Friday, May 17, 2024
spot_imgspot_img
HomeNewsKerala Newsഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം അനുവദിക്കാതെ സംഘടനകള്‍; ഒരിടത്തും ടെസ്റ്റ് നടന്നില്ല, മലപ്പുറത്ത് ഡ്രൈവിങ്  സ്കൂള്‍ മാഫിയ...

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം അനുവദിക്കാതെ സംഘടനകള്‍; ഒരിടത്തും ടെസ്റ്റ് നടന്നില്ല, മലപ്പുറത്ത് ഡ്രൈവിങ്  സ്കൂള്‍ മാഫിയ എന്ന്‍ ഗണേഷ് കുമാര്‍,മന്ത്രിയുടെ നിലപാട് വരട്ടുചൊറിയുടെ ഭാഗമാണെന്ന് മുസ്ലിംലീഗ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നടപ്പാക്കാനിരിക്കെ ഡ്രൈവിങ് സ്‌കൂളുകള്‍ വ്യാപക പ്രതിഷേധത്തിലാണ്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം ഇന്ന് മുതൽ നടത്തുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും എവിടെയും ഇന്ന് ടെസ്റ്റുകൾ നടന്നിട്ടില്ല.Labor unions and driving schools not allowed to conduct driving test

ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ അനുവദിക്കാതെയാണ് തൊഴിലാളി സംഘടനകളും ഡ്രൈവിങ് സ്‌കൂളുകളും പ്രതിഷേധവുമായി രംഗത്തെത്തിയത്. എല്ലായിടത്തും ഡ്രൈവിങ് ടെസ്റ്റിനെതിരെ  സിഐടിയു പ്രതിഷേധം നടത്തുകയാണ്.

മലപ്പുറത്തും വലിയ പ്രതിഷേധമാണുണ്ടായത്. ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടിലേക്ക് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും ടെസ്റ്റില്‍ പങ്കെടുക്കേണ്ടവര്‍ എത്തിയില്ല. മലപ്പുറത്ത് ടെസ്റ്റ് ഗ്രൗണ്ട് പ്രതിഷേധക്കാര്‍ അടച്ചുകെട്ടുകയായിരുന്നു. ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ട് നല്‍കിയില്ല. സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള പരിഷ്‌ക്കരണം അപ്രായോഗികമെന്നാണ് ഡ്രൈവിങ്ങ് സ്‌കൂളുകള്‍ പറയുന്നത്.

പ്രതിഷേധങ്ങള്‍ക്കിടയിലും ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി ഗതാഗത വകുപ്പ് മുന്നോട്ട് നീങ്ങുകയായിരുന്നു. അടിമുടി മാറ്റം വരുത്തിയുള്ള പരിഷ്‌കാരങ്ങള്‍ ഇന്നുമുതലാണ് പ്രാബല്യത്തില്‍ വരുന്നത്.

ടെസ്റ്റിനായി പുതിയ ട്രാക്കുകള്‍ സജ്ജമായില്ലെങ്കിലും മാറ്റങ്ങളോടെയാകും ടെസ്റ്റ് നടത്തുക. വിഷയത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്നാരംഭിക്കും.

വലിയ പ്രതിഷേധത്തിനിടെയാണ് പുതിയ പരിഷ്‌കരണം നടപ്പാക്കുന്നത്. പ്രതിദിനം 30 ലൈസന്‍സ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല എന്നിങ്ങനെ വലിയ പരിഷ്‌കാരത്തിനായിരുന്നു ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം. പുതിയ ട്രാക്കൊരുക്കാന്‍ ഗതാഗതകമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കിയെങ്കിലും ഇതുവരെ സജ്ജമാക്കിയിട്ടില്ല.

എന്നാല്‍ ഇളവുകള്‍ വരുത്തി ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി മുന്നോട്ട് പോകാനാണ് മന്ത്രി ഇന്നലെ നിര്‍ദ്ദേശിച്ചത്. പ്രതിദിന ടെസ്റ്റ് 60 ആക്കും എന്ന് അറിയിച്ചിരുന്നെങ്കിലും 30 ആക്കി നിജപ്പെടുത്തി.

കൂടാതെ പുതിയ ട്രാക്ക് ഒരുക്കുന്നതുവരെ എച്ച് ടെസ്റ്റ് തുടരും, എച്ച് ടെസ്റ്റിന് മുമ്പ് റോഡ് ടെസ്റ്റ് നടത്തണം. എന്നാല്‍, പരിഷ്‌കരണത്തിനായി ഇറക്കിയ സര്‍ക്കുലര്‍ തന്നെ റദ്ദാക്കണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം.

ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയ പടി ആക്കണം എന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടനകള്‍ സംയുക്ത സമരം പ്രഖ്യാപിച്ചിട്ടുള്ളത്.

ഇതിനിടെയാണ് ഡ്രൈവിങ് സ്കൂളുകാര്‍ക്കെതിരെ മന്ത്രി കെബി ഗണേഷ് കുമാര്‍ ആരോപണമുയർത്തിയത്. ഡ്രൈവിങ് സ്കൂള്‍ മാഫിയ സംഘങ്ങളാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്നായിരുന്നു കെബി  ഗണേഷ് കുമാര്‍ നടത്തിയ പ്രതികരണം. 

”മലപ്പുറത്ത് ഡ്രൈവിങ്  സ്കൂള്‍ മാഫിയ സംഘമുണ്ട്. അവരാണ് പ്രതിഷേധത്തിന് പിന്നില്‍ പ്രവർത്തിക്കുന്നത്. ഇവർക്ക് കൂട്ടായി ഉദ്യോഗസ്ഥരും ഉണ്ട്. നേരത്തെ ഈ ഉദ്യോഗസ്ഥര്‍ വൻ തോതിൽ പണം വെട്ടിച്ചു. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടി തുടരും.

മലപ്പുറം ആര്‍ടി ഓഫീസിൽ നടന്നത് 3 കോടിയുടെ വെട്ടിപ്പാണ്”. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തു. വ്യാജ റസീറ്റ് ഉണ്ടാക്കി നികുതി വെട്ടിച്ചെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.

ഡ്രൈവിങ് സ്കൂൾ ഉടമകളുടെ കച്ചവട താത്പര്യത്തിന് വേണ്ടി ആളുകളുടെ ജീവൻ ബലികൊടുക്കാനാകില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. ലൈസൻസ് നിസ്സാരമായി നൽകാൻ ബുദ്ധിമുട്ടുണ്ടെന്നും റോഡ് സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് പരിഷ്കാരങ്ങളെന്നും അദ്ദേഹം പറഞ്ഞു. 

ജനങ്ങൾക്ക് വേണ്ടിയാണ് പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. അത് മനസ്സിലാക്കണമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. പ്രതിദിന ടെസ്റ്റുകളുടെ എണ്ണം കൂടിയതും ലൈസൻസ് അനുവദിച്ചതും അത്ഭുതപ്പെടുത്തി. ടെസ്റ്റിന് സർക്കാർ സംവിധാനം ഉണ്ടാക്കും.

മലപ്പുറം ആർ ടി ഓഫീസിൽ വലിയ വെട്ടിപ്പിന് ശ്രമം നടന്നു. അത് സർക്കാർ അനുവദിക്കില്ല. ക്രമക്കേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഡ്രൈവിങ് സ്കൂളുകളുടെ ഗ്രൗണ്ടിൽ ടെസ്റ്റ് വേണ്ടെന്നും സർക്കാർ സ്ഥലം വാടകയ്ക്കെടുത്ത് ടെസ്റ്റ് നടത്തുമെന്നും വ്യക്തമാക്കിയ മന്ത്രി ഗുണ്ടായിസം സർക്കാരിനോട് നടക്കില്ലെന്നും മലപ്പുറത്തെ വേല കയ്യിൽ വെച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്തെ മാഫിയ എന്ന പരാമർശം നടത്തിയതിനെതിരെ ഗണേഷിനെതിരെ ലീഗ് രംഗത്തു വന്നു.

ഗതാഗത മന്ത്രിയുടെ തെറ്റായ പരിഷ്‌ക്കാരങ്ങൾക്കെതിരെ കേരളത്തിലെ എല്ലാ ജില്ലകളിലും സമരം നടന്നിട്ടും മലപ്പുറത്ത് നടന്ന സമരത്തെ മാത്രം അധിക്ഷേപിക്കുന്ന മന്ത്രിയുടെ നിലപാട് ഒരുതരം വരട്ടുചൊറിയുടെ ഭാഗമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു.

ആർടിഒ പരിഷ്‌ക്കാരത്തിന് അനുസരിച്ച് സൗകര്യം ഒരുക്കാതെയും അതിനുള്ള ഫണ്ട് അുവദിക്കാതെയും ഡ്രൈവിങ് സ്‌കൂൾ നടത്തിപ്പുകാരെ പ്രയാസപ്പെടുത്തിയ സംഭവമാണ് സമരത്തിന് കാരണമായത്. കേരളത്തിൽ അങ്ങോളമിങ്ങോളം സിഐടിയു ഉൾപ്പെടെ എല്ലാ സംഘടനകളും സമര രംഗത്തുണ്ടായിരുന്നു എന്നിരിക്കെ മലപ്പുറത്തെ സമരത്തെ മാത്രം ആക്ഷേപിച്ചത് മന്ത്രിയുടെ യഥാർത്ഥ സൂക്കേട് എന്താണെന്ന് വെളിപ്പെടുത്തുന്നതാണ്.

ഒരു സൗകര്യവും ഒരുക്കാതെ തുഗ്ലക്ക് പരിഷ്‌ക്കാരം നടപ്പാക്കിയിട്ട് നാട്ടുകാരുടെ നെഞ്ചത്ത് കയറുന്നതിൽ അർത്ഥമില്ലെന്നും പിഎംഎ സലാം ചൂണ്ടിക്കാണിച്ചു.

വാചകമടിയും യാഥാർത്ഥ്യവും തമ്മിൽ വലിയ അന്തരമുണ്ട്. ചാനലുകൾക്ക് മുമ്പിൽ വാചകമടിക്കാൻ പ്രത്യേകിച്ച് പണച്ചെലവോ കാര്യക്ഷമതയോ വേണമെന്നില്ല. അഭിനയിക്കാനുള്ള കഴിവുള്ളതുകൊണ്ട് അത് നന്നായി കൈകാര്യം ചെയ്യാൻ താങ്കൾക്ക് സാധിക്കും.

ഗതാഗത വകുപ്പിലെ കെടുകാര്യസ്ഥത മറച്ചുവെക്കാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്. അതിന്റെ ജാള്യത തീർക്കാനാണ് അപ്രായോഗിക പരിഷ്‌ക്കാരങ്ങളുമായി മന്ത്രി രംഗത്തുവന്നതെന്നും പിഎംഎ സലാം ചൂണ്ടിക്കാണിച്ചു.

കേരളത്തിൽ ഉടനീളം പ്രതിഷേധം ഉണ്ടെങ്കിലും മലപ്പുറത്ത് പ്രതിഷേധം ഉണ്ടായാൽ നെഞ്ചത്ത് കയറാൻ എളുപ്പമാണല്ലോ. ഭാഗ്യവശാലാണ് ഈ സമരത്തിന്റെ പേരിൽ തീവ്രവാദി വിളിയിൽനിന്ന് മലപ്പുറത്തുകാർ രക്ഷപ്പെട്ടത്. മലപ്പുറത്ത് എന്ത് സമരം നടന്നാലും അത് തീവ്രവാദികളാണെന്ന് പറയുന്നത് ഇടതുപക്ഷത്തിന്റെ സ്ഥിരം പരിപാടിയാണ്.

ആ ഇടത് നയം തന്നെയാണ് മന്ത്രി ഗണേശ് കുമാറും പിന്തുടരുന്നത്. തിരുവനന്തപുരം മേയറുടെ റോഡ് ഭരണവുമായി ബന്ധപ്പെട്ട വിവാദം മറച്ചുവെക്കാനും കൂടിയാണ് മലപ്പുറത്തെ ചൊറിയുന്നതെന്ന് സംശയിക്കുന്നതായും പിഎംഎ സലാം പറഞ്ഞു

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments