Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsജോര്‍ജ് കുര്യന്റെ കേന്ദ്രമന്ത്രി സ്ഥാനം, ബിജെപിയുടെ കടന്നുകയറ്റം, നിലവിലെ രാഷ്ട്രീയ സാഹചര്യം;കോട്ടയത്തും കരുതല്‍ ആവശ്യം, ജോസ്...

ജോര്‍ജ് കുര്യന്റെ കേന്ദ്രമന്ത്രി സ്ഥാനം, ബിജെപിയുടെ കടന്നുകയറ്റം, നിലവിലെ രാഷ്ട്രീയ സാഹചര്യം;കോട്ടയത്തും കരുതല്‍ ആവശ്യം, ജോസ് കെ മാണിക്കായുള്ള സിപിഎമ്മിന്റെ വിട്ടുവീഴ്ചയ്ക്ക് പിന്നില്‍..

തിരുവനന്തപുരം: രാജ്യസഭാ സീറ്റില്‍ സിപിഎം വിട്ടു വീഴ്ച ചെയ്തതോടെ ജോസ് കെ മാണിക്ക് കേരള കോൺഗ്രസ് എമ്മിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കാന്‍ വീണ്ടും അവസരം ലഭിച്ചിരിക്കുകയാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യവും ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുമെല്ലാം പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നാണ് പൊതുവേ വിലയിരുത്തല്‍.

എന്നാല്‍ ഇതിന് പിന്നിലുള്ള അടിയോഴുക്കുകളെക്കുറിച്ചും ഒളിഞ്ഞും തെളിഞ്ഞും സംസാരമുണ്ട്. ചില മധൃസ്ഥ ശ്രമങ്ങൾ നടന്നതായും പറയപ്പെടുന്നു. അതിലുപരി കേരള കോണ്‍ഗ്രസ് എമ്മിനെ പാര്‍ട്ടിയില്‍ പിടിച്ചു നിര്‍ത്തേണ്ട ആവശ്യവും പരിഗണിക്കേണ്ടതുണ്ട്.

കേരളത്തില്‍ ബിജെപിയുടെ തേരോട്ടത്തിന് തുടക്കം കുറിച്ചിരിക്കെ അത് തടയേണ്ടതും ആവശ്യമായി വന്നിരിക്കുകയാണ്. പ്രത്യേകിച്ച് കോട്ടയത്ത് നിന്ന് ഒരു ബിജെപി നേതാവ് കേന്ദ്രമന്ത്രിയായത് കണക്കിലെടുക്കേണ്ടിയിരിക്കുന്നു.

ജോര്‍ജ് കുര്യന്റെ കേന്ദ്രമന്ത്രി സ്ഥാനം കോട്ടയത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ വഴിത്തിരിവുകള്‍ക്ക് സാധ്യത കൂട്ടുകയാണ്. കാരണം ന്യൂനപക്ഷ മന്ത്രിയെന്ന നിലയില്‍ ക്രൈസ്തവ സഭാ മേലക്ഷ്യക്ഷന്മാര്‍ ഉള്‍പ്പെടെ ബിജെപിയിലേക്ക് ചായാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് സിപിഎം വിട്ടു വീഴ്ചയ്ക്ക് പിന്നിലെന്നാണ് സൂചന.

തൃശൂരില്‍ സുരേഷ്ഗോപിയുടെ വിജയത്തിന് പിന്നില്‍ ക്രൈസ്തവ വോട്ടുകളാണെന്നതിനാല്‍ കൂടുതല്‍ കരുതല്‍ കോട്ടയത്തും ആവശ്യമായിരിക്കുകയാണ്.അതിനാല്‍ കേരള കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് കൊടുത്ത് ജോസ് കെ മാണിയുടെയും കൂട്ടരുടെയും ആവശ്യം അംഗീകരിച്ചതില്‍ തെറ്റില്ലെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍.

സിപിഎമ്മിൻ്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകിക്കൊണ്ടാണ് വിട്ടുവീഴ്ച ചെയ്തത്. നേരത്തെ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കണമെന്ന് സിപിഐ ആയുള്ള ചര്‍ച്ചയില്‍ സിപിഐഎം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം അംഗീകരിക്കാന്‍ സിപിഐ തയ്യാറായില്ല. ഇതോടെയാണ് തങ്ങളുടെ സീറ്റ് വിട്ടുനല്‍കി പ്രശ്‌നം അവസാനിപ്പിക്കാന്‍ തയ്യാറായത്.

ഒഴിവുള്ള മൂന്ന് സീറ്റിൽ മുന്നണിക്ക് ഉറപ്പുള്ളത് രണ്ട് സീറ്റാണ്. അതിൽ ഒന്നിലാണ് കേരള കോൺഗ്രസ് എം മത്സരിക്കുക. അവശേഷിക്കുന്ന സീറ്റിൽ സിപിഐ സ്ഥാനാര്‍ത്ഥി മത്സരിക്കും. ജോസ് കെ മാണിയാണ് കേരള കോൺഗ്രസ് എമ്മിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുക. രാജ്യസഭാ സീറ്റിൽ അവകാശ വാദം ഉന്നയിച്ച ആര്‍ജെ‍ഡി കടുത്ത വിമ‍ര്‍ശനമാണ് ഉന്നയിച്ചത്.

കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയില്‍ പിടിച്ചു നിര്‍ത്തണം എന്ന നിര്‍ബന്ധം സിപിഐഎമ്മിനുണ്ടായിരുന്നു. ലോക്‌സഭയില്‍ ഉണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ടതോടെ രാജ്യസഭ സീറ്റിന് മേല്‍ മാണി ഗ്രൂപ്പ് പിടിവാശി പിടിക്കുകയായിരുന്നു.

ഒരു ക്യാബിനറ്റ് പദവി നല്‍കാമെന്ന് സിപി ഐഎം വാഗ്ദാനം ചെയ്‌തെങ്കിലും മാണി ഗ്രൂപ്പ് സ്വീകരിച്ചിരുന്നില്ല. അതോടെയാണ് സീറ്റ് വിട്ടുകൊടുക്കാന്‍ സിപിഐഎം തയ്യാറായത്.

മധ്യകേരളത്തിൽ തെരഞ്ഞെടുപ്പുകളിൽ ഇടതിന് വിജയിക്കണമെങ്കിൽ ഭദ്രമായ ക്രൈസ്തവ അടിത്തറയുള്ള മാണിഗ്രുപ്പിനെ കൂടെ നിർത്തണമെന്ന വീണ്ടു വിചാരവും സിപിഎമ്മിനുണ്ടായി. ഇതുകൂടാതെ കോൺഗ്രസ് നേതാക്കളിൽ പലരും മാണിഗ്രൂപ്പിനെ യുഡിഎഫിലേക്ക് ക്ഷണിക്കുന്ന കാഴ്ചകളും സിപിഎമ്മിനെ ചിന്തിപ്പിച്ചു.

ഇടക്ക് ചില മാണിഗ്രൂപ്പ് അനുകൂല സോഷൃൽ മീഡിയകൾ വഴി ജോസ് കെ മാണിയെ എൻഡിഎയിലേക്ക് ക്ഷണിച്ചുവെന്ന ആസൂത്രിത പ്രചരണ സൃഷ്ടിച്ചതും ഫലം കണ്ടു. കേരളാ കോൺഗ്രസിന് ബിജെപി ഉൾപ്പെടെ ഏതു മുന്നണിയിലും ചേരാമെന്ന സാഹചരൃം എപ്പോഴം മുന്നണി രാഷ്ട്രീയത്തിൽ അവർക്കു മാത്രമുള്ള അനുകൂല ഘടകമാണ്.

എന്തായാലും ജോസ് കെ മാണിയുടെ രാജ്യസഭാ കലാവധി കഴിയും വരെ ഇടത് മുന്നണിക്ക് ആശ്വസിക്കാം. അവരെ മുന്നണിയിൽ സീറ്റ് കൊടുത്ത് കെട്ടിയിടാൻ കഴിഞ്ഞതിൽ!.

എൽഡിഎഫ് യോഗത്തിൽ രാജ്യസഭാ സീറ്റായിരുന്നു പ്രധാന അജണ്ട. സഖ്യ കക്ഷികൾ അവകാശ വാദം ഉന്നയിച്ചപ്പോൾ തര്‍ക്കത്തിന് നിൽക്കുന്നില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങളുടെ സീറ്റ് വിട്ടുകൊടുക്കുന്നതായി വ്യക്തമാക്കുകയായിരുന്നു. 

പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ എടുക്കുന്ന തീരുമാനമെന്ന് ഇപി ജയരാജൻ വിശദീകരിച്ചു. ഘടകക്ഷികൾ നല്ലപോലെ സഹകരിച്ച് മുന്നോട്ട് പോവുകയാണെന്ന് ഇപി പറഞ്ഞു. സിപിഎം അതിന്റെ ഉയർന്ന നിലവാരം കാണിക്കുന്നുവെന്നും മുന്നണിയെ മുന്നോട്ട് നയിക്കാൻ പോകുന്ന രാഷ്ട്രീയ നിലപാട് ആണ് എടുത്തതെന്നും ഇപി ജയരാജൻ വിശദീകരിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments