ഇടുക്കി: ചക്കക്കൊമ്പൻ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു അവശ നിലയിലായിരുന്ന ചിന്നക്കനാലിലെ കൊമ്പൻ മുറിവാലൻ ചരിഞ്ഞു. കഴിഞ്ഞ ദിവസമാണ് കാട്ടാനകൾ തമ്മില്‍ കൊമ്പുകോർത്തത്. ഇതെ തുടർന്ന് മുറിവാലൻ കൊമ്പന് പരുക്കേറ്റിരുന്നു. പരിക്കേറ്റ ആനയ്ക്ക് വനംവകുപ്പിൻ്റെ നേതൃത്വത്തിൽ ചികിത്സ നൽകിയിരുന്നു. എന്നാൽ, നട്ടെല്ലിന് സമീപം ആഴത്തിൽ മുറിവേറ്റതാണ് മരണകാരണം.
ചക്കക്കൊമ്പനും മുറിവാലൻകൊമ്പനും പല ദിവസങ്ങളിലായി ചിന്നക്കനാൽ മേഖലയിൽ കൊമ്പുകോർത്തിരുന്നു. ചിന്നക്കനാലിലെ അറുപതേക്കർ ചോലയിൽ മുറിവാലൻകൊമ്പൻ ശനിയാഴ്ച രാവിലെയാണ് പരിക്കേറ്റ് വീണത്. ശരീരത്തിൽ 15 കുത്തേറ്റ പാടുകലുണ്ടായിരുന്നു.
21നുണ്ടായ ഏറ്റുമുട്ടലിലാണ് മുറിവാലന്റെ ഇടത്തെ പിൻകാലിന് സാരമായ പരിക്കേറ്റത്. തുടർന്ന് ആന നടക്കാൻ ബുദ്ധിമുട്ടിയിരുന്നു. ഇതോടെ വനംവകുപ്പ് ആനയെ നിരീക്ഷിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ആനകൾ തമ്മിൽ വീണ്ടും ഏറ്റുമുട്ടുകയായിരുന്നു.