Wednesday, April 17, 2024
spot_imgspot_img
HomeNewsകടത്തനാടൻ കോട്ട പിടിക്കാൻ സിപിഎമ്മിന്റെ കരുത്തയായ സ്ഥാനാർത്ഥി കെ.കെ.ശൈലജ, യുഡിഎഫിന്റെ ജനപ്രിയനായ യുവ നേതാവ് ഷാഫി...

കടത്തനാടൻ കോട്ട പിടിക്കാൻ സിപിഎമ്മിന്റെ കരുത്തയായ സ്ഥാനാർത്ഥി കെ.കെ.ശൈലജ, യുഡിഎഫിന്റെ ജനപ്രിയനായ യുവ നേതാവ് ഷാഫി പറമ്പില്‍, വടകരക്കാരനായ എൻ.ഡി.എ സ്ഥാനാർഥി പ്രഫുൽ കൃഷ്ണന്‍;കടുത്ത പോരാട്ടത്തിനൊരുങ്ങി വടകര

കോഴിക്കോട്: ഇത്തവണ ലോകസഭാ തെരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടത്തിന് തന്നെയാണ് വടകര മണ്ഡലവും ഒരുങ്ങുന്നത്.. മുന്‍പ് സിപിഎം ആധിപത്യമായിരുന്ന വടകരയില്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അത്ര എളുപ്പത്തില്‍ ജയിച്ചു കയറാന്‍ ആവില്ല.Vadakara constituency is gearing up for Lok Sabha elections

ഇപ്പോള്‍ കോണ്ഗ്രസ് ആധിപത്യം പുലര്‍ത്തുന്ന മണ്ഡലം കൂടിയാണ് വടകര. 15 വർഷം മുമ്പുവരെ ഇടതു കോട്ടയായിരുന്ന വടകര 2009ൽ മുല്ലപ്പള്ളി രാമചന്ദ്രനിലൂടെയാണ് കോണ്ഗ്രസ് പിടിച്ചെടുക്കുന്നത്. 2014ലും ജയം ആവർത്തിച്ചു.ശേഷം 2019ൽ കെ മുരളീധരനിലൂടെ യുഡിഎഫ് നിലനിര്‍ത്തി.

ഇത്തവണ വടകരയില്‍ കൂടുതല്‍ ആവേശം ഉയര്‍ത്തിക്കൊണ്ട് പാലക്കാടിന്റെ പ്രിയ എം.എൽ.എ ഷാഫി പറമ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായതും ശ്രദ്ധേയമായിരിക്കുകയാണ്. വടകരയില്‍ കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്നെങ്കിലും പദ്മജയുടെ ബിജെപി പ്രവേശനത്തോടെ തീരുമാനങ്ങള്‍ മാറി മറിഞ്ഞു.

കരുണാകരന്റെ തട്ടകമായ തൃശൂരിലേക്ക് മുരളീധരനെ സ്ഥാനര്‍ത്തിയാക്കിയതാണ് ഷാഫിയെ വടകരയില്‍ എത്തിച്ചത്. യുവനേതാവായ ജനപ്രിയന്‍ ഷാഫിയെ സ്ഥാനാര്‍ത്തിയാക്കിയതില്‍ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.. ഷാഫിക്ക് വടകരയില്‍ ലഭിച്ച സ്വീകരണം തന്നെ ജയം ഉറപ്പാക്കുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ കെ ശൈലജയുടെ സ്ഥാനാര്‍ത്ഥിത്തവും മുന്നണിക്ക് ഏറ്റവും ആത്മവിശ്വാസം നല്‍കുന്നതാണ്. ജനപ്രീതിയില്‍ ഒട്ടും പിന്നിലല്ലാത്ത ശൈലജ ടീച്ചര്‍ ജയം ഉറപ്പിച്ചാണ് പ്രചരണം നടത്തുന്നത്.

എങ്ങനെയും മണ്ഡലം തിരിച്ചുപിടിക്കാനാണ് സി.പി.എം ശ്രമം. കെ.കെ.ശൈലജയുടെ ജനസമ്മതിയിലൂടെ അത് സാദ്ധ്യമാകുമെന്നാണ് കണക്കുകൂട്ടൽ. 

യുവമോർച്ച സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ കഴിവ് തെളിയിച്ചാണ് കടത്തനാടൻ കോട്ട പിടിക്കാൻ പ്രഫുലിന്റെ വരവ്. മണ്ഡലത്തിലെ ഇടതു,​ വലതു സ്ഥാനാർത്ഥികൾ ഇതര ജില്ലക്കാരാണെങ്കിലും പ്രഫുൽ കൃഷ്ണന്‍ തനി നാട്ടുകാരൻ.

വടകരയ്ക്കടുത്ത് ആയഞ്ചേരിയാണ് സ്വദേശം. വോട്ടുതേടാനിറങ്ങുമ്പോൾ പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും വലിയ നിരതന്നെ കൂടെയുണ്ട്.

മുരളീധരൻ കൈവിട്ട വടകരയിൽ കഴിഞ്ഞ ദിവസം പ്രഫുലിനായി പത്മജയിറങ്ങിയതും വേറിട്ട തിരഞ്ഞെടുപ്പ് കാഴ്ചയായി. വടകരയും ഇക്കുറി മാറിചിന്തിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലമാണ് വടകര. തലശ്ശേരി, കൂത്തുപറമ്പ്, വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്നതാണ് വടകര ലോക്‌സഭ മണ്ഡലം.

വർഷങ്ങളോളം സി.പി.എം ഉരുക്കുകോട്ടയായി സൂക്ഷിച്ച മണ്ഡലത്തില്‍ 2004ലാണ് സി.പി.എമ്മിന്റെ അവസാന ജയം. അഡ്വ. പി. സതീദേവി ആയിരുന്നു സ്ഥാനാർത്ഥി. ഒരുലക്ഷത്തി മുപ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അന്ന് സതീദേവി നേടിയത്.

2009 ആയതോടെ ടി.പി.ചന്ദ്രശേഖരൻ പാർട്ടിവിട്ട് റവലൂഷണറി മാർക്‌സിസ്റ്റ് പാർട്ടിയുണ്ടാക്കി. സി.പി.എം ആടിയുലഞ്ഞു. സതീദേവി തന്നെ സ്ഥാനാർത്ഥിയായെങ്കിലും കോൺഗ്രസിന്റെ മുല്ലപ്പള്ളി രാമചന്ദ്രൻ അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് സതീദേവിയെ തോൽപ്പിച്ചു.

2014ലും മുല്ലപ്പള്ളി നയിച്ചു. പ്രതിയോഗിയായി എ.എൻ.ഷംസീർ വന്നിട്ടും ഒന്നും നടന്നില്ല. 2019 ആയപ്പോൾ മണ്ഡലം എന്ത് വിലകൊടുത്തും തിരിച്ചപിടിക്കാൻ പി.ജയരാജനെ ഇറക്കി നോക്കിയെങ്കിലും നടന്നില്ല.

കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരൻ ഇത്തവണയും വടകരയിൽ പ്രധാന തിരഞ്ഞെടുപ്പ് ചർച്ചയാണ്. 2009ൽ സി.പി.എം വിട്ട് ചന്ദ്രശേഖരനുണ്ടാക്കിയ ആർ.എം.പി ഒറ്റയ്ക്ക് മത്സരിച്ച് 21,000വോട്ട് നേടിയത് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയത്തിനെ കുറച്ചൊന്നുമല്ല സഹായിച്ചത്.

ടി.പിയുടെ അരുംകൊല വടകരയെ ഞെട്ടിച്ചു. തുടർന്ന് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും ടി.പി. വധവും 51 വെട്ടും പ്രധാന പ്രചരണ ആയുധമായി. ഇത്തവണയും  പ്രതികൾക്ക് ലഭിച്ച ഇരട്ട ജീവപര്യന്തവും പുതുതായി പ്രതി ചേർക്കപ്പെട്ട രണ്ട് സി.പി.എം നേതാക്കളും എല്ലാം യുഡിഎഫ് പ്രചാരണ ആയുധമാക്കും. 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments