തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്‌ക്ക് കൈമാറിയിട്ടും അനുബന്ധ രേഖ കൈമാറാൻ വൈകിയ സംഭവത്തില്‍ അച്ചടക്ക നടപടി.
Three officials suspended for delay in handing over related document related to Siddharth’s death
അനുബന്ധ രേഖകള്‍ കൈമാറാൻ വൈകിയ ആഭ്യന്തര വകുപ്പിലെ മൂന്ന് വനിതാ ഉദ്യോഗസ്ഥർക്കാണ് സസ്‌പെൻഷൻ. ആഭ്യന്തര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ ഓഫീസർ ബിന്ദു, അസിസ്റ്റന്റ് അഞ്ജു എന്നിവർക്കാണ് സസ്‌പെഷൻ.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ആഭ്യന്തര വകുപ്പില്‍ എം സെക്ഷനിലെ ഇവർക്കെതിരെ നടപടിയെടുത്തത്. ആഭ്യന്തര സെക്രട്ടറിയ്‌ക്ക് ഇവർ നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സസ്പെൻഷൻ.
ഈ മാസം ഒമ്ബതിനാണ് ഇതുമായി ബന്ധപ്പെട്ടുളള ഉത്തരവ് പുറത്തിറങ്ങിയത്. എന്നാല്‍ അന്വേഷണത്തിന്റെ പെർഫോമ (കേസിന്റെ നാള്‍വഴികള്‍)റിപ്പോർട്ട് ഇവർ തയ്യാറാക്കിയിരുന്നില്ല.
എഫ്‌ഐആറിന്റെ പരിഭാഷയുള്‍പ്പടെ പെർഫോമയില്‍ ഉണ്ടാകണമെന്നും ഒരു ഡിവൈഎസ്പിയാണ് രേഖകള്‍ ഡല്‍ഹിയില്‍ എത്തിക്കേണ്ടതെന്നതാണ് ചട്ടം. എന്നാല്‍ കഴിഞ്ഞ ദിവസം മുതലാണ് പെർഫോമ തയ്യാറാക്കാൻ തുടങ്ങിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് സിബിഐയ്ക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പിതാവ് ജയപ്രകാശിനോട് പറഞ്ഞത്. ഇത് വലിയ നേട്ടമായാണ് സർക്കാർ ഉയർത്തിക്കാട്ടിയിരുന്നത്. എസ്‌എഫ്‌ഐ പ്രവർത്തകരായ പ്രതികളെ രക്ഷിക്കാനുളള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന ആക്ഷേപത്തെ സിബിഐ വഴി മറികടക്കാനായിരുന്നു ശ്രമം.
എന്നാല്‍ കേസ് സിബിഐക്ക് വിട്ടിട്ടും കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കുന്നതില്‍ കാലതാമസമുണ്ടാകുന്നുവെന്നതാണ് ഇപ്പോള്‍ പുറത്തുവരുന്നത്, അതിനിടെ മകന്റെ മരണത്തിന്റെ അന്വേഷണം വഴിമുട്ടുന്നുവെന്നാരോപിച്ച് ജയപ്രകാശ് ഇന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ലെങ്കില്‍ ക്ലിഫ് ഹൗസിന് മുൻപില്‍ സമരം നടത്തുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.