Sunday, July 14, 2024
spot_imgspot_img
HomeNewsയുകെ മലയാളികള്‍ക്ക് അഭിമാനമായി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മലയാളിത്തിളക്കം; കോട്ടയം സ്വദേശി സോജന്‍ ജോസഫ്...

യുകെ മലയാളികള്‍ക്ക് അഭിമാനമായി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മലയാളിത്തിളക്കം; കോട്ടയം സ്വദേശി സോജന്‍ ജോസഫ് പിടിച്ചെടുത്തത് കൺസർവേറ്റീവ് പാർട്ടിയുടെ സിറ്റിങ് സീറ്റ്

ലണ്ടന്‍:  യു.കെ. പൊതുതിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായിരിക്കുകയാണ് മലയാളിയായ സോജന്‍ ജോസഫിന്റെ വിജയം. ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും കോട്ടയം ഓണംതുരുത്ത് സ്വദേശിയുമായ സോജന്‍ ജോസഫാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കുത്തക സീറ്റ് പിടിച്ചെടുത്ത് താരമായത്.UK Malayalees are proud of Sojan Joseph in the British Parliament

ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായി ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് വിജയിച്ചു കയറുന്ന മലയാളി എന്ന പേരും 49 കാരനായ സോജന് സ്വന്തം. തെരഞ്ഞെടുപ്പു വേദികളില്‍ സോജന്‍ ആദ്യമായല്ല മിന്നു വിജയം നേടുന്നത്. മുമ്പ് പ്രാദേശിക തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയിരുന്നു.

ഇതുവരെ ഒരു യുകെ മലയാളിയും നേടാത്ത വിധം വമ്പന്‍ രാഷ്ട്രീയ വിജയമാണ് ഇപ്പോള്‍ സോജനെ തേടി എത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന കെന്റ് കൗണ്ടിയിലുള്ള ആഷ്ഫഡ് മണ്ഡലത്തില്‍ നിന്നാണ് സോജന്‍ ജോസഫ് വിജയിച്ചത്.

കണ്‍സര്‍വേറ്റീവ് തേരാളി ഡാമിയന്‍ ഗ്രീന്‍ ജയിച്ചിരുന്ന സീറ്റിലേക്കാണ് സോജന്‍ ജയിച്ചു കയറിയിരിക്കുന്നത്. ഡാമിയന്‍ ഗ്രീനിനെ 1779 വോട്ടിനാണ് സോജന്‍ പരാജയപ്പെടുത്തിയത്. സോജന്‍ ജോസഫിന് 15,262 വോട്ടുകള്‍ (32.5 ശതമാനം) ലഭിച്ചപ്പോള്‍ ഡാമിയന്‍ ഗ്രീനിന് 13,484 വോട്ടുകള്‍ (28.7 ശതമാനം) മാത്രമേ കിട്ടിയുള്ളൂ.

റിഫോം യു.കെയുടെ ട്രിസ്ട്രാം കെന്നഡി ഹാര്‍പ്പര്‍ പതിനായിരത്തിലേറെ വോട്ടുപിടിച്ചതാണ് സോജന്റെ വിജയത്തില്‍ നിര്‍ണായകമായത്.

ലേബര്‍ പാര്‍ട്ടിയുടെ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയാണ് സോജന്‍ ജോസഫ് ശ്രദ്ധേയനാകുന്നത്. 1997 മുതല്‍ തുടര്‍ച്ചയായി ഇവിടെനിന്നും വിജയിക്കുന്ന ഡാമിയന്‍ ഗ്രീന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 13,000 വോട്ടായിരുന്നു ഭൂരിപക്ഷം. പ്രീപോള്‍ സര്‍വേകള്‍ നേരത്തേ സോജന്റെ വിജയം പ്രവചിച്ചിരുന്നു.

2001 ലാണ് ഇന്ത്യയില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയശേഷം സോജന്‍ ഡോസഫ് ജോലിക്കായി ബ്രിട്ടനിലെത്തുന്നത്. 2002 മുതൽ പൊതുരംഗത്ത് പ്രവർത്തിക്കുന്ന സോജന് മികച്ച അനുഭവസമ്പത്തുണ്ട്.

‘ആഷ്‌ഫോർഡിലേക്കുള്ള ലേബർ പാർട്ടിയുടെ പാർലമെന്‍ററി സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ട സോജൻ എൻഎച്ച്എസ് സേവനങ്ങൾ, സാമൂഹിക പരിചരണം, റോഡ്, ബിസിനസ്, ജീവിതച്ചെലവ് തുടങ്ങിയ നിർണായകമായ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാനും, സമൂഹത്തിന് വേണ്ടി നിലകൊള്ളാനും മുഴുവൻ സമയ എംപിയെ നമുക്ക് ആവശ്യമാണ് എന്ന മുദ്രാവാക്യവുമായാണ് സോജൻ മത്സരത്തിന് ഇറങ്ങിയത്.

2015 ലാണ് സോജന്‍ ജോസഫ് ലേബര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നത്. ആഷ്‌ഫോർഡ് ബറോ കൗൺസിലിലെ കൗൺസിലറും, കെന്റ് ആന്‍ഡ് മെഡ്‌വേ എന്‍.എച്ച്.എസ്. ആന്‍ഡ് സോഷ്യല്‍ കെയര്‍ പാര്‍ട്‌നര്‍ഷിപ്പ് ട്രസ്റ്റില്‍ മാനസികാരോഗ്യവിഭാഗം നഴ്‌സിങ് മേധാവിയുമായ സോജന്‍ ജോസഫ് യുകെയിലെ മലയാളികളുടെ അഭിമാനമായി മാറുകയാണ്.

ബെംഗളുരൂവിൽ നഴ്സിങ് പഠനം പൂർത്തിയാക്കിയ സോജൻ മാന്നാനം കെ.ഇ. കോളജിലെ പൂർവവിദ്യാർഥിയാണ്. കൈപ്പുഴ ചാമക്കാലായില്‍ ജോസഫിന്റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് സോജന്‍. ഭാര്യ ബ്രൈറ്റ ജോസഫ്. വിദ്യാര്‍ഥികളായ ഹാന്ന, സാറ, മാത്യു എന്നിവര്‍ മക്കളാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments