Monday, July 8, 2024
spot_imgspot_img
HomeNewsകെഎം മാണിക്കെതിരെ ഉണ്ടായ ബാർ കോഴവിവാദത്തിന് ശേഷം വീണ്ടും സിപിഎമ്മിന് തലവേദനയാകുന്ന ശബ്ദരേഖ;പണമുണ്ടെങ്കിൽ സർക്കാർ നയത്തെ...

കെഎം മാണിക്കെതിരെ ഉണ്ടായ ബാർ കോഴവിവാദത്തിന് ശേഷം വീണ്ടും സിപിഎമ്മിന് തലവേദനയാകുന്ന ശബ്ദരേഖ;പണമുണ്ടെങ്കിൽ സർക്കാർ നയത്തെ സ്വാധീനിക്കാം!, മദ്യ നയം വീണ്ടും സംശയ നിഴലിൽ?

തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം സജീവമാവുകയാണ്. യുഡിഎഫ് സര്ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെഎം മാണിക്കെതിരെ ഉണ്ടായ ബാർ കോഴവിവാദം വലിയ പ്രക്ഷോഭമാണ് ഉണ്ടാക്കിയത്.Bar bribery scandal is a challenge for CPM

2014 ഒക്ടോബർ 31നാണ് പൂട്ടിയ ബാറുകൾ തുറക്കാൻ ബാറുടമകളിൽനിന്ന് മന്ത്രി കെ.എം മാണി ഒരു കോടി രൂപ വാങ്ങിയെന്ന് ബിജു രമേശിന്റെ വെളിപ്പെടുത്തൽ വരുന്നത്. വിവാദത്തെ തുടർന്ന് 2015 നവംബർ 10ന് മാണി രാജിവയ്ക്കുകയും ചെയ്തു.  മാത്രമല്ല മാണിയുടെ മരണത്തോടെ കേസ് അന്വേഷണം അവസാനിക്കുകയും ചെയ്തു.

ഇപ്പോൾ മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് അനിമോൻ വാട്ട്സാപ്പിലൂടെ നൽകിയ ശബ്ദ സന്ദേശം പുറത്തായത്തോടെയാണ് പുതിയ വിവാദം സജീവമായത്.

ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരാൾ രണ്ടര ലക്ഷം രൂപ നൽകണമെന്നാണ് ഇടുക്കി ജില്ലാ പ്രസിഡന്റ് കൂടിയായ അനിമോൻ ശബ്ദസന്ദേശത്തിൽ ആവശ്യപ്പെടുന്നത്.

സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡന്റ് ബാർ ഉടമകൾക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിൽ പറയുന്നു.

ഡ്രൈ ഡേ ഒഴിവാക്കാനും ബാറുകളുടെ സമയം കൂട്ടൽ അടക്കം ബാറുടമകളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്തു വരുന്നത്.

‘പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വച്ച് കൊടുക്കാൻ പറ്റുന്നവർ നൽകുക. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യനയം വരും. അതിൽ ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്ത് തരാൻ കൊടുക്കേണ്ടത് കൊടുക്കണം’, ശബ്ദസന്ദേശത്തിൽ പറയുന്നു.

എന്നാൽ പിണറായി സർകാരിനെ പിടിച്ചു കുലുക്കുന്ന ഈ ആരോപണം പ്രതിപക്ഷം വലിയ ചര്ച്ചയാക്കിയിരിക്കുകയാണ്. നിലവിലെ മദ്യനിയമത്തില്‍ മാറ്റം വരുത്തിയത് അബ്കാരികളെ സഹായിക്കാനാണ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിക്കുന്നു.

രണ്ടാം പിണറായി സര്‍ക്കാര്‍ 130 ബാറിന് അനുമതി കൊടുത്തു. ബാര്‍ കൂടി, പക്ഷെ ടേണ്‍ ഓവര്‍ ടാക്‌സ് കുറയുന്നു.ബാറുകളില്‍ ഒരു പരിശോധനയും നടക്കുന്നില്ല.മദ്യവര്‍ജനത്തിന് മുന്നില്‍ നില്‍ക്കുമെന്ന എല്‍ഡി ഫിന്റെ ഉറപ്പ് പ്രഹസനമായി.

ഒന്നാം പിണറായി സര്‍ക്കാര്‍ 669 ബാറുകള്‍ക്ക് അനുമതി നല്‍കി. രണ്ടാം പിണറായി സര്‍ക്കാര്‍ 130 ബാറുകള്‍ക്ക് അനുമതി നല്‍കി. നോട്ടെണ്ണുന്ന യന്ത്രം ഇപ്പോള്‍ എവിടെയാണ്. മുഖ്യമന്ത്രിയുടെ വീട്ടിലാണോ എക്‌സൈസ് മന്ത്രിയുടെ വീട്ടിലാണോയെന്ന് അദ്ദേഹം പരിഹസിച്ചു.

മന്ത്രി മാറി നിന്ന് അന്വേഷണം നടത്തണം. പണപ്പിരിവ് നടക്കുന്നു എന്ന് വ്യക്തമാണ്.പണം കിട്ടിയാല്‍ അനുകൂലമായ മദ്യ നയം.അതാണ് ഓഫര്‍.കാലം എല്‍ഡിഎഫിനോട് കണക്ക് ചോദിക്കുന്നു. മാണിക്ക് എതിരെ ഒരു കോടി ആരോപണം ഉന്നയിച്ചവര്‍ക്ക് എതിരെ 20 കോടിയുടെ ആരോപണമെന്നും വിഡിസതീശന്‍ പറഞ്ഞു.

ബാറുടമകളില്‍ നിന്ന് 25 കോടി രൂപ വാങ്ങി വലിയ അഴിമതി നടത്തിയാണ് പുതിയ മദ്യനയം നടപ്പിലാക്കുന്നതെന്ന് കെ സുധാകരന്‍ ആരോപിച്ചു. മന്ത്രി എം ബി രാജേഷ് രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘സംസ്ഥാനത്തെ 900 ബാറുകളില്‍നിന്ന് 2.5ലക്ഷം രൂപ വച്ചാണ് ഇപ്പോള്‍ പിരിക്കുന്നത്. തിരഞ്ഞെടുപ്പിനു മുമ്പും വലിയൊരു തുക സമാഹരിച്ചതായി കേള്‍ക്കുന്നു. കുടിശികയാണ് ഇപ്പോള്‍ പിരിക്കുന്നത്.

ഐടി പാര്‍ക്കുകളില്‍ മദ്യം വില്‍ക്കുക, ബാര്‍ സമയപരിധി കൂട്ടുക, ഡ്രൈഡേ പിന്‍വലിക്കുക തുടങ്ങി ബാറുടമകള്‍ക്ക് ശതകോടികള്‍ ലാഭം കിട്ടുന്ന നടപടികള്‍ക്കാണ് നീക്ക’മെന്നും സുധാകരൻ ആരോപിച്ചു.

എന്നാൽ ബാർ കോഴയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിൻ്റെ ഓഫീസ് ഡിജിപിക്ക് പരാതി നൽകി. പുറത്തുവന്ന ശബ്ദ രേഖയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. ശബ്ദരേഖയിലുള്ളത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളെന്നും പരാതിയിൽ പറയുന്നു.

ബാർ കോഴ ആരോപണങ്ങളെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ രംഗത്തെത്തി. മദ്യനയത്തിൽ സർക്കാർ മാറ്റം വരുത്തിയിട്ടില്ല. ഇത് സംബന്ധിച്ച് ചർച്ച പോലും നടന്നിട്ടില്ലെന്നും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

പണപ്പിരിവ് എന്നത് വ്യാജ പ്രചാരണമാണ്. യുഡിഎഫിന്റെ കാലത്തിന്റെ ആവർത്തനം തന്നെയാണ് എൽഡിഎഫ് കാലത്തും എന്ന തെറ്റിദ്ധാരണയിൽ നിന്നാണ് ആരോപണം വരുന്നതെന്നും അ​ദ്ദേഹം പറഞ്ഞു.

എൽഡിഎഫ് കാലത്ത് മദ്യ ഉപഭോഗം കുറയുകയാണ് ഉണ്ടായതെന്ന് പറഞ്ഞ എം വി ​​ഗോവിന്ദൻ, പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തള്ളി. മന്ത്രി രാജി വെക്കേണ്ട കാര്യമില്ല. 

ആരുടെയെങ്കിലും പണം വാങ്ങി നയം രൂപീകരിക്കുന്ന പാർട്ടിയല്ല സിപിഐഎം. ആരുടെയെങ്കിലും പണം വാങ്ങി നയം രൂപീകരിക്കുന്ന മുന്നണിയല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി.

അതേസമയം പണമുണ്ടെങ്കിൽ സർക്കാർ നയത്തെ  സ്വാധീനിക്കാൻ കഴിയുമെന്ന് ഒരു ബാർ ഉടമ പറയുന്നത് ഗൗരവമുള്ള കാര്യമാണെന്നും ഇത് സംബന്ധിച്ച അടിയന്തര അന്വേഷണം വേണമെന്നുമാണ്  എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനര്‍ കെകെ ശിവരാമൻ അവശ്യപ്പെടുന്നത്. 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments