കാലിഫോര്‍ണിയ: ഗാസയില്‍ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ പ്രദേശത്ത് സന്ദർശനം നടത്തിയ അമേരിക്കയിൽ നിന്നുള്ള പ്രതിനിധി സംഘം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത്.US Christian delegation reveals that Gaza has become a killing field
ഗാസ ഒരു കൊലക്കളമായി മാറിയെന്ന് പ്രദേശത്ത് സന്ദര്‍ശനം നടത്തിയ 23 പേര്‍ അടങ്ങുന്ന പ്രതിനിധി സംഘം വെളിപ്പെടുത്തി.
അപ്പാർട്ട്മെന്റുകളും, സ്കൂളുകളും, ആശുപത്രികളും, ക്രൈസ്തവ ദേവാലയങ്ങളും, മോസ്കുകളും, ചന്തകളും ഇസ്രായേലിന്റെ പട്ടാളം ഇടിച്ചു നിരത്തുകയാണെന്നും, ഈജിപ്ത് അതിർത്തിയിൽ ഭക്ഷണവും, മറ്റ് അവശ്യവസ്തുക്കളുമായി എത്തുന്ന വാഹനങ്ങളെ തടയുകയാണെന്നും സംയുക്ത പ്രസ്താവനയിൽ പ്രതിനിധി സംഘം പറഞ്ഞു.
പട്ടിണി വ്യാപകമാണെന്നു വെളിപ്പെടുത്തിയ പ്രതിനിധി സംഘം, പകർച്ചവ്യാധികളും, ഉദരസംബന്ധമായ പ്രശ്നങ്ങളും, ശുദ്ധമായ വെള്ളത്തിന്റെയും, മരുന്നുകളുടെയും അഭാവവും വരും നാളുകളില്‍ ഇനിയും ആയിരക്കണക്കിന് ആളുകളുടെ ജീവനെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി.
നേരത്തെ പ്രദേശം സന്ദർശിച്ചവരും, ഇവിടെ ജോലി ചെയ്തവരും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു. ഹമാസിനെ തങ്ങൾ പിന്തുണയ്ക്കുന്നില്ലായെന്ന് പറഞ്ഞ പ്രതിനിധി സംഘം, ഒക്ടോബർ ഏഴാം തീയതി ഹമാസ് ഇസ്രായേലിൽ നടത്തിയ അക്രമത്തെ അപലപിച്ചിരിന്നു.
ഇസ്രയേൽ വിഷയത്തിൽ ലോകത്തിന് രണ്ട് നിലപാടുകൾ ആണെന്ന് അവർ അഭിപ്രായപ്പെട്ടു.യുദ്ധത്തിനുവേണ്ടി അമേരിക്ക ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നതിനാൽ, ഇപ്പോഴത്തെ ഈ അവസ്ഥയിൽ മാറ്റം കൊണ്ടുവരാൻ അമേരിക്കയ്ക്കു കഴിയുമെന്നും പ്രതിനിധി സംഘം വ്യക്തമാക്കി.
ഇരു വിഭാഗങ്ങളും ബന്ധികളെ മോചിപ്പിക്കണമെന്നും, വെടി നിർത്തലിന് തയ്യാറാകണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.