Monday, July 8, 2024
spot_imgspot_img
HomeNewsKerala News'പെരുമ്പാവൂരിലുള്‍പ്പടെ ഇത്തരം ചില കെട്ടിടങ്ങളില്‍ ഞാന്‍ പോയിട്ടുണ്ട്, അവിടെ ഇതുവരെ അപകടങ്ങളുണ്ടാകാത്തത് ഭാഗ്യം കൊണ്ടുമാത്രം';കുവൈറ്റിലുണ്ടായ തീപിടുത്തം...

‘പെരുമ്പാവൂരിലുള്‍പ്പടെ ഇത്തരം ചില കെട്ടിടങ്ങളില്‍ ഞാന്‍ പോയിട്ടുണ്ട്, അവിടെ ഇതുവരെ അപകടങ്ങളുണ്ടാകാത്തത് ഭാഗ്യം കൊണ്ടുമാത്രം’;കുവൈറ്റിലുണ്ടായ തീപിടുത്തം കേരളത്തിലുമുണ്ടാ യേക്കാം,എന്തൊക്കെ മുന്‍കരുതലുകളെടുക്കണമെന്ന് മുരളി തുമ്മാരുകുടി

കൊച്ചി: കുവൈറ്റിലെ ലേബര്‍ ക്യാമ്ബിലുണ്ടായ തീപിടുത്തത്തില്‍ 176 ഓളം പേര്‍ താമസിക്കുന്ന ഫ് ളാറ്റ് സമുച്ചയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പലര്‍ക്കും സാധിച്ചില്ല. 24 മലയാളികള്‍ ഉള്‍പ്പെടെ ആകെ 50 പേരാണ് അപകടത്തില്‍ മരിച്ചത്. Murali Thummarukudi’s Facebook post in the wake of the accident in Kuwait

ഇത്രയും ആളുകളെ ഒരുമിച്ച്‌ താമസിപ്പിച്ചത് അപകടവ്യാപ്തി വര്‍ധിപ്പിച്ചു. കുവൈറ്റിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി മലയാളികള്‍ക്ക് നിര്‍ദ്ദേശവുമായെത്തി.

കേരളത്തിലെ ഫ്ളാറ്റുകളിലും ഇത്തരമൊരു അപകടം ഉണ്ടായാക്കാമെന്നും മുന്‍കരുതല്‍ മറക്കരുതെന്നും അദ്ദേഹം പറയുന്നു. തീപിടിച്ചാല്‍ എന്തുചെയ്യണമെന്നും അപകടവ്യാപ്തി എങ്ങിനെ കുറയ്ക്കാമെന്നും യുഎന്‍ ദുരന്തനിവാരണ വിഭാഗം മുന്‍ തലവന്‍ കൂടിയായ അദ്ദേഹം വിവരിക്കുന്നു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

കുവൈറ്റിലെ ദുരന്തം
കുവൈറ്റിലെ ദുരന്ത വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നു.

ഗ്രൗണ്ട് ഫ്‌ലോര്‍ ഉള്‍പ്പടെ ഏഴു നിലകളാണ് ആ കെട്ടിടത്തിലുള്ളതായി കാണുന്നത്. ഗള്‍ഫില്‍ പലയിടത്തും ഉള്ളത് പോലെ താഴത്തെ നിലയില്‍ ആളുകള്‍ താമസിക്കുന്നതല്ല എന്ന് തോന്നുന്നു.

പത്ര റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ 176 ആളുകളാണ് ആ കെട്ടിടത്തില്‍ താമസിച്ചിരുന്നത്. ഇതുവരെ വന്ന കണക്കനുസരിച്ച്‌ അന്പത് ആളുകളുടെ ജീവനാണ് ഇത് വരെ ഈ ദുരന്തത്തില്‍ നഷ്ടപ്പെട്ടത്. ഏകദേശം നാലില്‍ ഒന്നില്‍ കൂടുതലാളുകള്‍ ആണ് മരണപ്പെട്ടത്.

കെട്ടിടത്തിന് അത്രയധികം ഉയരമില്ലാത്ത സാഹചര്യത്തില്‍ ഇത് വലിയ മരണ ശതമാനമാണ്. തീര്‍ച്ചയായും ആളുകള്‍ക്ക് രക്ഷപ്പെടാന്‍ പലവിധ ബുദ്ധിമുട്ടുകളുണ്ടായിരുന്നു എന്നാണ് ചിന്തിക്കേണ്ടത്. അപകടം, ആളുകളുറങ്ങുന്ന സമയത്തായിരുന്നതിനാല്‍ അഗ്‌നിബാധ ഉണ്ടായത് അറിയാന്‍ വൈകിയതാണ് ഏറ്റവും പ്രധാനമായ കാരണം.

ആളിപ്പടരുന്ന തീയിലൂടെയും പുകയിലൂടെയും താഴേക്ക് വന്നവര്‍ അപകടത്തില്‍ പെട്ടതും, മറ്റു മാര്‍ഗ്ഗമില്ലാതെ താഴേക്ക് എടുത്തുചാടിയവര്‍ക്ക് അപകടം പറ്റിയതുമാണ് നമ്മള്‍ കണ്ടത്.

അപകടകാരണങ്ങള്‍ ആധികാരികമായി പറയാനുള്ള വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. അപകടത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ച കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നതിലൊക്കെ പല വിവരങ്ങളും ഊഹാപോഹങ്ങളും വരുന്നുണ്ടെങ്കിലും അവയെ പറ്റി സംസാരിക്കാനുള്ള സമയമല്ലല്ലോ ഇപ്പോള്‍.

ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറില്‍ അപകടം ഉണ്ടായതിന് ശേഷം അതില്‍ നിന്നുള്ള പാഠങ്ങള്‍ ഞാന്‍ എഴുതിയിരുന്നല്ലോ. അതുപോലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്‌പോള്‍ ഇതിനെ പറ്റിയും എഴുതാം.

ഇത്തരം ഒരു സാഹചര്യത്തില്‍ പെട്ടാല്‍ എങ്ങനെയെങ്കിലും രക്ഷപെടാന്‍ പറ്റുമോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. ഇതത്ര എളുപ്പമുള്ള ചോദ്യമല്ല. കാരണം ഇത് കെട്ടിടത്തിന്റെ ഉയരം, നമ്മള്‍ അഗ്‌നിബാധ ഉണ്ടായ സ്ഥലത്തുനിന്നും എത്ര ദൂരെയാണ്, കെട്ടിടത്തില്‍ സുരക്ഷിതമായി പുറത്തേക്കിറങ്ങാനുള്ള സംവിധാനങ്ങളുണ്ടോ, ആ നാടുകളിലെ അഗ്‌നിശമന-രക്ഷാ സംവിധാനങ്ങള്‍ എത്രമാത്രം കാര്യക്ഷമമാണ് എന്നതിനെയെല്ലാം ആശ്രയിച്ചിരിക്കുന്നു.

ഒരു കാര്യം പൊതുവില്‍ പറയാം. ഇത്തരം അഗ്‌നിബാധകളില്‍ ആളുകള്‍ ചൂടുകൊണ്ട് പൊള്ളലേറ്റ് മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ വിഷപ്പുക ശ്വസിച്ചാണ് മരിക്കുന്നത്. അതുകൊണ്ട് തന്നെ പുക ശ്വസിക്കുന്നത് കുറക്കുക എന്നതിലാണ് ഏറ്റവും ശ്രദ്ധ കൊടുക്കേണ്ടത്.

അഗ്‌നിബാധയെ പറ്റി അറിഞ്ഞാലുടന്‍ ഗോവണിപ്പടിയിലൂടെ താഴെ സുരക്ഷിതമായ സ്ഥലത്തെത്തുക എന്നതായിരിക്കണം ലക്ഷ്യം. ഇങ്ങനെ താഴേക്ക് വരുന്‌പോള്‍ ഏറ്റവും കുനിഞ്ഞു നടക്കുന്നതാണ് പുകയില്‍ നിന്നും രക്ഷപെടാന്‍ കൂടുതല്‍ സുരക്ഷിതം.

രക്ഷപെടാനായി പുറത്തേക്ക് ഓടുന്‌പോള്‍ വീട്ടിലുള്ള ടവല്‍ പോലുള്ള തുണി നനച്ചു മുഖം പൊത്തി അതിലൂടെ ശ്വസിക്കാന്‍ ശ്രമിക്കുന്നതും അപകട സാധ്യത അല്പം കുറയ്ക്കും. അഗ്‌നിബാധ ഉണ്ടാകുന്ന കെട്ടിടത്തില്‍ അകപ്പെട്ടാല്‍ ചെയ്യേണ്ട മറ്റു കാര്യങ്ങളെല്ലാം ഓരോ കെട്ടിടവും അനുസരിച്ച്‌ മാറുന്നതിനാല്‍ ഇപ്പോള്‍ പറയുന്നില്ല.

എന്നാല്‍ എപ്പോഴും പറയുന്നത് പോലെ അപകടം വരാതെ നോക്കലാണ് ഏറ്റവും പ്രധാനം. ഫ്‌ളാറ്റുകളിലെ സുരക്ഷയില്‍ രണ്ടു പ്രശ്‌നങ്ങളുണ്ട്. ഒന്ന് ഫ്‌ലാറ്റുകള്‍ നിര്‍മ്മിക്കുന്നത് നമ്മളല്ലാത്തതിനാല്‍ തന്നെ ആ ഫ്‌ലാറ്റുകള്‍ എങ്ങനെയാണോ നിര്‍മ്മിച്ചിരിക്കുന്നത് അതനുസരിച്ചുള്ള സുരക്ഷ മാത്രമേ നമുക്ക് ഉണ്ടാക്കാന്‍ സാധിക്കൂ.

ഫ്‌ലാറ്റുകള്‍ വാങ്ങുന്നതിന് മുന്‍പ്, അല്ലെങ്കില്‍ വാടകക്ക് എടുക്കുന്നതിന് മുന്‍പ് അവിടുത്തെ സുരക്ഷാ സംവിധാനങ്ങളും കണക്കിലെടുക്കുക. ഫ്‌ലാറ്റ് ആണെങ്കിലും ഹോട്ടല്‍ മുറികള്‍ ആണെങ്കിലും രണ്ടാമത്തെ ഫ്‌ലോറിനും എട്ടാമത്തെ ഫ്‌ലോറിനും ഇടക്ക് ഉള്ളതാണ് കൂടുതല്‍ സുരക്ഷിതം (ഇത്തവണ കുവൈറ്റില്‍ താഴത്തെ നിലയിലുള്ളവര്‍ക്കാണ് കൂടുതല്‍ അപകടം പറ്റിയതെന്ന് മറക്കുന്നില്ല).

രണ്ടാമത്തേത് മറ്റു ഫ്‌ലാറ്റുകളിലുള്ളവര്‍ സുരക്ഷ കുറക്കുന്ന എന്തെങ്കിലും പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ടോ എന്ന് കണ്ടെത്താന്‍ നമുക്ക് സാധിക്കില്ല. പക്ഷെ ഒരു ഫ്‌ലാറ്റില്‍ താമസിക്കുന്‌പോള്‍ ഒരാളോ ഒരു സ്ഥാപനമോ സുരക്ഷിതമല്ലാതെ പെരുമാറിയാല്‍ എല്ലാവരും കുഴപ്പത്തിലാകും എന്നതുകൊണ്ട് തന്നെ എല്ലാവരുടെയും സുരക്ഷ ബോധം വര്‍ദ്ധിപ്പിക്കേണ്ടത് നമ്മുടെ സുരക്ഷക്ക് അത്യാവശ്യമാണ്.

