Thursday, May 2, 2024
spot_imgspot_img
HomeNewsIndiaഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ കപ്പലിൽ നിന്നും വിട്ടയക്കപ്പെട്ട മലയാളി യുവതിയുടെ മോചനം ആഘോഷമാക്കി ബിജെപി

ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ കപ്പലിൽ നിന്നും വിട്ടയക്കപ്പെട്ട മലയാളി യുവതിയുടെ മോചനം ആഘോഷമാക്കി ബിജെപി

കോട്ടയം: ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ചരക്ക് കപ്പലിൽ നിന്നും വിദേശകാരൃവകുപ്പിന്റെ നയതന്ത്രം വഴി വിട്ടയക്കപ്പെട്ട ജീവനക്കാരി ആൻ ടെസ ജോസഫിന്റെ മോചനം ആഘോഷമാക്കി ബിജെപി. കോട്ടയം കൊടുങ്ങൂരിലെ വീട്ടിലെത്തിയ ആൻ ടെസക്ക് ആഘോഷപൂർണമായ സ്വീകരണമാണ് ബിജെപി നേതാക്കൾ നല്കിയത്. തെരഞ്ഞെടുപ്പ് കാലത്ത് തങ്ങളുടെ സർക്കാരിന്റെ നയതന്ത്ര വിജയമായിട്ടാണ് ബിജെപി ആൻ ടെസയുടെ മോചനത്തെ പ്രചരിപ്പിക്കുന്നത്.

ആൻ ടെസ ജോസഫ് വാഴൂരിലെ വീട്ടിലെത്തിയപ്പോൾ സ്വീകരിക്കാനായി ബിജെപി മധ്യമേഖലാ പ്രസിഡണ്ട് എൻ ഹരി, വൈസ് പ്രസിഡണ്ട് വി എൻ മനോജ് വാഴൂർ പഞ്ചായത്ത് പ്രസിഡണ്ട് ഹരികുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.കഴിഞ്ഞ ദിവസം എൻ ഹരിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭാരവാഹികൾ ആൻ ടെസയുടെ വീട് സന്ദർശിക്കുകയും തൃശൂർ മന്ധലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിക്ക് വീഡിയോ കോളിൽ ആൻ ടെസയുടെ മാതാപിതാക്കളുമായി സംസാരിക്കാൻ അവസരമൊരുക്കിയിരുന്നു.ആൻ ടെസയുടെ മോചനം വേഗത്തിലാക്കാൻ സഹായിക്കുമെന്ന് സുരേഷ് ഗോപി അവർക്ക് വാക്കു നല്കിയിരുന്നു.

‘എനിക്ക് ഒരുപാട് പേരോട് നന്ദി പറയാനുണ്ട്. വിദേശകാര്യ മന്ത്രാലയം നേരിട്ട് ഇടപെട്ടിട്ടാണ് ഇത്ര പെട്ടെന്ന് മോചനം സാധ്യമായത്. അവര് മാത്രമല്ല, ഞാന്‍ കാണാത്തതും എനിക്കറിയാത്തതുമായ ഒരുപാട് പേര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു.’ – കോട്ടയത്തെ പുതിയ വീട്ടിലെത്തിയ ആന്‍ ടെസ മാധ്യമങ്ങളോട് പറഞ്ഞു.

‘ഇങ്ങനെയൊരു സംഭവം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അവരുടെ ഭാഗത്ത് നിന്ന് നല്ല സഹകരണമാണ് ഉണ്ടായത്. കപ്പല്‍ പിടിച്ചെടുത്തെങ്കിലും അതിലെ ജീവനക്കാര്‍ക്ക് യാതൊരു പ്രശ്‌നങ്ങളുമില്ലായിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തിലും ഒരു കുഴപ്പവുമില്ലായിരുന്നു. മെസ്സില്‍ നിന്ന് ഭക്ഷണം ഉണ്ടാക്കാം. കഴിച്ച ശേഷം തിരികെ ക്യാബിനിലേക്ക് പോകാന്‍ അവര്‍ പറയും അത്രയേ ഉള്ളൂ.’ -ഇറാന്‍ പിടിച്ചെടുത്ത ശേഷമുള്ള കപ്പലിലെ അനുഭവം ആന്‍ മാധ്യമപ്രവര്‍ത്തകരോട് പങ്കുവെച്ചു.

‘അവര്‍ ജീവനക്കാരെ ഉപദ്രവിക്കുകയൊന്നും ചെയ്തില്ല. രാജ്യങ്ങള്‍ തമ്മിലാണല്ലോ പ്രശ്‌നം. അതുകൊണ്ട് ആള്‍ക്കാരെ അവര്‍ ഉപദ്രവിച്ചില്ല. ഞാന്‍ ഉള്‍പ്പെടെ നാല് മലയാളികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇപ്പൊ ഇന്ത്യക്കാര്‍ 16 പേര്‍ അവിടെയുണ്ട്. അവരെയും പെട്ടെന്ന് തന്നെ മോചിപ്പിക്കുമെന്നാണ് അറിഞ്ഞത്. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അതിനായി പരിശ്രമിക്കുന്നുണ്ട്. പെണ്‍കുട്ടിയായി ഞാന്‍ മാത്രമാണ് കപ്പലിലുണ്ടായിരുന്നത്. അതുകൊണ്ടാകാം എന്നെ ആദ്യം മോചിപ്പിച്ചത്.’

‘എനിക്ക് കപ്പലിലേക്ക് തിരികെ പോകണം. കാരണം ഞാന്‍ ആഗ്രഹിച്ചെടുത്ത മേഖലയാണ് ഇത്. എന്റെ ആദ്യ കപ്പലാണ് ഇത്. ഒമ്പതുമാസം മുമ്പേ കേറിയിട്ടേ ഉള്ളൂ. മൂന്നുവര്‍ഷം പഠിച്ച ശേഷമാണ് കപ്പലില്‍ കയറിയത്. ആഗ്രഹിച്ചെടുത്ത കോഴ്‌സായതുകൊണ്ട് ഈ മേഖല ഉപേക്ഷിക്കില്ല. ഈ അനുഭവത്തെ ജീവിതത്തിന്റെ ഭാഗമായിട്ടാണ് കാണുന്നത്.ആൻ ടെസ വൃക്തമാക്കി.

ടെഹ്‌റാനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടേയും ഇറാന്‍ സര്‍ക്കാരിന്റേയും സംയുക്ത ശ്രമഫലമായാണ് ആന്‍ ടെസയുടെ മോചനം സാധ്യമായത്. കപ്പലിലുണ്ടായിരുന്ന 17 ജീവനക്കാരെ കൂടി തിരികെയെത്തിക്കുന്നതുവരെ മോചന ദൗത്യം വിദേശകാരൃ മന്ത്രാലയം തുടരും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments