Sunday, July 14, 2024
spot_imgspot_img
HomeNewsKerala Newsമുഖ്യമന്ത്രിക്കും ഭരണത്തിനും തിരുത്തലുകള്‍ വേണമെന്ന് പാര്‍ട്ടിക്കുള്ളില്‍ മുറവിളി ഉയര്‍ന്നിട്ടും വീണ്ടു വിചാരമില്ല!. എസ് എഫ് ഐയുടെ...

മുഖ്യമന്ത്രിക്കും ഭരണത്തിനും തിരുത്തലുകള്‍ വേണമെന്ന് പാര്‍ട്ടിക്കുള്ളില്‍ മുറവിളി ഉയര്‍ന്നിട്ടും വീണ്ടു വിചാരമില്ല!. എസ് എഫ് ഐയുടെ ഗുണ്ടായിസത്തെ വീണ്ടും മുഖ്യമന്ത്രി ന്യായീകരിക്കുന്നോ?’ഈ ഗുണ്ടാപ്പട നിങ്ങളെയും കൊണ്ടേ പോകൂ’ എന്ന സതീശന്റെ പരാമര്‍ശം സത്യമാകുമോ?

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പിലെ തോല്‍‌വിയെത്തുടര്‍ന്ന് നേരിടുന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ കുട്ടി സഖാക്കളുടെ ഗുണ്ടായിസവും സിപിഎമ്മിന് വലിയ തലവേദനയായിരിക്കുകയാണ്. രണ്ടു ദിവസമായി കേരളത്തിലെ ചര്‍ച്ചാവിഷയവും എസ് എഫ് ഐയുടെ അക്രമ രാഷ്ട്രീയം തന്നെയാണ്.The opposition leader criticized the chief minister in the assembly

കാര്യവട്ടം ക്യാമ്പസ് സംഘർഷത്തെ തുടര്‍ന്നാണ്‌ എസ് എഫ് ഐയുടെ അതിക്രമം വീണ്ടും ചര്‍ച്ചയാകുന്നത്. ഇപ്പോള്‍ പിണറായി സര്‍ക്കാരിനെതിരെ വീണു കിട്ടുന്ന ആരോപണങ്ങള്‍ എല്ലാം വേണ്ട വിധം പ്രയോഗിക്കാന്‍ കാത്തിരിക്കുന്ന പ്രതിപക്ഷം ഇന്നും നിയമസഭയില്‍ ഈ വിഷയം ആഘോഷമാക്കി.

ലോകസഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയം പ്രതിപക്ഷത്തിന്‍റെ ശബ്ദം കൂടുതല്‍ ഉയരാന്‍ കാരണമായിട്ടുണ്ട് എന്നാണ് ഏതാനും നാളുകളായുള്ള നിയമസഭയിലെ പ്രകടനത്തില്‍ നിന്നും വ്യക്തമാകുന്നതും.

എസ്എഫ്ഐ അതിക്രമങ്ങൾ ചർച്ചയ്ക്ക് വന്നപ്പോഴെല്ലാം അവരെ മുഖ്യമന്ത്രി ന്യായീകരിക്കുന്ന സ്ഥിതിയാനെന്നും പൊതുവേ ആരോപണമുണ്ട്. എസ് എഫ് ഐയുടെ അക്രമ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

“നിങ്ങള്‍ ഏതു കാലത്താണ് ജീവിക്കുന്നതെന്ന് കഴിഞ്ഞ ദിവസം നിയമസഭയില്‍ ചോദിച്ചത് എക്സൈസ് മന്ത്രിയെ വല്ലാതെ പ്രകോപിപ്പിച്ചു. അത് വാചകങ്ങള്‍ക്ക് അടിവരയിട്ടു കൊണ്ട് വീണ്ടും ചോദുക്കുന്നു, നിങ്ങള്‍ ഏത് ഇരുണ്ട യുഗത്തിലാണ് ജീവിക്കുന്നത്?

ക്രിമിനലുകള്‍ക്ക് രാഷ്ട്രീയ രക്ഷകര്‍തൃത്വം നല്‍കുന്നത് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ വാക്കുകളുമാണ്. മുഖ്യമന്ത്രിയുടെ ഇന്നത്തെ നിയമസഭ പ്രസംഗം കാമ്പസുകളില്‍ വീണ്ടും അക്രമികള്‍ക്ക് അഴിഞ്ഞാടുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയരക്ഷകര്‍തൃത്വമാണ്. രക്ഷാ പ്രവര്‍ത്തനം നടത്തിയെന്ന് ഞാന്‍ അന്നു പറഞ്ഞു, പല പ്രാവശ്യം പറഞ്ഞു, ഇന്നും പറയുന്നു, എന്നും പറയും.

മുഖ്യമന്ത്രിയുടെ ഈ വാക്കുകളില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അത് കേട്ടപ്പോള്‍ ഞങ്ങളാണ് കയ്യടിച്ചത്. കാരണം നിങ്ങള്‍ മാറില്ല, നിങ്ങള്‍ തിരുത്തില്ല എന്നുള്ള മുഖ്യമന്ത്രിയുടെ ഉറച്ച പ്രഖ്യാപനമാണ്.

എന്ത് വൃത്തികേടുകളും എന്ത് ക്രിമിനല്‍ നടപടികളും കാണിക്കാന്‍ ആരെയും വേട്ടയാടാന്‍, ആരെയും തല്ലിക്കൊല്ലാന്‍ ചില ക്രിമിനലുകള്‍ക്ക് കൊടുത്തിരിക്കുന്ന ലൈസന്‍സ്! അത് കേരളത്തിലെ മുഖ്യമന്ത്രി തന്നെ കൊടുക്കുന്നത് കേരളത്തിലെ ജനങ്ങള്‍ കാണട്ടെ. അവര്‍ തന്നെ വിലയിരുത്തിക്കൊള്ളട്ടേ.

ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയായിരുന്ന ഒരു ചെറുപ്പാക്കാരനെ കോളജ് ഹോസ്റ്റലില്‍ വച്ച് ആള്‍ക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്ന് കെട്ടിത്തൂക്കിയപ്പോള്‍, അത് എങ്ങനെയാണ് സര്‍വദേശീയ സംഭവമാകുന്നത്?

തന്റെ നിയോജക മണ്ഡലത്തിലെ ഒരു കുട്ടി, ഇരുണ്ട മുറിയില്‍ അടികൊണ്ട് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന് പകരം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോഴാണ് എം.എല്‍.എമാരായ എം. വിന്‍സെന്റും ചാണ്ടി ഉമ്മനും സ്റ്റേഷനില്‍ എത്തിയത്.

സ്റ്റേഷനില്‍ എത്തിയ എം. വിന്‍സെന്റ് എം.എല്‍.എയെ 50 പൊലീസുകാരുടെ മുന്നില്‍ വച്ച് കയ്യേറ്റം ചെയ്യുന്നത് എങ്ങനെയാണ് സാര്‍വദേശീയ സംഭവമാകുന്നത്? മുഖ്യമന്ത്രിയാണ് ഈ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെ വേറെ കുറെ സംഭവങ്ങളിലേക്ക് പോയത്.

ഒരു ഇരുണ്ട മുറിയില്‍ കൊണ്ടു പോയി വിദ്യാര്‍ത്ഥി നേതാവിനെ കസേരയില്‍ ഇരുത്തി വിചാരണ ചെയ്ത് ക്രൂരമായി മര്‍ദ്ദിച്ചു. സിദ്ധാര്‍ത്ഥിന്റെ സംഭവമുണ്ടായപ്പോള്‍ ഇനിയും അത്തരം ഒരു സംഭവം കേരളത്തില്‍ ആവര്‍ത്തിക്കില്ലെന്ന് കേരളത്തിന്റെ മനസാക്ഷി കരുതിയത്. എന്നാല്‍ അതിന്റെ വേദന മാറുന്നതിന് മുന്‍പ് വീണ്ടുമൊരു ചെറുപ്പക്കാരനെ കസേരയില്‍ ഇരുത്തി ആള്‍ക്കൂട്ട വിചാരണ നടത്തി തല കമ്പിയില്‍ ഇടിപ്പിച്ച് ചവിട്ടിക്കൂട്ടി ക്രൂരമായി മര്‍ദ്ദിച്ചു.

ശ്വാസം മുട്ടി പിടയുന്ന സമയത്ത് ഞാന്‍ സിദ്ധാര്‍ത്ഥനെ ഓര്‍ത്തു പോയെന്നാണ് സാന്‍ജോസ് പറഞ്ഞത്. ഹോസ്റ്റലിലെ ഇരുണ്ട മുറിയില്‍ കൊണ്ടു പോയി ഇതുപോലെ ക്രൂരമായി മര്‍ദ്ദിക്കാന്‍ ആരാണ് അനുവാദം നല്‍കിയത്? എന്നിട്ട് ആശുപത്രിയില്‍ കൊണ്ടു പോകുന്നതിന് പകരം എന്തിനാണ് പൊലീസ് സ്റ്റേഷനില്‍ കൊണ്ടു പോയത്?

ആശുപത്രിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഞങ്ങളുടെ കുട്ടികള്‍ അവിടെ ധര്‍ണ്ണയിരുന്നത്. അവിടെ എന്തിനാണ് എസ്.എഫ്.ഐക്കാര്‍ വന്നത്? വെളുപ്പാന്‍കാലത്ത് അഞ്ച് മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചും കൂടെയുണ്ടായിരുന്നവരെ മര്‍ദ്ദിച്ചു.

ഈ ക്രിമിനലുകള്‍ ഇങ്ങനെ പിറകെ നടന്നു. വിദ്യാര്‍ത്ഥികളെ ആക്രമിച്ച ക്രിമിനലുകളെ കുറിച്ചാണ് മുഖ്യമന്ത്രി നിയമസഭയില്‍ ഇങ്ങനെ മറുപടി പറഞ്ഞത്.

നിങ്ങളുടെ നെറികെട്ട രാഷ്ട്രീയത്തിന്റെ ഇന്‍കുബേറ്ററില്‍ വിരിയിച്ചെടുക്കുന്ന ഈ ഗുണ്ടാപ്പട നിങ്ങളെയും കൊണ്ടേ പോകൂ. ഇവിടെ അലിഖിത നിയമവാഴ്ചയും പ്രാകൃതശിക്ഷാ രീതികളുമാണ്. സിദ്ധാര്‍ത്ഥിന്റെ കേസില്‍ പൊലീസ് കൊടുത്ത റിമാന്‍ഡി റിപ്പോര്‍ട്ടിലും ഹോസ്റ്റലില്‍ അലിഖിത നിയമവാഴ്ചയാണെന്നാണ് പറയുന്നത്. നിങ്ങളുടെ പൊലീസാണ് ഇത് എഴുതിക്കൊടുത്തത്.

എന്നിട്ടാണ് ന്യായീകരിക്കുന്നത്. കൊയിലാണ്ടിയില്‍ പ്രിന്‍സിപ്പലിന്റെ മുഖത്തല്ലേ അടിച്ചത്. എന്നിട്ടാണ് എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി, പ്രിന്‍സിപ്പലിന്റെ രണ്ടും കാലും കൊത്തിയെടുക്കുമെന്നും അവന്റെ നെഞ്ചത്ത് അടുപ്പുകൂട്ടുമെന്നും അധ്യാപകരെ കൊണ്ടു പോകാന്‍ ഈ പൊലീസ് മതിയാകില്ലെന്നും രണ്ട് ആംബുലന്‍സ് കൂടി കൊണ്ടു വരേണ്ടി വരുമെന്നും പ്രസംഗിച്ചത്. ഇത് കേരളമാണോ?

മുഖ്യമന്ത്രി ഇപ്പോള്‍ ന്യായീകരിക്കുന്ന ഈ വിദ്യാര്‍ത്ഥി സംഘടനയെ കുറിച്ച് റവന്യൂം മന്ത്രിയുടെ പാര്‍ട്ടിയുടെ പത്രമായ ജനയുഗം എഴുതിയത് ഫാഷിസ്റ്റ് കഴുകന്‍ കൂട്ടങ്ങള്‍ എന്നാണ്.

കാമ്പസുകളില്‍ ഇടിമുറികളുണ്ടാക്കി, പൈശാചികമായ വേട്ട നടത്തി, എതിര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ആരെയും സമ്മതിക്കാതെ ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണ്. മുഖ്യമന്ത്രി ഇന്ന് നടത്തിയ പ്രസ്താവനയോടെ കാമ്പസുകളില്‍ ഇവരെ നിയന്ത്രിക്കാന്‍ ഒരാളും ഇല്ലാത്ത അവസ്ഥയുണ്ടാകും.

നിങ്ങള്‍ ക്രിമിനലുകളെ പ്രോത്സാഹിപ്പിച്ചാല്‍ നിങ്ങളുടെ കൈവിട്ടുപോകും. അതിനെതിരെ അതിശക്തമായി പ്രതിഷേധിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന സ്ഥാനത്തിന് യോജിക്കാത്തതാണ്.

നവകേരള സദസ് ബസില്‍ യാത്ര ചെയ്തപ്പോള്‍ നിങ്ങള്‍ക്ക് തോന്നി നിങ്ങള്‍ മഹാരാജാവാണെന്ന്. നിങ്ങള്‍ മഹാരാജാവല്ല. ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ്.

അധികാരം കയ്യില്‍ വന്നപ്പോള്‍ അമിതമായ അധികാരം വന്നപ്പോള്‍ പാവപ്പെട്ട കുട്ടികളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയവനെ വരെ ന്യായീകരിച്ചപ്പോള്‍, നിങ്ങള്‍ ആ കുട്ടികളെ മുഴുവന്‍ മര്‍ദ്ദിച്ചപ്പോള്‍ നിങ്ങള്‍ മഹാരാജാവാണെന്നു കരുതി. നിങ്ങള്‍ മഹാരാജാവല്ലെന്നാണ് കേരളം നിങ്ങളെ ഓര്‍മ്മപ്പെടുത്തിയത്-സതീശന്‍ കൂട്ടിച്ചേര്‍ത്തു.”

മഹാരാജാവാണെന്ന തോന്നൽ തനിക്കില്ലെന്നും താൻ എന്നും ജനങ്ങളുടെ ദാസനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണങ്ങൾക്ക് മറുപടി നല്‍കി.

കാര്യവട്ടം ക്യാമ്പസ് സംഘർഷത്തിൽ യാതൊരു രാഷ്ട്രീയ ഭേദവും ഇല്ലാതെയാണ് നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments