Friday, May 17, 2024
spot_imgspot_img
HomeNewsKerala News'അടുക്കള ലീഗെന്ന്' ഈ കുട്ടികളില്‍ ചിലര്‍ അന്ന് ആക്ഷേപിച്ചത് ഇപ്പോഴും ഓര്‍മ്മയുണ്ട്, ഇസ്ലാമിക് ഫെമിനിസം തലയിലുള്ളവര്‍...

‘അടുക്കള ലീഗെന്ന്’ ഈ കുട്ടികളില്‍ ചിലര്‍ അന്ന് ആക്ഷേപിച്ചത് ഇപ്പോഴും ഓര്‍മ്മയുണ്ട്, ഇസ്ലാമിക് ഫെമിനിസം തലയിലുള്ളവര്‍ ലീഗ് വിരുദ്ധരാണ്’;തിരിച്ചെടുത്ത മുന്‍ ഹരിത നേതാക്കള്‍ക്കെതിരെ നൂര്‍ബിന റഷീദ്

കോഴിക്കോട്: യൂത്ത് ലീഗിലേക്ക് തിരിച്ചെടുത്ത മുന്‍ ഹരിത നേതാക്കള്‍ക്കെതിരെ ലീഗ് നേതാവ് നൂര്‍ബിന റഷീദ്. ഹരിത വിവാദം പാര്‍ട്ടിക്ക് വലിയ പരിക്കുണ്ടാക്കിയെന്നും ഫെമിനിസ്റ്റ് കാഴ്ചപ്പാടുകള്‍ തലയിലിരിക്കുന്ന നേതാക്കള്‍ ഉപേക്ഷിക്കണമെന്നും നൂര്‍ബിദ റഷീദ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.Noorbina Rasheed against former haritha leaders who were reinstated

ഇസ്ലാമിക് ഫെമിനിസം തലയിലുള്ളവര്‍ ലീഗ് വിരുദ്ധരാണ്. ലീഗ് നേതാക്കളെ സ്ത്രീ വിരുദ്ധരായി ചിത്രീകരിച്ചവരാണ് ഹരിത നേതാക്കള്‍. ‘അടുക്കള ലീഗെന്ന്’ ഈ കുട്ടികളില്‍ ചിലര്‍ അന്ന് ആക്ഷേപിച്ചത് ഇപ്പോഴും ഓര്‍മ്മയുണ്ട്. ഫെമിനിസം പ്രചരിപ്പിക്കുന്ന ഒരു പ്രവര്‍ത്തിയിലേക്കും മുസ്ലിം പെണ്‍കുട്ടികള്‍ ഇനി വരാതിരിക്കട്ടെയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നൂര്‍ബിന റഷീദിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

എം.എസ്.എഫിലും ഹരിതയിലും കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി നടപടി നേരിട്ടവരെ ഇപ്പോള്‍ തിരിച്ചെടുത്തിരിക്കുകയാണ്. കമ്മീഷനുകള്‍ വെച്ച് കൃത്യമായ അന്വേഷണം നടത്തി പാര്‍ട്ടിക്ക് ബോധ്യമായ സത്യത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് പാര്‍ട്ടി നടപടി കൈക്കൊണ്ടത്.

ആ വിവാദം പാര്‍ട്ടിക്ക് ഉണ്ടാക്കിയ പരിക്ക് വളരെ ഗുരുതരമായതാണ്. ഓരോ മുസ്ലിം ലീഗ് പ്രവര്‍ത്തകരെയും സ്ത്രീവിരുദ്ധരായും വികല കാഴ്ചപ്പാടുകാരായും കോഴിക്കോട്ടെ പ്രസ്‌ക്ലബ്ബില്‍ പോയി അവതരിപ്പിച്ച ആ പെണ്‍കുട്ടികള്‍ ഇപ്പോഴും ഇതെല്ലാം ആ പോരാട്ടത്തിന്റെ ഭാഗമായാണെന്ന് ധരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

‘താലിബാന്‍ ലീഗെന്ന്’ തലക്കെട്ടെഴുതി കേരളത്തിലെ മാധ്യമങ്ങള്‍ കൊഴുപ്പിച്ചെടുത്ത ചര്‍ച്ചകള്‍ക്ക് മുന്നില്‍ ശിരസ്സ് കുനിക്കേണ്ടി വന്ന ഈ പാര്‍ട്ടിയിലെ ലക്ഷക്കണക്കായ പ്രവര്‍ത്തകരെ കുറിച്ച് ഇനിയെങ്കിലും അവര്‍ ചിന്തിക്കട്ടെ.

പാര്‍ട്ടിക്ക് നല്‍കിയ മാപ്പ് കത്തിന്റെ അടിസ്ഥാനത്തിലും പാര്‍ട്ടിയെ ധിക്കരിച്ച് അന്ന് വനിതാകമ്മീഷന് നല്‍കിയ കേസ് പിന്‍വലിച്ചതിന് ശേഷമാണ് ഇപ്പോള്‍ ഇവര്‍ കടന്നുവന്നിരിക്കുന്നത്. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല മാധ്യമങ്ങള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും ഈ പാര്‍ട്ടിയെ കൊത്തിവലിക്കാന്‍ ഇട്ടുകൊടുത്ത നിങ്ങളോട് അന്ന് സ്വന്തം മക്കളെപോലെയാണ് ആ പ്രവര്‍ത്തികളില്‍ നിന്ന് പിന്മാറാന്‍ നമ്മുടെ നേതാക്കള്‍ ആവിശ്യപ്പെട്ടത്.

ഇന്ന് പശ്ചാത്തപിച്ച് നിങ്ങള്‍ മടങ്ങി വന്നപ്പോഴും സ്വീകരിക്കുന്നത് ആ സാത്വികരായ നേതാക്കള്‍ സ്വന്തം മക്കളായി കണ്ടതുകൊണ്ടാണ്. ഒരു ഉമ്മയായ ഞാന്‍ ഏറെ വികാരവായ്‌പോടെയാണ് ഇത് കണ്ടുകൊണ്ടിരിക്കുന്നത്.

നമ്മുടെ മക്കള്‍ തെറ്റ് തിരുത്തി കടന്നുവരുമ്പോള്‍ എത്ര സ്‌നേഹത്തോടെയാണ് നമ്മുടെ നേതാക്കള്‍ ആ കുട്ടികളെ ചേര്‍ത്ത് നിര്‍ത്തുന്നത്. തലയിലിരിക്കുന്ന ഫെമിനിസ്റ്റ് കാഴ്ച്ചപ്പാടുകള്‍ വലിച്ചെറിയാന്‍ ഇനിയെങ്കിലും അവര്‍ക്ക് കഴിയട്ടെ. ഇന്ത്യന്‍ ജനാധിപത്യത്തില്‍ തന്റെ വിശ്വാസവും സ്വത്വവും മുറുകെപ്പിടിച്ച് മുസ്ലിം സ്ത്രീകള്‍ രംഗപ്രവേശം നടത്തിയ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ പോഷക സംഘടനയാണ് വനിതാ ലീഗ്.

‘അടുക്കള ലീഗെന്ന്’ ഈ കുട്ടികളില്‍ ചിലര്‍ അന്ന് ആക്ഷേപിച്ചത് ഇപ്പോഴും ഓര്‍മ്മയുണ്ട്. വളരെ വേദന തോന്നിയ സമയമായിരുന്നു അത്. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ വനിതാ ലീഗ് പ്രസ്ഥാനത്തിന്റെ സാരഥ്യം പരിശോധിച്ചാല്‍ , കാലഘട്ടത്തിന്റെ ഒഴുക്കിനെതിരെ പോരാടികൊണ്ടാണ് അഭ്യസ്തവിദ്യാരായ ഒരു പാട് വനിതകള്‍ പച്ചക്കൊടിയേന്തി മാതൃസംഘടനക്കു കരുത്തേകിയത് കാണാനാകും.

മക്കളെ പോറ്റി വളര്‍ത്തുന്ന കുടുംബിനികളായ ഇവിടുത്തെ ഉമ്മമാര്‍ അഭിമാനത്തോടെ ഇവിടുത്തെ രാഷ്ട്രീയ മണ്ഡലത്തില്‍ എഴുനേറ്റ് നിന്നത് വനിതാ ലീഗ് പ്രസ്ഥാനത്തിലൂടെയാണ്. വിദ്യാര്‍ത്ഥിനികളായ മുസ്ലിം പെണ്‍കുട്ടികള്‍ കടന്നുവരേണ്ട അനിവാര്യതക്ക് വനിതാലീഗിന്റെ പങ്കും കണ്ടില്ല എന്നു നടിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിനുതുല്യമാണ്.

ഇസ്ലാമിന് നിരവധി ഹദീസുകള്‍ നല്‍കിയ സ്വഹാബത്തുകളെ നിരാകരിച്ചു കൊണ്ട് മുസ്ലിം പെണ്‍കുട്ടികളെ ലിബറിലിസത്തിലേക്ക് തള്ളിവിടാനായി നിര്‍മ്മിച്ച ആശയമാണ് ‘ഇസ്ലാമിക ഫെമിനിസം’ ഈ ആശയം തലയിലുള്ളവര്‍ മുസ്ലിം ലീഗ് ആദര്‍ശത്തിന് തന്നെ വിരുദ്ധരാണ്.

ഇത്തരത്തില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്കിടയില്‍ ലിബറലിസം പ്രചരിപ്പിക്കുന്ന ഒരു പ്രവര്‍ത്തിയിലേക്കും ഇവര്‍ വരാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments