യുപി: സമൂഹ മാധ്യമത്തിലൂടെ ബലാത്സംഗ ഭീഷണി മുഴക്കുകയും മോശം കമന്റിടുകയും ചെയ്തയാളെ വീട്ടിലെത്തി തല്ലി കോൺഗ്രസ് വനിതാ നേതാവ്. ഉത്തർപ്രദേശ് വരാണസിയിലെ ലാൽപൂർ-പന്തേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.The woman Congress leader beat up the man who threatened to rape
യു.പിയിൽനിന്നുള്ള കോൺഗ്രസ്- യൂത്ത് കോൺഗ്രസ് നേതാവായ റോഷ്നി കുശാൽ ജയ്സ്വാളാണ് സാഫ്രോൺ രാജേഷ് സിങ് എന്ന സോഷ്യൽമീഡിയ അക്കൗണ്ട് ഉടമയും വാരാണസി സ്വദേശിയുമായ രാജേഷ് സിങ്ങിനെ അടിച്ചത്.
സ്ത്രീകളടക്കമുള്ള കോൺഗ്രസ് സഹപ്രവർത്തകർക്കൊപ്പമെത്തിയായിരുന്നു രാജേഷിനെ ഭാര്യയുടെയും മകളുടേയും മുന്നിലിട്ട് റോഷ്നി കൈകാര്യം ചെയ്തത്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. റോഷ്നിയും പാർട്ടി പ്രവർത്തകരും സാഫ്രോൺ രാജേഷ് സിങ്ങിൻ്റെ വീട്ടിലെത്തി ബലാത്സംഗ ഭീഷണിയെ കുറിച്ച് ചോദ്യം ചെയ്തതോടെ ഇവരും ഇയാളുടെ കുടുംബവും തമ്മിൽ വാക്കേറ്റമുണ്ടായി.
സാഫ്രോൺ രാജേഷ് സിങ് എന്നയാൾ തന്നെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും നാല് വർഷത്തിലേറെയായി സോഷ്യൽമീഡിയയിൽ തനിക്കെതിരെ മോശം പരാമർശങ്ങൾ നടത്തുകയും ചെയ്യുകയാണെന്ന് പൊലീസ് സ്റ്റേഷനു മുന്നിൽ യുവതി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തന്നെ ബലാത്സംഗം ചെയ്യുമെന്നും ഗർഭിണിയാക്കുമെന്നും പറഞ്ഞ് ഇയാൾ പലതവണ പോസ്റ്റിട്ടതായും വനിതാ നേതാവ് വ്യക്തമാക്കി. ഇയാൾ എങ്ങനെയുള്ള ആളാണെന്ന് ഭാര്യയ്ക്കും മകൾക്കും മനസിലാകാൻ വേണ്ടിയാണ് വീട്ടിലെത്തിയതെന്നും യുവതി പറഞ്ഞു.
ഇതിനിടെ, ഇവിടേക്കെത്തിയ ഭാര്യയും മകളും ഇയാളെ സംഘത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുകയും വിട്ടയക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. തുടർന്ന് ഭാര്യയും മകളും ചേർന്ന് രാജേഷിനെ വീട്ടിലേക്ക് രക്ഷിച്ചുകൊണ്ടുപോവുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം.