കൊച്ചി: സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഹൃദ്രോഗ ബാധിതയായി മരിച്ച സംഭവത്തില്‍ കുടുംബത്തോട് ഫോണില്‍ സംസാരിച്ച് ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനിയുടെ ചെയര്‍മാന്‍.The company chairman said that he would meet Anna’s family directly
ഉടന്‍ കേരളത്തിലെത്തി നേരിട്ട് കാണുമെന്ന് ചെയര്‍മാന്‍ രാജീവ് മെമാനി കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി. അന്ന നേരിട്ട തൊഴില്‍ സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട കുടുംബം ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്നും ചെയര്‍മാന്‍ അന്നയുടെ മാതാപിതാക്കളെ അറിയിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച കൊച്ചി കങ്ങരപ്പടി സ്വദേശി അന്ന സെബാസ്റ്റ്യന്റെ അമ്മ കമ്ബനി മേധാവിക്ക് അയച്ച കത്ത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്. മകളുടെ ദുരവസ്ഥ മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാന്‍ ആണ് കമ്ബനി മേധാവിക്ക് കത്ത് അയച്ചതെന്ന് അന്നയുടെ പിതാവ് പറഞ്ഞു.
അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ക്ക് ഇല്ല എന്ന നിലപാടിലാണ് കുടുംബം. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്നും കുടുംബം പറയുന്നു.
അന്നയുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ ഇരുപതിനാണ് കളമശേരി കങ്ങരപ്പടി സ്വദേശിനിയായ അന്ന സെബാസ്റ്റ്യന്‍ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ഇ വൈ കമ്പനിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി ജോലിക്ക് പ്രവേശിച്ച് നാല് മാസത്തിനുള്ളിലായിരുന്നു അന്നയുടെ മരണം.
ഉറക്കക്കുറവും സമയം തെറ്റിയുള്ള ഭക്ഷണരീതിയും അന്നയുടെ ഹൃദയാരോഗ്യത്തെ ബാധിച്ചിരുന്നതായി ചെയര്‍മാന്‍ രാജീവ് മേമാനിക്ക് അയച്ച കത്തില്‍ അന്നയുടെ അമ്മ അനിത സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്ത് പുറത്തുവന്നതോടെയാണ് സംഭവം തന്നെ പുറത്തറിയുന്നത്.
ജോലി കഴിഞ്ഞ് അന്ന വീട്ടിലെത്തുമ്പോള്‍ പലപ്പോഴും രാത്രി ഒരു മണിയാകുമായിരുന്നുവെന്ന് അമ്മ കത്തില്‍ സൂചിപ്പിച്ചിരുന്നു. മരണശേഷം പോലും അന്നയെ അവഗണിക്കുന്ന മനോഭാവമായിരുന്നു കമ്പനിയുടേതെന്ന് അച്ഛന്‍ സിബി ജോസഫും പ്രതികരിച്ചിരുന്നു.