ബയ്റുത്ത്: ലെബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിലാണ് വാക്കി ടോക്കികൾ പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച ലെബനൻ്റെ വിവിധ ഭാഗങ്ങളിൽ പേജറുകൾ പൊട്ടിത്തെറിച്ച് ഒൻപത് പേർ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റവരുടെ എണ്ണം 2,800 മായിരുന്നു. ഇതിനെ തുടർന്നാണ് ബുധനാഴ്‌ചത്തെ സ്ഫോടനം.
എത്ര വാക്കി ടോക്കികൾ പൊട്ടിത്തെറിച്ചുവെന്ന് വിവരം വ്യക്തമല്ല. ബെക്കാ വാലി, ദക്ഷിണ ലെബനൻ, ബയ്റുത്ത് എന്നിങ്ങനെ മൂന്നിടത്ത് സ്ഫോടനമുണ്ടായതായാണ് ലെബനീസ് മാധ്യമങ്ങളുടെ റിപ്പോർട്ട്. ഹിസ്ബുള്ള നേതാക്കളുടെ സംസ്കാരച്ചടങ്ങിനിടെയാണ് സ്ഫോടനമെന്നും റിപ്പോർട്ടുകളുണ്ട്.
സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇതിൽ ഇരുനൂറിലേറെപ്പേരുടെ നില അതീവ ഗുരുതരമാണ്.ആക്രമണത്തിൽ പരിക്കേറ്റവരിൽ ഭൂരിഭാഗവും ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയിലെ സായുധസംഘ അംഗങ്ങളാണ്.എം.പി.മാരായ അലി അമ്മാർ, ഹസ്സൻ ഫദ്ലള്ള എന്നിവരുടെ മക്കളും ഹിസ്ബുള്ള അംഗത്തിന്റെ പത്തുവയസ്സുകാരി കുട്ടിയും മരിച്ചവരിലുൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ലെബനനിലെ ഇറാൻ സ്ഥാനപതി മൊജ്‌താബ അമാനിക്ക് ഗുരുതരമായി പരിക്കേറ്റുട്ടുണ്ട്.
ഹിസ്ബുള്ള ഇറാനെ പിന്തുണയ്ക്കുന്ന ലെബനീസ് സായുധസംഘമാണ്. അവർക്കുവേണ്ട നൂതന ഉപകരണങ്ങളടക്കമുള്ളയെല്ലാം സിറിയയും ഇറാഖും വഴി എത്തിക്കുന്നത് ഇറാനാണ്. ഹിസ്ബുള്ളയ്ക്കുനേരേ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപനത്തിനു മണിക്കൂറുകൾക്കകമാണ് തുടരേയുള്ള ആക്രമണങ്ങളുണ്ടാകുന്നത്.