നമ്മുടെ ഫ്‌ലാറ്റ് പരമാവധി സുരക്ഷിതമാക്കുക, പൊതുവായ സ്ഥലങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുക, ഫയര്‍ എസ്‌കേപ്പുകളില്‍ അനാവശ്യവസ്തുക്കള്‍ കൂട്ടിയിടാതിരിക്കുക, പുറത്തേക്കുള്ള വാതിലുകള്‍ തുറക്കാനാവാത്ത വിധം പൂട്ടിയിടാതിരിക്കുക, അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ സ്ഥിരമായി പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.

വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഫയര്‍ ഡ്രില്‍ നടത്താന്‍ ഫ്‌ലാറ്റ് മാനേജ് ചെയ്യുന്ന കമ്മിറ്റിയില്‍ സമ്മര്‍ദ്ദം ചെലുത്തുക, ഫയര്‍ ഡ്രില്ലുകള്‍ സീരിയസ് ആയി എടുക്കുക ഇവയൊക്കെ നമ്മള്‍ ചെയ്യണം. കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ താഴെ ലിങ്കില്‍ ഉണ്ട്.

ഉയര്‍ന്ന നിലകളുള്ള കെട്ടിടങ്ങള്‍ കേരളത്തില്‍ ഓരോ ദിവസവും കൂടി വരികയാണ്. സുരക്ഷാബോധം ആകട്ടെ ഒട്ടും കൂടുന്നുമില്ല. നൂറിലേറെ ഫ്‌ലാറ്റുകളും മുന്നൂറില്‍ കൂടുതല്‍ താമസക്കാരുമുള്ള ഒരു ഫ്‌ലാറ്റില്‍ ഒരിക്കല്‍ സുരക്ഷയില്‍ ട്രെയിനിങ് കൊടുക്കാന്‍ പോയപ്പോള്‍ അവിടെ ആകെയുണ്ടായിരുന്നത് ഞാന്‍ ഉള്‍പ്പടെ ആറു പേരാണ്.

അതില്‍ മൈക്ക് കൈകാര്യം ചെയ്യുന്ന ആളും കമ്മിറ്റി പ്രസിഡന്റും ഒഴിച്ചാല്‍ പിന്നെ ബാക്കി എത്ര പേര്‍ ഉണ്ടായിരുന്നു എന്ന് ചിന്തിക്കാമല്ലോ. കേരളത്തില്‍ ഉയര്‍ന്ന കെട്ടിടത്തില്‍ ഒരപകടം ഉണ്ടാകുന്നത് വരെ ഇത് തുടരും.

തൊഴിലാളികള്‍, പ്രത്യേകിച്ചും ആണുങ്ങള്‍ മാത്രം താമസിക്കുന്ന ലേബര്‍ ക്യാന്പ് പോലുള്ള ഒരു കെട്ടിടത്തിലാണ് ഇപ്പോള്‍ അപകടമുണ്ടായത്. ഇത്തരം കെട്ടിടങ്ങള്‍ ഇപ്പോള്‍ കേരളത്തിലും ധാരാളമുണ്ട്, പെരുന്പാവൂരിലുള്‍പ്പടെ. ഇത്തരം ചില കെട്ടിടങ്ങളില്‍ ഞാന്‍ പോയിട്ടുണ്ട്. അവിടെ ഇതുവരെ അപകടങ്ങളുണ്ടാകാത്തത് ഭാഗ്യം കൊണ്ടുമാത്രമാണ്. ആ ഭാഗ്യം എപ്പോഴും നമ്മുടെ കൂടെ ഉണ്ടാകണമെന്നില്ല.

ഫ്‌ളാറ്റുകളിലെ സുരക്ഷയെ കുറിച്ച്‌ പണ്ടൊരിക്കല്‍ മാതൃഭൂമിയുമായി ചേര്‍ന്ന് ഒരു കൈപ്പുസ്തകം എഴുതിയിരുന്നു. ഇംഗ്‌ളീഷിലും മലയാളത്തിലും. ഈ വിഷയത്തില്‍ താല്പര്യമുള്ളവര്‍ ഇത് ഒരിക്കല്‍ കൂടി വായിച്ചു നോക്കണം. ഫ്‌ലാറ്റുകളില്‍ താമസിക്കുന്ന സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുകയും വേണം

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments