Home News Kerala News വയനാട് ദുരന്തത്തിലും സര്‍ക്കാരിന്റെ വന്‍ കൊള്ള?; ദുരന്തത്തെ അഴിമതിയുടെ അവസരം ആക്കി മാറ്റുന്ന പതിവ് പിണറായി സര്‍ക്കാര്‍ തുടരുന്നുവെന്ന് രൂക്ഷ വിമര്‍ശനം

വയനാട് ദുരന്തത്തിലും സര്‍ക്കാരിന്റെ വന്‍ കൊള്ള?; ദുരന്തത്തെ അഴിമതിയുടെ അവസരം ആക്കി മാറ്റുന്ന പതിവ് പിണറായി സര്‍ക്കാര്‍ തുടരുന്നുവെന്ന് രൂക്ഷ വിമര്‍ശനം

0
വയനാട് ദുരന്തത്തിലും സര്‍ക്കാരിന്റെ വന്‍ കൊള്ള?; ദുരന്തത്തെ അഴിമതിയുടെ  അവസരം ആക്കി മാറ്റുന്ന പതിവ് പിണറായി സര്‍ക്കാര്‍ തുടരുന്നുവെന്ന് രൂക്ഷ വിമര്‍ശനം

വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ പ്രവർത്തനങ്ങളില്‍ സംസ്ഥാന സർക്കാർ ചെലവാക്കിയ കോടികളുടെ കണക്കില്‍ ഞെട്ടിയിരിക്കുകയാണ് കേരളം. ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാർ ദുരന്ത പ്രദേശത്ത് ചെലവിട്ട തുകയുടെ കണക്കുകള്‍ അറിയിച്ചിട്ടുള്ളത്. ഇതോടെയാണ് സര്‍ക്കാരിന്റെ ‘ഭീമൻ ചെലവ്’ കണക്കുകള്‍ പുറത്ത് വന്നത്.The amount of crores spent by the state government on the activities in the Wayanad landslide disaster is in controversy

ദുരിതബാധിതരേക്കാൾ കൂടുതൽ കാശ് ചെലവിട്ടത് വളണ്ടിയർമാർക്ക് വേണ്ടിയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സംസ്ഥാനത്തിന്റെ പുറത്തുനിന്നും ദുരിതബാധിതർക്ക് അവശ്യസാധനങ്ങളും മറ്റും യഥേഷ്ടം സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും എത്തിച്ചിരുന്നു എന്ന വസ്തുത നിലനില്‍ക്കെയാണ് സർക്കാരിന് ഇത്രയും തുക ചെലവായെന്ന കണക്കും വിവാദമാകുന്നത്.

ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് സര്‍ക്കാര്‍ കണക്ക്. 359 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് 2 കോടി 76 ലക്ഷം ചെലവിട്ടു. ദുരിത ബാധിതര്‍ക്കായുളള വസ്ത്രങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച് നൽകിയിരുന്നു.

ആവശ്യത്തിലേറെ വസ്ത്രങ്ങൾ ലഭിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയടക്കം വാർത്താ സമ്മേളനത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാൽ സര്‍ക്കാര്‍ കണക്ക് പുറത്ത് വന്നപ്പോൾ ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങൾക്കായി 11 കോടി ചിലവായെന്നാണ് പറയുന്നത്. 

വൊളണ്ടിയര്‍മാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനും 14 കോടി ചിലവാക്കി. വൊളണ്ടിയർമാരുടെ ഗതാഗതത്തിന് മാത്രം 4 കോടി ചെലവായി. 

ദുരിതാശ്വാസ ക്യാമ്പുകളിലെ ജനറേറ്റർ ചെലവ് 7കോടിയെന്നാണ്  സർക്കാ‍ര്‍ സത്യവാങ്മൂലം പരാമർശിച്ചുള്ള കോടതി റിപ്പോർട്ടിൽ പറയുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വന്ന വോളണ്ടിയേഴ്സിന് യൂസർ കിറ്റ് നൽകിയ വകയിൽ ആകെ 2 കോടി 98 ലക്ഷം ചിലവായി.  

ബെയ്ലി പാലത്തിന്റെ നിർമ്മാണത്തിന് ഒരു കോടി രൂപ.

17 ദുരിതാശ്വാസ ക്യാമ്പുകളിൽ 30 ദിവസത്തേക്ക് ജനറേറ്ററിന്റെ ചിലവ് 7 കോടിയാണ്. ഇന്ത്യൻ എയർ ഫോഴ്സിന് എയർ ലിഫ്റ്റിംഗ് ഹെലികോപ്ടർ ചാർജ്ജ് 17 കോടി. ദുരിതബാധിതരെ ഒഴിപ്പിക്കാൻ വണ്ടികൾ ഉപയോഗിച്ച വകയിൽ 12 കോടി. മിലിട്ടറി / വോളണ്ടിയർമാർ എന്നിവരുടെ ട്രാൻസ്പോട്ടേഷൻ വകയിൽ 4 കോടി.

മിലിട്ടറി വോളണ്ടിയർമാർ എന്നിവരുടെ മെഡിക്കൽ സൗകര്യങ്ങൾ നൽകിയ വകയിൽ 2 കോടി. മിലിട്ടറി / വോളണ്ടിയർമാർ എന്നിവരുടെ താമസ സൗകര്യങ്ങൾ ഒരുക്കിയ വകയിൽ 15 കോടി. മിലിട്ടറി / വോളണ്ടിയർമാർ എന്നിവരുടെ ഭക്ഷണ / വെള്ള ആവശ്യങ്ങൾക്ക് 10 കോടി. ജെസിബി, ഹിറ്റാച്ചി, ക്രെയിൻ എന്നിവക്ക് ചിലവായത് 15 കോടിയാണ്. 

ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണത്തിനായുള്ള ചിലവ് 8 കോടിയും ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങൾക്കായി ചിലവ് 11 കോടി. മെഡിക്കൽ പരിശോധന ചിലവ് എട്ടുകോടിയും ആയി.

ക്യാമ്പിലെ ജനറേറ്ററിന് 7 കോടി ചിലവായി.  ഡ്രോൺ റഡാർ വാടക 3 കോടിയായി. ഡിഎൻഎ പരിശോധനക്കായി 3 കോടി ചിലവാക്കിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ചൂരല്‍മലയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ മാത്രം മൂന്ന് കോടി രൂപയും ചെലവാക്കിയെന്ന് കണക്കില്‍ പറയുന്നു.

അതേസമയം നഷ്ടപരിഹാരത്തില്‍ സർക്കാർ പിശുക്ക് കാണിച്ചതും കണക്കില്‍ വ്യക്തമാണ്. ഉരുള്‍പൊട്ടലില്‍ തകർന്ന വീടുകള്‍ക്ക് ഒന്നിന് 1,30,000 രൂപ മാത്രമാണ് നല്‍കുന്നത്. സർക്കാർ ചെലവുകളെക്കുറിച്ച്‌ വിമർശനങ്ങള്‍ കടുത്തതോടെ വിശദീകരണവുമായി സംസ്ഥാന ദുരന്തനിരവാരണ അതോറിറ്റിയും രംഗത്തെത്തി.

എസ്ഡിആർഎഫ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ചെലുകള്‍ കണക്കാക്കിയതെന്ന് അതോറിറ്റി അറിയിച്ചു. 90 ദിവസത്തേക്ക് വരെ കണക്കാക്കി മുൻകൂട്ടി തയ്യാറാക്കിയ ചെലവാണെന്നും വീടുകളുടെ നഷ്ടം കണക്കാക്കുന്നത് എസ്ഡിആർഎഫ് ചട്ടം അനുസരിച്ചാണെന്നും അധികൃതർ പറയുന്നു.

അതേസമയം ദുരന്തത്തെ അഴിമതി നടത്താനുള്ള അവസരം ആക്കി മാറ്റുന്ന പതിവ് ഇക്കുറിയും പിണറായി സർക്കാർ തെറ്റിച്ചില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. എല്ലാവരും കൈമെയ് മറന്ന് ദുരന്ത ഭൂമിയിൽ ദുരന്തബാധിതരെ സഹായിച്ചപ്പോൾ എങ്ങനെയൊക്കെ പണം അടിച്ചുമാറ്റാം എന്നായിരുന്നു സർക്കാർ ചിന്തിച്ചത് എന്ന് ഇപ്പോൾ എല്ലാവർക്കും വ്യക്തമായി കഴിഞ്ഞുവെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.  

ഇതുപോലെ മനുഷ്യത്വരഹിതമായ ഒരു സർക്കാരും കേരളം ഭരിച്ചിട്ടില്ല. നാണമുണ്ടെങ്കിൽ പിണറായി വിജയൻ രാജിവച്ചു പോകണമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. ഒരു രൂപ പോലും വാങ്ങിക്കാതെ കയ്യും മെയ്യും മറന്നു കേരളത്തിലെ സന്നദ്ധ പ്രവർത്തകർ പ്രവർത്തിച്ചിടത്താണ് സർക്കാരിന്റെ കൊള്ള.

മറ്റു സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ വയനാട്ടിന് കൈത്താങ്ങായി സാമ്പത്തിക സഹായങ്ങൾ നൽകിയപ്പോൾ പിണറായി സർക്കാർ ദുരന്തത്തെ പോലും മുതലെടുത്ത് അഴിമതി നടത്തുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരിതാശ്വാസ പ്രവർത്തനത്തിൽ മൃതദേഹം മറവ് ചെയ്യാൻ സംസ്ഥാന സർക്കാരിന് ഒരു രൂപ പോലും ചെലവായിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എന്ന് പിഎംഎ സലാം പറഞ്ഞു. സർക്കാരിൻ്റെ കണക്ക് കൃത്യമാണെന്ന് തെളിയിക്കാൻ സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറ‌ഞ്ഞു.

വാർത്തയോടുള്ള റവന്യൂ വകുപ്പിൻ്റെ വിശദീകരണം സർക്കാരിനെ കൂടുതൽ പരിഹാസ്യരാക്കുകയാണ്. സന്നദ്ധ പ്രവർത്തകരുടെയും സൗജന്യമായി സഹായിച്ചവരുടെയും പേരിൽ പണം എഴുതിയെടുക്കുകയാണ് സർക്കാർ.ദുരിതാശ്വാസത്തിന്റെ പേരില്‍ കൊള്ള നടത്തുകയാണെന്നും സര്‍ക്കാരിനെക്കൊണ്ട് കണക്ക് പറയിപ്പിക്കുമെന്നും സലാം പറഞ്ഞു.

ക്യാമ്പിലുളളവരുടെ വസ്ത്രങ്ങള്‍ക്ക് 11 കോടി രൂപ. ഒരാള്‍ക്ക് ഒരു ലക്ഷം രൂപയുടെ വസ്ത്രം നല്‍കിയാലും ഈ കണക്ക് ശരിയാവില്ലെന്നും സലാം കൂട്ടിച്ചേര്‍ത്തു. ക്യാമ്പുകളില്‍ ഭക്ഷണത്തിന് 8 കോടി രൂപയാണെന്നും സ്വര്‍ണംപൂശിയ ഭക്ഷണ സാധനങ്ങളാണോ സര്‍ക്കാര്‍ അവിടെ വിളമ്പിയതെന്നും അദ്ദേഹം പരിഹസിച്ചു.

സ്വരുക്കൂട്ടിയ നാണയത്തുട്ടുകള്‍ പോലും ദുരിതബാധിതര്‍ക്കായി നിറമനസ്സോടെ നല്‍കിയ കുരുന്നു മനസ്സുകളുടെ ആര്‍ദ്രതയെ പോലും പുഛിക്കുന്ന കൊടുംക്രൂരതയാണ് സര്‍ക്കാര്‍ കാണിച്ചതെന്നും സലാം പറഞ്ഞു.

പണം തട്ടാനുള്ള വൃത്തികെട്ട ഏർപ്പാടുകളുമായി മുന്നോട്ടു പോയാൽ സർക്കാറുമായി സഹകരിക്കാൻ പ്രയാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിൽ നിയമപരമായും രാഷ്ട്രീയമായും ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി

അതേസമയം മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിലെ രക്ഷാപ്രവർത്തന ചെലവ് പെരുപ്പിച്ച് കാട്ടിയെന്ന ആരോപണം തെറ്റെന്ന് റവന്യൂ മന്ത്രി കെ രാജൻ. കേന്ദ്രത്തിന് നൽകിയ മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ആലോചിച്ച് വാർത്താസമ്മേളനം വിളിക്കുമെന്ന് മന്ത്രി അറിയിച്ചു.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വ്യാജ വാർത്തകളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. മാധ്യമങ്ങൾ പുറത്തു വിട്ട കണക്കുകൾ വസ്തുതാവിരുദ്ധമാണ്. കേന്ദ്ര സർക്കാരിന് നൽകിയ മെമ്മോറാണ്ടത്തിൽ ആവശ്യമായ ചിലവിന്റെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കിയിരുന്നു.

ഈ കണക്കുകളെ ദുരന്ത മേഖലയിൽ ചിലവഴിച്ച തുക എന്ന തരത്തിൽ അവാസ്‌തവമായി പ്രചരിപ്പിക്കുകയാണെന്നും കേന്ദ്ര സഹായം നേടാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് തുരങ്കം വെയ്ക്കുന്ന സമീപനമെന്നും വിമർശനമെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here