങ്ങളായി ഉണ്ട്.
ചില്ലറ വിൽപന മേഖലകളിലേക്ക് കുത്തകകൾ വരുന്നു. അതിന്റെ സ്വാധീനത്തിൽ സപ്ലൈകോയെ തകർക്കരുത്. സപ്ലൈകോയെ സംരക്ഷിക്കാൻ സർക്കാർ നടപടി എടുക്കും. സപ്ലൈകോയെ തകർക്കാൻ ശ്രമമുണ്ടെന്നും ജിആർ അനിൽ ആരോപിച്ചു.
സപ്ലൈകോയ്ക്ക് സാമ്പത്തിക പ്രയാസം ഉണ്ടായിട്ടുണ്ട്. കേന്ദ്ര നിലപാടാണ് അതിന് പ്രധാന കാരണം. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെട്ടുകൊണ്ടിരിക്കുക യാണെന്നും മന്ത്രി വ്യക്തമാക്കി.
സപ്ലൈകോയെ തകർക്കാൻ ശ്രമിക്കുന്നത് ഞങ്ങളല്ലെന്ന് ഷാഫി പറമ്പിൽ മറുപടി നൽകി. അവശ്യ സാധനമില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിനെ കഴിഞ്ഞ സമ്മേളനത്തിൽ വെല്ലുവിളിച്ചയാളാണ് മന്ത്രി. ഇപ്പോൾ മന്ത്രി തന്നെ അവശ്യസാധനം ഇല്ലെന്ന് പറയുന്നുവെന്ന് ഷാഫി കുറ്റപ്പെടുത്തി.
പ്രതിപക്ഷം ഓരോ കാര്യങ്ങൾ എഴുതി നൽകുന്നത് കയ്യക്ഷരം നന്നാക്കാനല്ല . സപ്ലൈകോയെ തകർക്കരുതെന്ന് പ്രതിപക്ഷത്തോടല്ല മന്ത്രി പറയേണ്ടതെന്നും ഒപ്പമിരിക്കുന്നവരോടാണെന്നും ഷാഫി പറമ്പിൽ തിരിച്ചടിച്ചു. ബജറ്റിൽ തുക പോരാ എന്ന് ഭക്ഷ്യ മന്ത്രിയുടെ ഭാര്യ വരെ പരാതിപ്പെട്ടുവെന്നാണ് വാർത്തകൾ.
സിപിഐയുടെ കൗൺസിലിലിരിക്കുന്ന സ്വന്തം ഭാര്യയെ പോലും വിശ്വാസത്തിലെടുക്കാൻ മന്ത്രിക്ക് കഴിഞ്ഞില്ലെന്നും ഷാഫി പരിഹസിച്ചു. ചോദ്യത്തിന് ഉത്തരം എഴുതി നൽകുന്ന ഉദ്യോഗസ്ഥരുടെ ആത്മാർത്ഥതയെങ്കിലും മന്ത്രിക്ക് സപ്ലൈകോയോട് വേണം.
ബജറ്റിൽ വകയിരുത്തിയ തുകയിൽ കിട്ടിയ തുക പൂജ്യം എന്ന് പറഞ്ഞത് ഉദ്യോഗസ്ഥരാണ്. സപ്ലെയ്കോക്ക് കുടിശിക 1507 കോടി ഉണ്ടെന്ന് മന്ത്രി തന്നെയാണ് നിയമസഭയിൽ പറഞ്ഞത്.
13 സബ്സിഡി ഇനങ്ങളുടെ വിൽപ്പനയിൽ മാത്രം 862 കോടി കുടിശിക എന്നാണ് ഭക്ഷ്യവകുപ്പ് തന്നെ പറയുന്നതെന്നും ഷാഫി പറഞ്ഞു. ഇതോടെ മാവേലി സ്റ്റോറുകളെ വാമനസ്റ്റോറുകളാക്കിയത് പ്രതിപക്ഷമെന്ന് മന്ത്രി ജി.ആര്‍.അനില്‍ തിരിച്ചടിച്ചു. കുടിശിക മുൻ സർക്കാരിന്റെ കാലത്ത് ഉള്ളത് കൂടിയാണ്.
ഈ സർക്കാർ വന്ന ശേഷം പുതിയ ഔട്ലറ്റുകൾ തുടങ്ങുകയാണ് ചെയ്തത്. കഴിഞ്ഞ രണ്ട് മാസം ആയി ചെറിയ ക്ഷാമം ഉണ്ടെന്നത് ശരിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.