Saturday, June 1, 2024
spot_imgspot_img
HomeNewsKerala Newsജനങ്ങളുടെ സ്വൈരജീവിതത്തിന് വെല്ലുവിളിയായി സംസ്ഥാനത്ത് പട്ടാപ്പകലും ഗുണ്ടകളുടെ അഴിഞ്ഞാട്ടം;പൊലീസിന് അനാസ്ഥ,നാഥനില്ലാ കളരിയായി കേരളം

ജനങ്ങളുടെ സ്വൈരജീവിതത്തിന് വെല്ലുവിളിയായി സംസ്ഥാനത്ത് പട്ടാപ്പകലും ഗുണ്ടകളുടെ അഴിഞ്ഞാട്ടം;പൊലീസിന് അനാസ്ഥ,നാഥനില്ലാ കളരിയായി കേരളം

തിരുവനന്തപുരം : സംസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടം മൂലം കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി പേരാണ് അക്രമത്തിന് ഇരയായത്. ഇതിന് മുഖ്യകാരണം പോലീസിന്റെ അനാസ്ഥയും നിഷ്ക്രിയത്വവും ആണെന്ന ആക്ഷേപവും ശക്തമാണ്. ഗുണ്ടകളെ അഴിഞ്ഞാടാൻ വിട്ടിരിക്കുന്ന കേരളത്തിൽ ജനങ്ങളുടെ സ്വൈരജീവിതം തന്നെ വെല്ലുവിളിയാവുകയാണ്.Goon attacks are increasing in Kerala

പകൽ വെളിച്ചത്തിൽ പോലും ഗുണ്ടകൾ അക്രമത്തിന് മുതിർന്നിട്ടും പോലീസ് നിഷ്ക്രിയരാവുകയാണെന്ന പരാതി പൊതുവേയുണ്ട്. പോലീസിനെ ഗുണ്ടകൾക്ക് ലവലേശം പേടിയില്ലെന്നു തെളിയിക്കുന്ന സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. മദ്യത്തിനൊപ്പം മയക്കുമരുന്നുകൂടി വ്യാപകമായതോടെ ഒരു വശത്ത് ഇവരെ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടെന്നതാണ് സത്യം.

കരമനയിൽ പട്ടാപ്പകൽ ഗുണ്ടകൾ അഖിലെന്ന 22കാരനെ തല്ലി കൊന്നതാണ് ഏറ്റവും ഒടുവിലത്തെ പൈശാചികത. കൊലയ്ക്ക് പിന്നിലെ മൂന്ന് പ്രതികളും മുമ്പും സമാനമായി കൊല നടത്തി ജാമ്യത്തിനിറങ്ങിയവർ. ക്രിമിനൽ സംഘം നാട്ടിൽ പൂർവാധികം ശക്തിയോടെ വിലസുമ്പോൾ പൊലീസ് കാഴ്ചക്കാരായി.

വെള്ളറട കണ്ണനൂരിൽ കഴിഞ്ഞ ദിവസം രാത്രിയാണ് മൂന്നംഗ ലഹരി സംഘം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്‌. അമ്പൂരി സ്വദേശിയായ പാസ്‌റ്റർ അരുളിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കൺസ്യൂമർഫെഡ് ജീവനക്കാരിയെയും ഭർത്താവിനെയും നടുറോഡിൽ മർദ്ദിച്ചു.

ഒരു വീടിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും ഇരുചക്ര വാഹനങ്ങൾ മറിച്ചിടുകയും ചെയ്‌തു. പണം അപഹരിച്ചതായും നാട്ടുകാർ പറയുന്നു. ബഹളം കേട്ട് പുറത്തിറങ്ങിയ വീട്ടുടമയെ ഗുണ്ടാസംഘം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

അതേസമയം, സംഭവം അറിഞ്ഞിട്ടും പോലീസ് സ്‌ഥലത്ത്‌ എത്തിയത് വൈകിയാണെന് നാട്ടുകാർ ആരോപിക്കുന്നു. രാത്രി പത്ത് മണിക്ക് വിളിച്ചു വിവരമറിയിച്ചിട്ടും പോലീസ് എത്തിയത് ഒന്നര മണിക്കൂറിന് ശേഷമാണെന്നാണ് ആരോപണം. അക്രമികളിൽ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

ബസ് സ്റ്റാൻഡിലിരുന്ന മുൻ പഞ്ചായത്തംഗം ഉൾപ്പടെയുള്ളവരെ ഗുണ്ടകൾ തല്ലിച്ചതച്ച് ആലുവ ചൊവ്വരയിൽ. അച്ഛനും മകനും തമ്മിലുള്ള വഴക്കിൽ ഇടപെട്ട യുവാവിനെ ഗുണ്ടകൾ തല്ലിക്കൊന്നത് തൃശ്ശൂർ ചേർപ്പിൽ.

റോഡിൽ ബൈക്കുവച്ചത് ഇഷ്ടപ്പെടാത്ത ഗുണ്ട യുവാവിനെ കുത്തിക്കൊന്നത് കൊച്ചി തമ്മനത്ത്. ജയിലിറങ്ങിയ ഗുണ്ട സഹപ്രവര്‍ത്തകര്‍ക്ക് പരസ്യമായി പാര്‍ട്ടി നടത്തിയതും റീലിറക്കിയതും തൃശൂരില്‍.

കഴക്കൂട്ടത്ത് വീട്ടമ്മയുടെ കഴുത്തിൽ വെട്ടുകത്തി വച്ച് ഭീഷണിപ്പെടുത്തുകയും അവരുടെ ഭർത്താവിനെ മർദ്ദിക്കുകയും ചെയ്ത ഗുണ്ട,​ ആ കേസിൽ ജാമ്യത്തിലിറങ്ങി വന്ന് പരാതിക്കാരുടെ വീടിന് തീയിടുകയാണ് ചെയ്തത്. ഇങ്ങനെ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ സംസ്ഥാനത്ത് ചെറുതും വലുതുമായ ഗുണ്ടാ അക്രമങ്ങൾ പലതുണ്ടായി. 

അതിനിടെ  ഗുണ്ടാ തലവന്‍ മോചിതനായതിന്റെ ഭാഗമായായി കുപ്രസിദ്ധ ഗുണ്ടകളെ അണിനിരത്തി തൃശ്ശൂരിൽ അരങ്ങേറിയ ‘ആവേശം’ മോഡൽ പാർട്ടിയും വിവാദത്തിലായി.കൊലപാതകക്കേസ് ഉൾപ്പെടെ പല ക്രിമിനല്‍ കേസുകളിലും പ്രതികളായ 60-ഓളം പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. എന്നാൽ ഇവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമൃത്തിൽ വിട്ടയയ്ക്കുകയാണ് പോലീസ് ചെയ്തത്.

ഗുണ്ടകൾക്കു വേണ്ടിയുള്ള രാഷ്ട്രീയ ഇടപെടലുകൾ മൂലം പോലീസിനും ഇവരെ പിടികൂടുന്നതിന് തടസ്സമുണ്ടാക്കുന്നതായും ആക്ഷേപമുണ്ട്. ജാമ്യത്തിലിറങ്ങുന്ന പ്രതികളാണ് പലയിടത്തും ഗുണ്ടാ ആക്രണങ്ങൾക്ക് നേതൃത്വം നൽകുന്നത്.

തിരുവനന്തപുരത്ത് അഖിൽ എന്ന യുവാവിനെ കല്ലുകൊണ്ടിടിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയത് മറ്റൊരു കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ക്രിമിനലുകളാണ്. സിസി ടിവികൾ ഉള്ളതിനാൽ കൊലപാതകം നടത്തുന്ന പൈശാചിക രംഗങ്ങൾ സഹിതമാണ് ഗുണ്ടാ വിളയാട്ടങ്ങൾ പുറത്തുവരുന്നത്. 

കാപ്പ നിയമം ഉപയോഗിച്ച് കൊടുംക്രിമിനലുകളെ തടവിലാക്കുന്നതിലെ ഒത്തുകളിയും ജാമ്യത്തിലും പരോളിലും ഇറങ്ങുന്ന ക്രിമിനലുകളെ അതത് സ്റ്റേഷൻ പരിധിയിൽ നിരീക്ഷിക്കുന്നതിലും പ്രകടമായ വീഴ്ചകളാണ് സംഭവിക്കുന്നത്. 

പ ന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതിയായ രാഹുല്‍ രാജ്യം വിട്ടതും പോലീസിന്റെ അനാസ്ഥ മൂലമെന്ന് പരാതിയുണ്ട്. പോലീസ് പ്രതിക്ക് അനുകൂലമായി നിലകൊണ്ടതും വലിയ വിവാദങ്ങൾക്ക് ഇടയാക്കി.പിന്നെ എങ്ങനെ നാട്ടിൽ നീതിയും ന്യായവും ഉണ്ടാകുമെന്നാണ് പൊതുജനം ചോദിക്കുന്നത്.

അതേസമയം ഗുണ്ടാ ആക്രമണം വ്യാപകമായതോടെ പരാതി ഉയർന്നതിനെത്തുടർന്ന് പ്രത്യേക പരിശോധനയുമായി പൊലീസ് രംഗത്തെത്തി. ഓപ്പറേഷൻ ആ​ഗ് എന്ന പേരിലാണ് പരിശോധന നടത്തുന്നത്.

കാപ്പ ചുമത്തിയവർ, പിടികിട്ടാപ്പുള്ളികളെ പിടികൂടുക എന്നതാണ് പൊലീസ് ഓപ്പറേഷൻ ആ​ഗിലൂടെ ലക്ഷ്യമിടുന്നത്. കേസുകളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിയുന്നവരെയും പൊലീസ് പിടികൂടും. സിറ്റി പൊലീസ കമ്മീഷണറുടെയും റൂറൽ എസ്പിയുടെയും നിർദ്ദേശപ്രകാരമാണ് ഇപ്പോൾ ​ഗുണ്ടാലിസ്റ്റിൽ പെട്ട കുറ്റവാളികളുടെ വീട്ടിൽ ഉൾപ്പെടെ പരിശോധന നടത്തുന്നത്.

ഒരുവശത്ത് പോലീസ് എസ്‌കോർട്ടോടെ വി ഐ പികൾ കാറിൽ പറക്കുമ്പോൾ വഴിയരികിലും സ്വന്തം വീട്ടിനുള്ളിൽ പോലും സാധാരണക്കാരുടെ ജീവൻ നഷ്ടമാകുന്നു. കേരളം ഗുണ്ടകൾ വിലസുന്ന നാടായി മാറുമ്പോൾ ജനം ഭയചകിതരാണെന്ന കാര്യം ഭരണകർത്താക്കൾക്ക് പോലും അറിയേണ്ട കാര്യമില്ല എന്നതാണ് സത്യം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments