കൊച്ചി: ചെറുനഗരങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ സഹകരണം ആരാഞ്ഞുകൊണ്ട് സമീപിച്ചിട്ടുള്ള എയര്‍ലൈനുകള്‍ക്കായുള്ള ദക്ഷിണേന്ത്യയിലെ ഹബ്ബ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ സിയാല്‍ സജ്ജമാണെന്നും ആവശ്യമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി വിമാനത്താവളത്തിലെ 0484 എയ്റോ ലോഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.The Aero Lounge was inaugurated by Chief Minister Pinarayi Vijayan
വിമാനത്താവളത്തിലൂടെ ഇപ്പോള്‍ പ്രതിവര്‍ഷം ഒരു കോടിയിലേറെ പേര്‍ യാത്ര ചെയ്യുന്നുണ്ട്. ഓരോ ആഴ്ചയും വിദേശത്തേക്ക് 670, ആഭ്യന്തര മേഖലയില്‍ 795 എന്നിങ്ങനെ സര്‍വീസുകള്‍ ഇവിടെ നിന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ സിയാൽ ആസൂത്രണം ചെയ്യുന്നുണ്ട്. 550 കോടി രൂപയോളം ചെലവിട്ട് നടത്തുന്ന രാജ്യാന്തര ടെര്‍മിനല്‍ വികസനമാണ് അവയില്‍ പ്രധാനം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാകും. 160 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന കൊമേഴ്സ്യല്‍ സോണ്‍ വികസനത്തിനും സിയാല്‍ തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ വിമാനത്താവളത്തില്‍, ഒരു ഹ്രസ്വമായ വിശ്രമകേന്ദ്രം വേണമെന്ന യാത്രക്കാരുടെ നിരന്തരമായ ആവശ്യം മുന്‍നിര്‍ത്തിയാണ് സിയാല്‍ ഇപ്പോള്‍ 0484 എന്ന ഈ എയ്റോ ലോഞ്ച് നിര്‍മിച്ചിരിക്കുന്നത്.
യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും തങ്ങള്‍ക്ക് ആവശ്യമുള്ള സമയത്തേക്ക് മാത്രമായി വിമാനത്താവളത്തിനുള്ളില്‍ തങ്ങാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. അരലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ചിട്ടുള്ള ഈ എയ്റോ ലോഞ്ച്, യാത്രക്കാരോടുള്ള സിയാലിന്‍റെ പ്രതിബദ്ധതയുടെ ദൃഷ്ടാന്തമാണെന്നു കൂട്ടിച്ചേര്‍ത്തു.
അഫോര്‍ഡബിള്‍ ലക്ഷ്വറി
‘അഫോര്‍ഡബിള്‍ ലക്ഷ്വറി’ എന്ന ആശയത്തില്‍ നിർമിച്ച 0484 എയ്റോ ലോഞ്ചിലൂടെ, മിതമായ മണിക്കൂര്‍ നിരക്കുകളില്‍ പ്രീമിയം എയര്‍പോര്‍ട്ട് ലോഞ്ച് അനുഭവമാണ് സിയാല്‍ ജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത്. സെക്യൂരിറ്റി ഹോള്‍ഡ് മേഖലയ്ക്ക് പുറത്തായി, ബിസിനസ് ജെറ്റ് ടെര്‍മിനല്‍ സ്ഥിതി ചെയ്യുന്ന ടെര്‍മിനല്‍ 2 വിനോട് ചേര്‍ന്ന് തന്നെ ഒരുക്കിയിട്ടുള്ള ഈ ലോഞ്ച്, യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ ഉപയുക്തമാക്കാം. എറണാകുളത്തിന്‍റെ എസ്ടിഡി കോഡില്‍ നിന്ന് പ്രചോദനമുള്‍കൊണ്ടാണ് ഇതിന്‍റെ നാമകരണം.
അകച്ചമയങ്ങളില്‍ കേരളത്തിന്‍റെ പ്രകൃതിലാവണ്യം. കായലും വള്ളവും സസ്യജാലങ്ങളും രൂപകല്‍പ്പനയില്‍ തിടമ്പേറ്റുന്നു. 50,000 ചതുരശ്രയടിയിലായി 37 മുറികള്‍, 4 സ്യൂട്ടുകള്‍, 3 ബോര്‍ഡ് റൂമുകള്‍, 2 കോണ്‍ഫറന്‍സ് ഹാളുകള്‍, ഒരു കോ-വര്‍ക്കിങ് സ്പേസ്, ജിം, സ്പാ, ലൈബ്രറി, റസ്റ്റോറന്‍റ് എന്നിവയെല്ലാം ഈ ലോഞ്ചിലുണ്ട്.