തൃശൂര്‍: തൃശൂരിലെ ലോക്സഭ മണ്ഡലത്തിലെ എതിർ സ്ഥാനാർത്ഥികളുടെ പ്രചാരണരീതികളെ വിമർശിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ. UDF candidate K Muralidharan criticized the campaigning methods of the opposing candidates
ചില പോസ്റ്ററുകൾ തൃശ്ശൂരിന്റെ തനി തങ്കം എന്നൊക്കെയാണ് എഴുതിയിട്ടുള്ളതെന്നും ഇടതു സ്ഥാനാർഥി തൃശൂർ കാണുന്നതിന് മുൻപ് തൃശൂർ കണ്ട ആളാണ് താനെന്നും മുരളീധരൻ പറഞ്ഞു. ഏതാണ് തങ്കം ഏതാണ് ചെമ്പ് എന്നത് വഴിയെ അറിയാം.
കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇന്ത്യ സഖ്യത്തിലെ ഘടക കക്ഷി എന്നു പറയാൻ പോലും അവകാശമില്ല. പിണറായി രാഹുൽ ഗാന്ധിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ആര്‍എസ്എസിന്‍റെ ആലയിൽ കൊണ്ട് കെട്ടിയ ആളാണ് പിണറായി.
തൃശൂരില്‍ യുഡിഎഫ് ജയിക്കണം. ബിജെപി മൂന്നാം സ്ഥാനത്തു പോകണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കലാമണ്ഡലം ഗോപിയുടെ മകന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തിലും മുരളീധരൻ പ്രതികരിച്ചു.
ചില സ്ഥാനാർഥിയെ ചിലർ വീട്ടിൽ പോലും കയറ്റാത്തത് നമ്മൾ സമീപദിവസങ്ങളിൽ കണ്ടുവെന്നായിരുന്നു പരിഹാസം. ബിജെപി -സിപിഎം ബാന്ധവത്തിന് എതിരെ ജനം വോട്ട് ചെയ്യും.
മോദി വന്നപ്പോൾ മലപ്പുറം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ വാഹനത്തിൽ കയറ്റിയില്ല.ഇത് എന്തു കൊണ്ടാണെന്നു ബിജെപി വ്യക്തമാക്കണം. വീട്ടിൽ വരുന്ന അതിഥികളോട് നന്നായി പെരുമാറുന്നതാണ് ഞങ്ങളുടെ സംസ്കാരം.
വീട്ടിൽ കയറ്റിയത് കൊണ്ട് കരുണാകരന്‍റെ പേരിൽ ഒരൊറ്റ വോട്ട് നേടാം എന്നു ബിജെപി കരുതണ്ടയെന്നും കെ മുരളീധരൻ പറഞ്ഞു.