Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsനവകേരളസദസ്സിന് മുന്നോടിയായി പാമ്പാടിയിലെ ബസ് സ്റ്റാൻഡ് അടച്ചു. യാത്രക്കാർ പെരുവഴിയിൽ: ജില്ലയിലെ നവകേരളസദസിന് നാളെ ...

നവകേരളസദസ്സിന് മുന്നോടിയായി പാമ്പാടിയിലെ ബസ് സ്റ്റാൻഡ് അടച്ചു. യാത്രക്കാർ പെരുവഴിയിൽ: ജില്ലയിലെ നവകേരളസദസിന് നാളെ തുടക്കമാകും

കോട്ടയം: ജില്ലയിലെ ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പൊതുജനങ്ങളുമായി നേരിട്ടു സംവദിക്കുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തുന്ന നവകേരളസദസിന് നാളെ തുടക്കമാകും. The bus stand at Pampady was closed ahead of the Navakerala assembly

പാമ്പാടിയിൽ ബുധനാഴ്ച നടക്കുന്ന നവകേരളസദസിന് മുന്നോടിയായി ബസ് സ്റ്റാൻഡിൽ ബസ്സുകൾ കയറിയിറങ്ങുന്നത് ഇന്ന് രാവിലെ മുതൽ വിലക്കേർപ്പെടുത്തി. ഇതോടെ ബസ് കാത്തുനിൽക്കുന്ന വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാർ പെരുവഴിയിലായി.

തിരക്കുള്ള കെകെ റോഡിന് ഇരുവശത്തും നിന്ന് യാത്രക്കാർ ബസ് കയറേണ്ട സാഹചര്യമാണുള്ളത്. ഇത് ടൗണിൽ ഗതാഗതകുരുക്കിനും കാരണമായി.പാമ്പാടിയിലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

എന്നാൽ ബസ്റ്റാൻഡിലും പന്തൽ കെട്ടി ഇരിപ്പിടങ്ങൾ സജ്ജീകരിക്കുന്നുണ്ട്. ബസ്റ്റാൻഡിലുള്ളിലെ വീതിയേറിയ കവാടത്തിലുടെ മുഖ്യമന്ത്രിയുടെ ബസ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്ക് പ്രവേശനം ഒരുക്കാനാണ് രണ്ട് ദിവസം മുമ്പേ സ്റ്റാൻഡിൽ ബസ് കയറി ഇറങ്ങുന്നത് നിരോധനം ഏർപ്പെടുത്തിയത്.

എന്നാൽ സ്റ്റേജ് കെട്ടൽ രാത്രി കാലത്ത് നടത്തിയാൽ യാത്രക്കാരെ പെരുവഴിയിലാക്കിയ നടപടി പരിഹരിക്കാമായിരുന്നു.മന്ത്രി വിഎൻ വാസവന്റെ സ്വന്തം നാടെന്ന നിലയിൽ നവകേരളസദസ് കൊഴിപ്പിക്കാനാണ് രണ്ട് ദിവസം മുമ്പേ പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികളുമായി അധികൃതർ മുമ്പോട്ട് പോകുന്നതെന്ന ആരോപണമാണ് ഉയരുന്നത്.

അതേ സമയം കജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളില്‍ ഡിസംബര്‍ 12 മുതല്‍ 14 വരെ മൂന്ന് ദിവസങ്ങളിലായാണ് നവകേരള സദസ്. ഇതോടനുബന്ധിച്ച് വിവിധമേഖലകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ക്ഷണിക്കപ്പെട്ട വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്ന പ്രഭാതയോഗവും നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചുള്ള നവകേരള സദസും നടക്കും.

ഡിസംബര്‍ 12ന് ഉച്ചകഴിഞ്ഞ് മൂന്നിന് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിന്‍ ചര്‍ച്ച് ഗ്രൗണ്ടിലെ നവകേരളസദസിലാണ് മുഖ്യമന്ത്രി ആദ്യമെത്തുന്നത്. 5000 പേർക്ക് ഇരിക്കാവുന്ന സൗകര്യങ്ങളാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്.

തുടര്‍ന്നുള്ള നവകേരളസദസ് വൈകിട്ട് നാലിന് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ പൊന്‍കുന്നം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് നടക്കുക. ഇവിടെ 7000 പേർക്കിരിക്കാവുന്ന പന്തൽ നിർമാണം പൂർത്തിയായിട്ടുണ്ട്.

കൂടാതെ തുറന്ന പന്തലും ഒരുക്കുന്നുണ്ട്. 14000 പേർ സദസിലെത്തുമെന്നാണ് പ്രതീക്ഷ. പാലാ നിയോജകമണ്ഡലത്തിലേത് വൈകിട്ട് അഞ്ചിന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലും നടക്കും. 7000 പേർക്കുള്ള ഇരിപ്പിടങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. മറ്റ് ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

രണ്ടാം ദിനമായ ഡിസംബര്‍ 13ന് കോട്ടയം ജറുസലേം മാര്‍ത്തോമ പള്ളി ഹാളില്‍ രാവിലെ ഒമ്പതിന് ജില്ലയിലെ ആദ്യ പ്രഭാതയോഗം നടക്കും. കോട്ടയം, ചങ്ങനാശേരി, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, എറ്റുമാനൂര്‍ നിയമസഭ മണ്ഡലങ്ങളില്‍നിന്നുള്ള 200 വിശിഷ്ടാതിഥികള്‍ ഈ യോഗത്തില്‍ പങ്കെടുക്കും.

തുടര്‍ന്ന് ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനത്ത് രാവിലെ 10നാണ് സദസ് നടക്കുക. 7000 പേർക്ക് ഇരിപ്പിടങ്ങളും പ്രവേശനം സുഗമമാക്കാൻ രണ്ട് പ്രവേശനകവാടങ്ങളും ഒരുക്കിയിട്ടുണ്ട്. 50,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് പന്തലിന്റെ നിർമാണം.

പുതുപ്പള്ളി മണ്ഡലത്തിൽ പാമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ഗ്രൗണ്ടില്‍ ഉച്ചകഴിഞ്ഞ് രണ്ടിനാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. 6000 പേർക്ക് ഇരിക്കാവുന്ന സദസാണ് ഒരുക്കിയിട്ടുള്ളത്. 500 പേർക്ക് ഇരിക്കാവുന്ന ഗാലറി പ്രത്യേകമായി തയ്യാറാക്കിയിട്ടുണ്ട്.

വൈകിട്ട് നാലിനാണ് ചങ്ങനാശ്ശേരി മണ്ഡലത്തിലെ സദസ്. എസ്.ബി. കോളജ് ഗ്രൗണ്ടില്‍ പന്തലിന്റെയും സ്റ്റേജിന്റെയും നിർമ്മാണം അവസാന ഘട്ടത്തിലാണ്. 7000 ഇരിപ്പിടങ്ങൾ ഒരുക്കും.

കോട്ടയം നിയോജകമണ്ഡലത്തിലെ നവകേരള സദസ് തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് ഗ്രൗണ്ടിലാണ് സംഘടിപ്പിക്കുന്നത്. 6000 പേരെ ഉൾക്കൊള്ളാനാകും.

പര്യടനത്തിന്റെ അവസാനദിനമായ ഡിസംബര്‍ 14ന് രാവിലെ ഒമ്പതിന് കുറവിലങ്ങാട് പള്ളി പാരിഷ് ഹാള്‍ പ്രഭാതയോഗത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക. കടുത്തുരുത്തി, വൈക്കം, പാലാ നിയമസഭ മണ്ഡലങ്ങളില്‍നിന്നുള്ള 200 വിശിഷ്ടാതിഥികള്‍ പ്രഭാതയോഗത്തില്‍ പങ്കെടുക്കും.

തുടര്‍ന്ന് കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ യോഗം കുറവിലങ്ങാട് ദേവമാതാ കോളജ് മൈതാനത്തിൽ രാവിലെ 11ന് നടക്കും. 10,000 പേരെ ഇരുത്താൻ തക്കവിധം സജ്ജീകരണങ്ങൾ പൂർത്തിയായി.

അലങ്കാര ജോലികൾ പുരോഗമിക്കുകയാണ്. വൈക്കം ബീച്ചില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന നവകേരളസദസോടെ ജില്ലയിലെ പര്യടനം അവസാനിക്കും.

30,000 ചതുരശ്ര അടിയിൽ നിർമിക്കുന്ന പന്തലിൽ 6000 പേർക്ക് ഇരിക്കാവുന്ന സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. നഗരത്തിലും പരിസരത്തുമായി 26 ഇടത്ത് പാർക്കിംഗ് സൗകര്യവുമൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments