Friday, May 17, 2024
spot_imgspot_img
HomeNewsആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ജയരാജന് നിർദ്ദേശം,വ്യക്തിപരമായി ഒരാളെ കണ്ടാല്‍ അതൊക്കെ തെറ്റായിപ്പോയെന്ന് പറയുന്നത്...

ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ജയരാജന് നിർദ്ദേശം,വ്യക്തിപരമായി ഒരാളെ കണ്ടാല്‍ അതൊക്കെ തെറ്റായിപ്പോയെന്ന് പറയുന്നത് എന്ത് ഭ്രാന്താണ്, നടപടിയെടുക്കേണ്ട ആവശ്യമില്ല; ഇ.പിയെ സംരക്ഷിച്ച് സിപിഎം

തിരുവനന്തപുരം: എല്‍ഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച വിവാദമായിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും ഇ പി ജയരാജനെ തള്ളാതെ സിപിഐഎം. ഇപിക്കെതിരെ നടപടിയുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും ഒന്നുമുണ്ടായില്ല.CPM says there is no need to take action on EP Jayarajan’s meeting with BJP leader Prakash Javadekar

ഇപി വിവാദത്തിൽ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ജയരാജന് നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് തുടരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി.

ഇ.പി. ജയരാജൻ തിരഞ്ഞെടുപ്പ് ദിവസം നടത്തിയ പത്രപ്രസ്താവനയുമായി ബന്ധപ്പെട്ട കാര്യം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പരിശോധിച്ചെന്നും ഇ.പി- ജാവഡേക്കർ കൂടിക്കാഴ്ച തിരഞ്ഞെടുപ്പില്‍ പാർട്ടിക്ക് ദോഷംചെയ്യില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി ഇ.പി പാർട്ടിയെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി. നേതാവിനെ ഏതാണ്ട് ഒരു വർഷം മുമ്ബ് നേരില്‍ കണ്ടതുമായി ബന്ധപ്പെട്ട കാര്യം അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്. അതുള്‍പ്പെടെ ഉപയോഗപ്പെടുത്തിയിട്ടാണ് വലിയ പ്രചാരവേല നടത്തുന്നത്.

രാഷ്ട്രീയ എതിരാളികളെ പല സന്ദർഭങ്ങളിലായി നേരില്‍ കാണുന്നുണ്ട്, സംസാരിക്കുന്നുണ്ട്. അങ്ങനെ കാണുകയോ സംസാരിക്കുയോ ചെയ്യുമ്ബോള്‍ അവസാനിച്ചുപോകുന്ന ഒരു പ്രത്യയശാസ്ത്ര കരുത്ത് മാത്രമേ തൊഴിലാളിവർഗ പ്രസ്താനത്തിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും ഉള്ളൂ എന്ന പൈങ്കിളി ശാസ്ത്രം വെച്ചുകൊണ്ടാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.

ബിജെപി നേതാവിനെ ഒരു വര്‍ഷം മുമ്പ് കണ്ടത് ജയരാജന്‍ തന്നെ വിശദീകരിച്ച കാര്യമാണ്. എതിര്‍പക്ഷത്തുള്ള നേതാവിനെ കണ്ടാല്‍ ഇല്ലാതാകുന്നതല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം.

ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറായി തുടരും. വസ്തുതകള്‍ തുറന്നു പറയുകയാണ് ഇ പി ചെയ്തത്. സത്യസന്ധമായാണ് കാര്യങ്ങള്‍ പറഞ്ഞത്. അത് പാര്‍ട്ടിക്ക് ദോഷം ചെയ്യില്ല.

ദില്ലിയിലും എറണാകുളത്തും രാമനിലയത്തിലും അടക്കം കൂടിക്കാഴ്ച നടന്നെന്ന വാദം ശുദ്ധ അസംബന്ധമാണ്. ശോഭാ സുരേന്ദ്രനെതിരേ നിയമനടപടി സ്വീകരിക്കാൻ ഇ.പി ജയരാജനോട് നിർദേശിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.

വാർത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ആസൂത്രിതമായ ചില നീക്കങ്ങള്‍ നടന്നു. കമ്മ്യൂണിസ്റ്റ് വിരോധമാണ് ജയരാജനുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നില്‍. ഇത്തരം തെറ്റായ നിലപാടുകളേയും സമീപനങ്ങളേയും ഫലപ്രദമായി പ്രതിരോധിക്കുന്നതിന് നിയമപരമായ മാർഗങ്ങള്‍ സ്വീകരിക്കേണ്ടി വരും.

അങ്ങനെ സ്വീകരിക്കുന്നതിന് ജയരാജനെ പാർട്ടി ചുമതലപ്പെടുത്തി. ദല്ലാള്‍ നന്ദകുമാറിനെ പോലുള്ളവരുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കുകതന്നെ വേണമെന്നാണ് സെക്രട്ടേറിയറ്റിൻറെ നിലപാട്. നന്ദകുമാറുമായുള്ള ബന്ധം ഉള്‍പ്പെടെ നേരത്തെ തന്നെ അവസാനിപ്പിച്ചിട്ടുണ്ടെന്ന് ജയരാജൻ വ്യക്തമാക്കിയിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ജാവഡേക്കറെ ഇ.പി. കണ്ടത് തെറ്റായി എന്ന് പറയാനാവില്ല. വ്യക്തിപരമായി ഒരാളെ കണ്ടാല്‍ അതൊക്കെ തെറ്റായിപ്പോയെന്ന് പറയുന്നത് എന്ത് ഭ്രാന്താണ്. സാമൂഹിക ജീവിതത്തിലെ സാംസ്കാരിക മൂല്യമുള്ള ഒരു രാഷ്ട്രീയമാണ് നമ്മളെല്ലാവരും കൈകാര്യം ചെയ്യുന്നത്.

ആരെങ്കിലും ഒരാളെ കണ്ട ഉടനെ ആ രാഷ്ട്രീയം അവസാനിച്ചുപോകും എന്നത് എന്ത് തെറ്റായ വിശകലനമാണ്. പ്രധാനമന്ത്രിയെവരെ കണ്ടാല്‍ എന്താണ് പ്രശ്നം. അവരോട് മിണ്ടാൻ പാടില്ല കാണാൻ പാടില്ല എന്ന് പറയുന്നത് ശരിയായ രാഷ്ട്രീയമല്ല.

ചർച്ചയ്ക്ക് പോകുമ്ബോഴൊക്കെ സ്ഥിരമായി കാണാറുണ്ട്. അതേസമയംതന്നെ രാഷ്ട്രീയത്തില്‍ കർശന നിലപാട് സ്വീകരിക്കാൻ സാധിക്കും, എം.വി. ഗോവിന്ദൻ പറഞ്ഞു.

വിഷയത്തില്‍ നടപടിയെടുക്കേണ്ട ആവശ്യമില്ല. സംഭവത്തില്‍ മാധ്യമങ്ങളുടെ പൈങ്കിളി പ്രചാരണമാണ്. അത് കള്ള പ്രചാരണവുമാണ്. ഇതെല്ലാം പാര്‍ട്ടിക്ക് ബോധ്യമായി. അതിശക്തമായ കമ്മ്യൂണിസ്റ്റ് വിരോധമാണ് മാധ്യമങ്ങളുടെ പ്രചാരണത്തിലൂടെ വ്യക്തമാക്കുന്നത്.

പാര്‍ട്ടി സെക്ക്രട്ടറിയെ നിയോഗിക്കുന്നത് ജൂനിയര്‍, സീനിയര്‍ നോക്കിയല്ല. വിഷയത്തില്‍ ജയരാജന്റെ നിയമ നടപടിക്ക് പൂര്‍ണ പിന്തുണ പാര്‍ട്ടി നല്‍കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.മറ്റ് നേതാക്കളും ഇപിക്കെതിരെ പാർട്ടി യോഗത്തിൽ സംസാരിച്ചില്ല. 

അതേസമയം താൻ നൽകിയ വിശദീകരണം പാര്‍ട്ടിക്ക്  ബോധ്യമായിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഇപി മാധ്യമങ്ങളെയും വിമര്‍ശിച്ചു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കണ്ടിട്ടില്ല. താൻ ബിജെപിയിൽ ചേരാൻ ചര്‍ച്ച നടത്തിയെന്ന ആരോപണത്തിൽ നിയമ നടപടിയുമായി മുന്നോട്ട് പോകും.

വിവാദങ്ങൾ മീഡിയയാണ് ഉണ്ടാക്കിയത്. ഇതൊന്നും ആരോപണങ്ങളല്ല. ഫ്രോഡാണ്. വ്യാജവാര്‍ത്തകളാണ് ഞാനുമായി ബന്ധപ്പെട്ട് പ്രചരിച്ചത്. ഇതിൽ രാഷ്ട്രീയമുണ്ട്. ഇതിന്റെ അടിസ്ഥാനം സാമ്പത്തികമാണ്.

അത്തരത്തിൽ മാധ്യമങ്ങൾ മാറരുത്. മാധ്യമങ്ങൾ കൊത്തിവലിച്ചാൽ തീരുന്നയാളല്ല ഞാൻ. പാര്‍ട്ടിക്ക് മാത്രമല്ല, മാധ്യമങ്ങളെ കുറിച്ച് ജനങ്ങൾക്കും നല്ല ബോധ്യമുണ്ടെന്ന് ഇപി പ്രതികരിച്ചു. ചില മാധ്യമങ്ങളും ഗൂഡാലോചനയിൽ പങ്കെടുത്തുവെന്നും ഇപി പാര്‍ട്ടിയോഗത്തിൽ വിശദീകരിച്ചു.

സിപിഎമ്മിന്റെ തെറ്റും ശരിയും തീരുമാനിക്കേണ്ടത് സിപിഎമ്മാണെന്നും സിപിഐ നിലപാട് എൽഡിഎഫ് യോഗത്തിൽ  ഉന്നയിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ദല്ലാൾമാരെ അകറ്റി നിർത്തണമെന്നത് നിർബന്ധമാണ്. ഇത്തരം വിഷയങ്ങളിൽ ജാഗ്രത പാലിക്കമെന്നത് ഇടതുപാർട്ടികളുടെ പൊതു നിലപാടാണെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments