ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കപ്പൽ ദുരന്തം ആണ് ടൈറ്റാനിക്ക് ദുരന്തം. 1912 ഏപ്രില്‍ 14 രാത്രിയാണ് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അഗാധതയിലേക്ക് ടൈറ്റാനിക് ആണ്ടു പോയത്. 1522 പേരുടെ ജീവനും കൊണ്ട് അറ്റ്ലാന്റിക് സമുദ്രത്തിന്റെ മടിത്തട്ടിലേക്ക് ടൈറ്റാനിക് നിദ്ര പ്രാപിച്ചപ്പോൾ മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ കപ്പൽ ദുരന്തമായി എഴുതി ചേർക്കുകയാണ് ചെയ്തത്.
ടൈറ്റാനിക് മുങ്ങിയ സമയത്ത് ജലം -2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഒരു മനുഷ്യന് 15 മിനിറ്റില്‍ കൂടുതല്‍ ഈ തണുപ്പ് അതിജീവിക്കുക അസാധ്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ജലത്തിന്റെ തണുപ്പിനെ കുറിച്ച് ആളുകള്‍ക്ക് മനസ്സിലാക്കുന്നതിനും കപ്പല്‍ മുങ്ങിയപ്പോള്‍ അതിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് എങ്ങനെ അനുഭവപ്പെട്ടിരിക്കുമെന്ന് അനുഭവിക്കാനും അവസരമൊരുക്കുന്ന ഒരു മ്യൂസിയമുണ്ട്.
അമേരിക്കയിലെ ടെന്നസിയില്‍ സ്ഥിതി ചെയ്യുന്ന ടൈറ്റാനിക് മ്യൂസിയത്തില്‍ ആണ് ഈ അപൂര്‍വ്വാനുഭവം നമ്മളെ കാത്തിരിക്കുന്നത്.
400 -ലധികം യഥാര്‍ത്ഥ ടൈറ്റാനിക് സ്മരണികകളുടെ ശേഖരമുണ്ട് ടൈറ്റാനിക് മ്യൂസിയത്തില്‍. ടൈറ്റാനിക് കപ്പലിന്റെ മുറികളുടെ പകര്‍പ്പുകലും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ കപ്പലിലെ യഥാര്‍ത്ഥ യാത്രക്കാരന്റെ പേരുള്ള ഒരു ബോര്‍ഡിംഗ് പാസ് ഇവിടുത്തെ മറ്റൊരു അവിസ്മരണീയ കാഴ്ചയാണ്.
22,000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ മ്യൂസിയത്തിലെ മറ്റു പ്രധാന ആകര്‍ഷണം ഒരു പ്രത്യേക ഊഷ്മാവില്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളമാണ്. ടൈറ്റാനിക് ദുരന്തം നടന്ന ആ രാത്രിയില്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഉണ്ടായിരുന്ന ജലത്തിന്റെ അതേ ഊഷ്മാവില്‍ ആണ് ഈ വെള്ളം ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. മ്യൂസിയത്തില്‍ എത്തുന്നവര്‍ക്ക് ഈ വെള്ളത്തില്‍ സ്പര്‍ശിച്ചാല്‍ അന്നേദിവസം ദുരന്തത്തില്‍ പെട്ടവര്‍ക്ക് ഉണ്ടായ അതേ അനുഭവം സ്വയം അനുഭവിച്ചറിയാം.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മ്യൂസിയത്തില്‍ സന്ദര്‍ശനത്തിന് എത്തിയ മൂന്നു വ്യക്തികള്‍ പ്രത്യേകം സൂക്ഷിച്ചിരിക്കുന്ന വെള്ളത്തില്‍ കൈകള്‍ ഇട്ട് തങ്ങള്‍ക്കുണ്ടായ അനുഭവം വ്യക്തമാക്കുന്നതാണ്. കൈകള്‍ വച്ച് മൂന്ന് പേരും സെക്കന്റുകള്‍ക്കുള്ളില്‍ ജലത്തില്‍ നിന്നും തങ്ങളുടെ കൈ പിന്‍വലിക്കുന്നത് വിഡിയോയിൽ കാണാം. സഹിക്കാനാവാത്ത അനുഭവം എന്നാണ് ഇവര്‍ ഈ അനുഭവത്തെ കുറിച്ച് പറയുന്നത്.