കൊച്ചി: തേവര എസ് എച്ച് കോളേജിലെ കോമേഴ്സ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ജെയിംസ് വി ജോർജ് (38) ഓണാഘോഷത്തിടെ മരണപ്പെട്ടു. കോളേജിലെ അധ്യാപകരുടെ ഓണാഘോഷത്തിലെ വടം വലി മത്സരത്തിൽ പങ്കെടുത്ത ഉടനെ ജെയിംസ് തല കറങ്ങി വീഴുകയായിരുന്നു.
തുടർന്ന് തൊട്ടടുത്തുള്ള മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ എത്തിച്ചു .പക്ഷെ ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച വൈകുന്നേരം 3:45 നും 4 നും ഇടയിലായിരുന്നു എസ് എച്ച് കോളേജിൽ വച്ച് സംഭവം നടന്നത്. കൂടാതെ കോളേജിന്‍റെ 2024 അക്കാഡമിക് വർഷത്തിലെ സ്റ്റാഫ് സെക്രട്ടറി ആയിരുന്നു ജോർജ്.
തൊടുപുഴ കല്ലാർക്കാട് പഞ്ചായത്ത് നാഗപ്പുഴയിൽ വെട്ടുപാറക്കൽ വീട്ടിൽ പരേതനായ വർക്കിയുടെയും മേരിയുടെയും മകനാണ് ജോർജ്. ഭാര്യ സോന ജോർജ് തൊടുപുഴ ന്യൂമാൻ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. സഹോദരൻ ജിനു വി ജോർജ് . നാളെ രാവിലെ കോളേജിൽ 8:30 മുതൽ 9:30 വരെ പൊതുദർശനം നടത്തുമെന്ന് അധികൃതർ അറിയിച്ചു. പിന്നീട് ജന്മനാട്ടിലേക്ക് കൊണ്ട് പോകും.