കോഴിക്കോട്: താരസംഘടനയായ അമ്മയിലെ പൊട്ടിത്തെറിക്ക് പിന്നാലെ പ്രതികരിച്ച് വുമണ്‍ ഇൻ സിനിമ കളക്‌ടീവ് (ഡബ്ല്യു സി സി).
‘പുനരാലോചിക്കാം, പുനർനിർമ്മിക്കാം, മാറ്റങ്ങള്‍ക്കായി ഒന്നിച്ചു നില്‍ക്കാം. നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്. നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാം’ – എന്നായിരുന്നു ഡബ്ല്യു സി സി പ്രതികരിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റ് വഴി ആയിരുന്നു പ്രതികരണം.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ രൂക്ഷമാകുന്നതിനിടെ ചൊവ്വാഴ്ചയാണ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചുകൊണ്ട് മോഹൻലാൽ പത്രക്കുറിപ്പ് പുറത്തിറക്കിയത്. ‘അമ്മ’ ഭരണസിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടിവന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ധാർമ്മിക ഉത്തരവാദിത്വം മുൻനിർത്തി രാജി വെക്കുന്നുവെന്നാണ് പത്രക്കുറിപ്പിൽ മോഹൻലാൽ പറഞ്ഞത്. 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും ഇതിനൊപ്പം പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡബ്ല്യൂ.സി.സി പോസ്റ്റ് പങ്കിട്ടത്.