Monday, July 8, 2024
spot_imgspot_img
HomeNewsഒരേതൂവൽ പക്ഷികളായി സഹകരണ ബാങ്ക് തട്ടിപ്പുകൾക്ക് നേതൃത്വം നൽകി നേതാക്കൾ; കരുവന്നൂരിന് പിന്നാലെ കണ്ടലയും,പുൽപ്പള്ളിയും, സി...

ഒരേതൂവൽ പക്ഷികളായി സഹകരണ ബാങ്ക് തട്ടിപ്പുകൾക്ക് നേതൃത്വം നൽകി നേതാക്കൾ; കരുവന്നൂരിന് പിന്നാലെ കണ്ടലയും,പുൽപ്പള്ളിയും, സി പി എമ്മിന് പിന്നാലെ വെട്ടിലായി, സി പി ഐ യും കോൺഗ്രസും

തിരുവനന്തപുരം: സംസ്ഥാനത്ത് പാർട്ടി ഭേദമെന്യേ സഹകരണ ബാങ്ക് തട്ടിപ്പുകൾക്ക് നേത്യത്വം നൽകുന്ന നടപടി വർദ്ധിക്കുകയാണ്. കരുവന്നൂർ സഹകരണ ബാങ്ക് വൻ തട്ടിപ്പു കേസിനു പിന്നാലെ കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പ് കേസും കടുത്ത നടപടിയിൽ എത്തിയിരിക്കുകയാണ്. ഇതോടെ സി പി എമ്മിന് പിന്നാലെ സി പി ഐ യും വെട്ടിലായിരിക്കുകയാണ്.

മാത്രമല്ല പുൽപള്ളി സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടു ബാങ്ക് മുൻ പ്രസിഡന്റും കെപിസിസി മുൻ ജന.സെക്രട്ടറിയുമായ കെ.കെ.ഏബ്രഹാമിനെ ഇ.ഡി. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതോടെ യു ഡി എഫും വെട്ടിലായി. യുഡിഎഫ് നിയന്ത്രണത്തിലുള്ള  ബാങ്കിൽ വായ്പ ഇടപാടിൽ 8.64 കോടി രൂപയുടെ വെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് കേസ്

അതേസമയം കണ്ടല സഹകരണ ബാങ്കിൽ 100 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പില്‍ ആരോപണ വിധേയനായ സിപിഐ നേതാവും ബാങ്ക് മുന്‍ പ്രസിഡന്‍റുമായ എസ്. ഭാസുരാംഗനെ ഒരു വര്‍ഷമായി സംരക്ഷിച്ച പാര്‍ട്ടിയും കൈവിട്ടിരിക്കുകയാണ്.

ഭാസുരാംഗനെതിരെ നടപടി കടുപ്പിച്ചതോടെയാണ് ഏറെ നാളായി യാതൊരു നടപടിയുമെടുക്കാത്ത സിപിഐ ഇപ്പോള്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. തൃശൂരിൽ കരുവന്നൂർ സഹകരണ ബാങ്ക് വിഷയത്തിൽ സിപിഎം പ്രതിസന്ധിയിലായെങ്കിൽ അതേ അവസ്ഥയാണ് ഇപ്പോള്‍ സിപിഐയും നേരിടുന്നത്. ഭാസുരാംഗനെ സിപിഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കികൊണ്ടാണ് നടപടി.

അതേസമയം, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡിയുടെ പരിശോധന മണിക്കൂറുകളോളം തുടര്‍ന്നു. പൂജപ്പുരയിലെ ഭാസുരാംഗന്‍റെ വീട്ടിലെ പരിശോധനക്കുശേഷം കണ്ടലയിലെ വീട്ടിലും പരിശോധന നടന്നു.  ചോദ്യം ചെയ്യലിനിടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം ഉണ്ടായി.ഭാസുരാംഗനെ ഇഡി ഉദ്യോഗസ്ഥര്‍ ആദ്യം കണ്ടല സഹകരണ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം വിദഗ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

ഭാസുരാംഗൻ പ്രസിഡന്‍റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. 30 വര്‍ഷത്തോളം കണ്ടല സഹകരണ ബാങ്ക് പ്രസിഡന്‍റ് സ്ഥാനത്തിരുന്ന സിപിഐ നേതാവ് ഭാസുരാഗന്‍റെ നേതൃത്വത്തിൽ കോടിക്കകണക്കിന് രൂപയുടെ ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈയിടെ ഭരണ സമിതി രാജിവച്ച് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലായി. കണ്ടല ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സഹകരണ രജിസ്ട്രാര്‍ രണ്ടാഴ്ച മുൻപ് ഇഡിക്ക് കൈമാറിയിരുന്നു.

ഉന്നത നേതാക്കളുമായുള്ള ബന്ധമാണു വലിയ തട്ടിപ്പ് നടത്താൻ ഭാസുരാംഗനെ സഹായിച്ചതെന്നു സിപിഐയിൽ ആക്ഷേപമുണ്ട്. നേതാക്കൾക്ക് ഭാസുരാംഗൻ മാസപ്പടി നൽകിയിരുന്നതായി ആരോപണമുണ്ട്.

യുഡിഎഫ് നിയന്ത്രണത്തിലുള്ള പുൽപള്ളി സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട്ചൊവ്വ രാവിലെ കസ്റ്റഡിയിലെടുത്ത ഏബ്രഹാമിനെ ഇന്നലെ ഉച്ചയോടെയാണ് അറസ്റ്റ് ചെയ്തത്. യുഡിഎഫ് നിയന്ത്രണത്തിലുള്ള ബാങ്കിൽ വായ്പ ഇടപാടിൽ 8.64 കോടി രൂപയുടെ വെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് കേസ്.

തട്ടിപ്പിനിരയായ കർഷകൻ കേളക്കവല ഇടയിലാത്ത് രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്തതോടെ പ്രതിഷേധം വ്യാപകമാകുകയായിരുന്നു. ഇതേ തുടർന്ന് ബാങ്ക് പ്രസിഡന്റായ കെ.കെ.ഏബ്രഹാമിനെയും സെക്രട്ടറി കെ.ടി. രമാദേവിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഈ കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് ഇ.ഡിയുടെ അറസ്റ്റ്. അറസ്റ്റിലായ ഇടനിലക്കാരൻ കൊല്ലപ്പള്ളി സജീവൻ ഇപ്പോഴും റിമാൻഡിലാണ്. 10 പേർക്കെതിരെ തലശ്ശേരി വിജിലൻസ് കോടതിയിലും കേസുണ്ട്. ബാങ്കില്‍ ഒന്നും രണ്ടും ലക്ഷം രൂപ വായ്പ എടുത്തവരുടെ രേഖ തരപ്പെടുത്തി 25 ലക്ഷം രൂപയും അതിലധികവും വായ്പ എടുത്ത് പ്രതികള്‍ തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. പൊലീസ് അറസ്റ്റ് ചെയ്തതോടെയാണു കെ.കെ.ഏബ്രഹാം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചത്.

അതേസമയം കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസില്‍ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുകയാണ്.  സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്  ഇ ഡി നോട്ടീസ് അയച്ചു. കള്ളപ്പണ കേസിലെ ഉന്നത ഇടപെടലിൽ അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തിൽ ഇഡി വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ സിപിഎം നേതാവിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസില്‍ രണ്ടാം ഘട്ട അന്വേഷണം ആരംഭിച്ചതോടെയാണ് ഇഡി സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസില്‍ കൂടുതല്‍ ഉന്നതര്‍ക്കെതിരെ അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് വിവരം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments