Monday, July 8, 2024
spot_imgspot_img
HomeNewsകേരളപ്പിറവിയോട് അനുബന്ധിച്ച് തലസ്ഥാന നഗരിയില്‍ കളറായി കേരളീയം;പ്രതിസന്ധികള്‍ക്കിടെ കേരളീയം ധൂർത്താണെന്ന് പ്രതിപക്ഷം

കേരളപ്പിറവിയോട് അനുബന്ധിച്ച് തലസ്ഥാന നഗരിയില്‍ കളറായി കേരളീയം;പ്രതിസന്ധികള്‍ക്കിടെ കേരളീയം ധൂർത്താണെന്ന് പ്രതിപക്ഷം

കൊച്ചി: കേരളപ്പിറവിയോട് അനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ച കേരളീയം പരിപാടിക്ക് അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സാമൂഹിക വികാസത്തിലും വ്യാവസായിക മുന്നേറ്റത്തിലും നൂതനവിദ്യ രംഗത്തുമെല്ലാം സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്തിനുള്ള  വേദിയാണ് കേരളീയം എന്നാണ് വിലയിരുത്തല്‍.

ഇനി എല്ലാ വർഷവും കേരളീയം സംഘടിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിന് എല്ലാ രംഗത്തും തനതായ വ്യക്തിത്വം ഉണ്ട്. കേരളീയതയിൽ അഭിമാനിക്കുന്ന മനസ് കേരളയീർക്ക് ഉണ്ടാകണമെന്നും തിരുവനന്തപുരത്തെ മുഖമുദ്രയുള്ള ആഘോഷമായി കേരളീയം മാറുമെന്നും അദ്ദേഹം പറഞ്ഞു. പല കാര്യത്തിലും കേരളം മുന്നിലാണെന്ന കാര്യം ഉയർത്തിക്കാട്ടാൻ നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുന്നതിനായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തി.എംഎ യൂസഫലി, രവി പിള്ള തുടങ്ങിയ വ്യവസായ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

അതേസമയം, കേരളത്തിൻറെ പ്രത്യേകത അത്രയധികം സവിശേഷമായതാണെന്നും, കേരള മോഡല്‍ വികസനം തന്നെ രാഷ്ട്രീയമായി സ്വാധീനിച്ചെന്നും ഉലക നായകൻ കമല്‍ ഹാസനും, കേരളത്തിന്റെ സാഹോദര്യം ലോകത്തിന് താനെ മാതൃകയാണെന്ന് മമ്മൂട്ടിയും, കേരളീയത്തിലേക്ക് വരാനായതില്‍ അഭിമാനം തോന്നുന്നുവെന്ന് മോഹൻലാലും ശോഭനയും കേരളീയം ഉദ്‌ഘാടന വേദിയില്‍ വെച്ച്‌ പറഞ്ഞു.

കേരളീയം വേദിയില്‍ മുഖ്യമന്ത്രിയും ഉലകനായകനും മലയാളത്തിന്റെ ബിഗ് ‘എം’സും ഒന്നിച്ച്‌ എടുത്ത സെല്‍ഫി സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

എന്നാൽ കേരളം നേരിടുന്ന പ്രതിസന്ധികള്‍ക്കിടെ കേരളീയം പരിപാടി ധൂർത്താണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കോടികളുടെ കടക്കെണിയില്‍ നിൽക്കുമ്പോഴാണ് ധൂർത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കോടികൾ ചെലവഴിച്ചാണ് പരിപാടി നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ക്ഷേമ പെൻഷൻ മുടങ്ങി. സപ്ലൈകോയും കെഎസ്ആർടിസിയും പ്രതിസന്ധിയിലാണ്. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയും പ്രതിസന്ധിയിലാണ്.

കിറ്റ് കൊടുത്തതിന്റെ പണം നൽകാനുണ്ട്. വൈദ്യുതി ബോർഡിൽ അഴിമതിയാണ്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ലാഭത്തിലാക്കിയ ബോർഡ് ഇപ്പോൾ നഷ്ടത്തിലാണ്. അന്നത്തെ കരാർ റദ്ദാക്കി ഇപ്പോൾ പുനഃസ്ഥാപിക്കേണ്ടി വന്നു. കെഎസ്ഇബിക്ക് നാൽപ്പതിനായിരം കോടിയിലധികം രൂപയുടെ ബാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ലൈഫ് മിഷൻ 700 കോടി രൂപയുടെ പദ്ധതിയാണ് എന്നാൽ ഈ വർഷം ആകെ നൽകിയത് 17 കോടി രൂപ മാത്രമാണ്. ഒൻപത് ലക്ഷം പേർ വീട് കാത്തിരിക്കുന്നു. കരുവന്നൂർ, കണ്ടല ബാങ്കുകൾ തകർന്നു. പൊലീസ് വാഹനങ്ങൾ ഓടുന്നില്ല. ഡീസൽ അടിച്ചതിന്റെ തുക നൽകിയിട്ടില്ല. ഭയാനകമായ ധന പ്രതിസന്ധിയുള്ളപ്പോൾ ആണ് 27 കോടി ചെലവഴിച്ച് കേരളീയം നടത്തുന്നത്. ഇതാണോ പ്രയോരിറ്റി എന്നും വി ഡി സതീശൻ ചോദിച്ചു.

തിരുവനന്തപുരം നഗരം മുഴുവൻ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബോർഡ് വെച്ച് പരിപാടി നടത്തുന്നു. മുഖ്യമന്ത്രി എങ്ങനെയാണ് പാവങ്ങൾക്കൊപ്പം ആകുന്നത്. 40 വാഹനങ്ങളും 1000 പോലീസുകാരെയും ഉപയോഗിച്ചാണ് സഞ്ചരിക്കുന്നത്- വി ഡി സതീശൻ പറഞ്ഞു.

‘നാം ഒന്നായി നേടിയ വിജയം’ എന്ന വായ്ത്താരി മുഴക്കിയശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വച്ച് ഈ നേട്ടങ്ങളെല്ലാം തന്റേതാക്കുന്ന കൗശലം ജനങ്ങള്‍ തിരിച്ചറിയുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പ്രചാരണങ്ങളില്‍ നിന്ന് സഹമന്ത്രിമാരെ വരെ പുറത്താക്കി ‘ഞാനും പിന്നെ ഞാനും എന്റെ മുഖവും’ എന്ന പിണറായിയുടെ ധാര്‍ഷ്ട്യത്തിനെതിരേ ശബ്ദമുയര്‍ത്താന്‍ പോലും കഴിയാത്ത അടിമക്കൂട്ടങ്ങളാണ് ഇടതുമന്ത്രിമാരെന്നും സുധാകരന്‍ പറഞ്ഞു.

പിണറായിയുടേതെന്നു പ്രചരിപ്പ 70ലധികം നേട്ടങ്ങളില്‍ ഒന്നും പോലും സ്വന്തമല്ല എന്നതാണ് വാസ്തവം. കോടികള്‍ ചെലവാക്കിയ പരസ്യങ്ങളിലൂടെ പിണറായി വെറും കുമിളയാണെന്ന വസ്തുത ജനങ്ങള്‍ക്ക് ബോധ്യമായി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെയും മുന്‍ സര്‍ക്കാരുകളുടെയും നേട്ടങ്ങള്‍ തന്റേതാക്കി പ്രചരിപ്പിക്കുന്ന പിണറായിയുടെ തൊലിക്കട്ടി സമ്മതിച്ചു കൊടുക്കണം. വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതി ആരോപിക്കുകയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഈ പദ്ധതിയില്‍ ജുഡീഷ്യല്‍ അന്വേഷണവും വിജിലന്‍സ് അന്വേഷണവും നടത്തിച്ച മഹാനാണ് ഇപ്പോള്‍ ഈ പദ്ധതി തന്റേതാക്കി അവതരിപ്പിച്ചത്-സുധാകരന്‍ പറഞ്ഞു.

ഏഴ് ദിവസങ്ങളിലായി തെരുവു വേദികളിൽ ഉൾപ്പെടെ 44 വേദികളിലായാണ് കേരളീയം നടക്കുന്നത്. കലാ-സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യ മേളകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ തുടങ്ങി നിരവധി ഇനങ്ങളാണ് സർക്കാർ കേരളീയം 2023ൽ ഒരുക്കിയിരിക്കുന്നത്. നിയമസഭാ പുസ്തകോത്സവത്തിനും ഇന്ന് തുടക്കമാകും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments