Monday, July 22, 2024
spot_imgspot_img
HomeEditorial'മാര്‍ക്ക് ദാനം മഹാദാനം';രാഷ്ട്രീയ നേട്ടങ്ങൾക്കായി തലമുറകളുടെ വിദ്യാഭ്യാസ നിലവാരം തകര്‍ക്കുന്നോ? പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഏറ്റുപറച്ചില്‍...

‘മാര്‍ക്ക് ദാനം മഹാദാനം’;രാഷ്ട്രീയ നേട്ടങ്ങൾക്കായി തലമുറകളുടെ വിദ്യാഭ്യാസ നിലവാരം തകര്‍ക്കുന്നോ? പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഏറ്റുപറച്ചില്‍ ഉണ്ടായിട്ടും ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കാതെ വിദ്യാഭ്യാസമന്ത്രി,രഹസ്യമായി ചേർന്ന യോഗം പരസ്യമാക്കിയ അധ്യാപകനെ തേടി ശിവൻകുട്ടി

കോട്ടയം: അക്ഷരം കൂട്ടിവായിക്കാനറിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും എ പ്ലസ് കിട്ടുന്നുവെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ മാർക്ക്ദാന വിവാദം കനക്കുകയാണ്. എസ്എസ്എൽസി ചോദ്യപ്പേപ്പർ തയ്യാറാക്കുന്ന ശില്പശാലയിൽ ഉയര്‍ന്ന വിവാദപരാമർശം പലരും ശരിവയ്ക്കുന്നുമുണ്ട്. Mark Donation Controversy After Public Education Director S Shanawaz’s Audio Record Was Released

എന്നല്‍ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അഭിപ്രായത്തെ തള്ളിക്കൊണ്ട് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി രംഗത്ത് വരികയും വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.

കുട്ടികൾക്ക് മാർക്ക് വാരിക്കോരി നല്കുന്നുവെന്ന ആരോപണം പൊതുവെ നിലനിൽക്കുമ്പോഴാണ് ഡയറക്ടറുടെ തുറന്നു പറച്ചിൽ പുറത്തായത്. കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം താഴുന്നത് മാർക്ക് ദാനമാണെന്നത് പലപ്പോഴും ചർച്ചയായിട്ടുമുണ്ട്.

കരിയറിലേക്ക് വരുമ്പോഴും എല്ലാ മേഖലയിലും മൂല്യച്യുതി സംഭവിക്കുന്നത് ഇത്തരം കീഴ്‌വഴക്കം കൊണ്ടാണെന്ന വീണ്ടുവിചാരം നാളുകളായി സർക്കാരുകൾക്ക് പോലും ഉണ്ടാകുന്നില്ല. രാഷ്ട്രീയ നേട്ടങ്ങൾക്കായി തലമുറകളുടെ വിദ്യാഭ്യാസ നിലവാരം തകർക്കുന്ന പ്രവണത ഏതാനും വർഷങ്ങളായി തുടരുന്നു എന്നതും എടുത്തു പറയേണ്ട വസ്തുതയാണ്.

പൊതു വിദ്യാഭ്യാസ രംഗത്തെ വാരിക്കോരിയുള്ള മാര്‍ക്ക് വിതരണത്തെ അതിരൂക്ഷമായാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് വിമര്‍ശിച്ചത്. അക്ഷരം കൂട്ടി വായിക്കാന്‍ പോലും അറിയാത്ത, സ്വന്തം പേരുപോലും തെറ്റാതെ എഴുതാനറിയാത്ത കുട്ടികള്‍ക്ക് വരെ എ പ്ലസ് കിട്ടുന്നു.

കുട്ടികളോട് ചെയ്യുന്ന ചതിയാണ് ഇതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പൊതു പരീക്ഷകളില്‍ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിര്‍ക്കുന്നില്ല. പക്ഷേ 50 ശതമാനം മാര്‍ക്കിനപ്പുറം വെറുതെ നല്‍കരുത്.

കേരളത്തെ ഇപ്പോള്‍ കൂട്ടിക്കെട്ടുന്നത് ബിഹാറുമായാണ്. യൂറോപ്പിലെ ഏറ്റവും മികച്ച വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യുന്നിടത്ത് നിന്നാണ് ഈ അവസ്ഥയിലേക്ക് എത്തിയതെന്നും ഷാനവാസ് വിമര്‍ശിച്ചു.

ആർക്കു വേണ്ടിയാണ് നാം ജോലി ചെയ്യുന്നത്? നാം വാങ്ങുന്ന പൈസയ്ക്ക് എത്ര വില കൊടുക്കുന്നുണ്ടെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ജയിപ്പിക്കുന്നതിന് ഞാൻ എതിരല്ല. അതു 40-50 ശതമാനം വരെയാവാം.

ആ ഉദാരത അവിടെ നിർത്തണം. മത്സരപ്പരീക്ഷകളുടെ കാലമാണിത്. പരീക്ഷ പരീക്ഷകൾ തന്നെയാവണം. രജിസ്റ്റർ നമ്പർ എഴുതി അതിനു താഴെ അവ അക്ഷരത്തിലെഴുതാൻ കുട്ടിക്ക് അറിഞ്ഞുകൂടാ.

ഇക്കാര്യത്തിൽ അദ്ധ്യാപകർക്ക് നോട്ടീസ് കൊടുത്ത കേസുകളുണ്ടായി. ഇംഗ്ലീഷ് അറിയാത്ത കുട്ടികളാണ് പത്താം ക്ലാസ് എഴുതിക്കൊണ്ടിരിക്കുന്നത്. അങ്ങനെയുള്ള കുട്ടികൾക്കാണ് എ. പ്ലസ് കിട്ടിയത്.

ഇല്ലാത്ത ഒരു കഴിവ് ഉണ്ടെന്നു പറയുന്നത് ആ കുട്ടിയോടുചെയ്യുന്ന ചതിയാണ്. വിദ്യാഭ്യാസത്തിൽ മാറ്റംകൊണ്ടുവരാൻ അദ്ധ്യാപകർ പണിപ്പെടണമെന്നതായിരുന്നു നിർദ്ദേശം.

സി.ബി.എസ്.ഇ. സ്‌കൂളുകളിൽ പരീക്ഷയും മൂല്യനിർണയവും നല്ലരീതിയിൽ നടക്കുന്നുണ്ടെന്നും പ്രസംഗത്തിനിടെ സ്വന്തം അനുഭവം ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു.

വിദ്യാഭ്യാസ ഡയറക്‌ടറുടെ ശബ്‌ദരേഖയിലുള്ളത് സർക്കാർ നിലപാടല്ലെന്നയിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം. കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർധിപ്പിക്കുക എന്നത് സർക്കാർ നയമല്ല. എല്ലാ കുട്ടികളേയും ഉള്‍ച്ചേര്‍ത്തു കൊണ്ടും ഉള്‍ക്കൊണ്ടു കൊണ്ടും ഗുണമേന്മ വര്‍ദ്ധിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. അതില്‍ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നയിരുന്നു.

വളരെ രഹസ്യമായി ചേർന്ന യോഗത്തിലെ കാര്യങ്ങൾ ഒരു അധ്യാപകൻ റെക്കാർഡ് ചെയ്ത് മാധ്യമങ്ങൾക്ക് നൽകി എന്നതാണ് മന്ത്രിയുടെ ആരോപണം. ഇങ്ങനെയുള്ള അധ്യാപകരെ എങ്ങനെ വിശ്വസിക്കുമെന്ന് മന്ത്രി ചോദിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

യോഗത്തിലെ വിവരങ്ങൾ പുറത്ത് നൽകിയത് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്നും വി ശിവൻകുട്ടി ആരോപിച്ചു. ഇത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. ചോദ്യപേപ്പർ തയ്യാറാക്കുന്നതും, ഉത്തരസൂചിക തയ്യാറാക്കുന്നതുമൊക്കെ ഇവരാണ്.

ഇക്കാര്യത്തിൽ ആത്മാർത്ഥതയും സത്യസന്ധതയും മനസ്സാക്ഷിയും കാണിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ വകുപ്പ് തല അന്വേഷണം നടത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഏത് അധ്യാപകനാണ് ഇത് ചെയ്തത് എന്ന് കണ്ടുപിടിച്ചേ മതിയാകൂ. ഏത് ഏജൻസി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പ്രതികരിച്ചു.

ഷാനവാസിനെ ഇത്തരം അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതിൽ നിന്നും വിലക്കുകയും ചെയ്തേക്കും. സർക്കാരിന് ഷാനവാസ് നൽകുന്ന വിശദീകരണം പരിശോധിച്ചാകും തീരുമാനം എടുക്കുക. ഡയറക്ടറെ മാറ്റണമെന്ന വികാരം ഇടതു സംഘടനാ നേതാക്കളിൽ സജീവമാണ്. ഇതിനിടെയാണ് അന്വേഷണം നടത്തുമെന്ന മന്ത്രിയുടെ പ്രഖ്യാപനം.

ഭരണ കക്ഷിയിൽ പെട്ടവർ പൊതു വിദ്യാഭ്യാസ ഡയറക്ടറെ എതിർക്കുന്നു. സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസ്താവന പ്രതിഷേധാർഹമാണെന്ന് കെ.എസ്.ടി.എ. ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ പറഞ്ഞു.

കുട്ടികളെ പരിഹസിക്കുന്ന ഉദ്യോഗസ്ഥ നിലപാടിനോട് യോജിപ്പില്ലെന്ന് എ.കെ.എസ്.ടി.യു. ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ പറഞ്ഞു. ആധികാരികതയില്ലാതെയാണ് ഡയറക്ടറുടെ പ്രസ്താവനയെന്ന് എസ്.എഫ്.ഐ. കുറ്റപ്പെടുത്തി.

ഇതെല്ലാം പരിഗണിച്ച് ഡയറക്ടറെ മാറ്റാനാണ് നീക്കം. കേരളത്തിന്റെ വിദ്യാഭ്യാസ മോഡലിന് പ്രസ്താവന കളങ്കമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.

കുറ്റസമ്മതമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതെന്ന് സേവ് എജ്യുക്കേഷൻ കമ്മിറ്റി കൺവീനർ എം. ഷാജർഖാൻ പ്രതികരിച്ചു. സ്വയം വിമർശനപരമായി ഉയർന്ന സംവാദത്തെ എച്ച്.എസ്.എസ്.ടി.എ. ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് സ്വാഗതം ചെയ്തു.

പരാമർശത്തിൽ ആശങ്ക പരിഹരിക്കണമെന്ന് കെ.എച്ച്.എസ്.ടി.യു. ജനറൽ സെക്രട്ടറി പാണക്കാട് അബ്ദുൾ ജലീൽ ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പരാജയപ്പെട്ടെന്ന് എ.എച്ച്.എസ്.ടി.എ. ജനറൽ സെക്രട്ടറി എസ്. മനോജ് ആരോപിച്ചു.

പ്രതികരണങ്ങൾ നിരവധി ഉയരുമ്പോൾ പരീക്ഷ പരീക്ഷകൾ തന്നെയാവണം എന്ന നിലപാടിലേക്ക് എത്തിയില്ലെങ്കിൽ സമൂഹത്തിൻ്റെ അവസ്ഥ തന്നെ താറുമാറാകും. നിലവാരമില്ലാത്ത പ്രൊഫഷണലുകൾ സ്യഷ്ടിക്കപ്പെടും.

ഉന്നത വിദ്യാഭ്യാസത്തിൻ്റെ സർട്ടിഫിക്കറ്റ് കൈയില്‍വച്ചിട്ടും വാക്കുകൾ കൂട്ടി വായിക്കാൻ അറിയാത്ത തലമുറകൾ സാക്ഷര കേരളത്തിൽ നിരവധിയുണ്ടാകും. വിദ്യാഭ്യാസ ഡയറക്ടറുടെ തുറന്നു പറച്ചിൽ ഇനിയെങ്കിലും സർക്കാരിനില്ലെങ്കിലും ജനങ്ങൾക്ക് വീണ്ടുവിചാരത്തിന് കാരണമാകണം. ഡയറക്ടറുടെ ഏറ്റുപറച്ചിലില്‍ സത്യാവസ്ഥ ഉണ്ടെന്ന് തിരിച്ചറിയണം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments