പാലാ: സീറോമലബാർ എപ്പിസ്കോപ്പൽ അസംബ്ലിയിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ എറണാകുളം അങ്കമാലി അതിരൂപത വിമത വിശ്വാസികളുടെ പ്രതിഷേധം.
എപ്പിസ്കോപ്പൽ അസംബ്ലിയിൽ കർദിനാള്‍ ആലഞ്ചേരിയെ മേജർ ആർച്ച്ബിഷപ്പ് എന്ന നിലയിൽ നേതൃത്വപരമായ ശ്രൂശ്രൂഷകൾ നിറവേറ്റിയതിന് ആദരിക്കുന്ന പ്രത്യേക ചടങ്ങ് നടത്തുന്നതിനെതിരെയായിരുന്നു എറണാകുളം വിമതരുടെ പ്രതിഷേധം.
ചടങ്ങിൽ നിന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമതരായ പ്രതിനിധികൾ ഇറങ്ങിപോയി.
എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിന്ന് പങ്കെടുക്കുന്ന മുഴുവൻ പ്രതിനിധികളും ഒപ്പിട്ട മുൻകൂർ നോട്ടീസ് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന് കൈമാറിയ ശേഷമായിരുന്നു പ്രതിഷേധം. സീറോ മലബാർ സഭാ എപ്പിസ്കോപ്പൽ അസംബ്ലിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു പ്രതിഷേധം.
ഏകീകൃത കുർബാന, ഭൂമി ഇടപാട് അടക്കമുള്ള വിഷയങ്ങളില്‍ അങ്കമാലി-എറണാകുളം അതിരൂപത കർദിനാള്‍ ആലഞ്ചേരിക്കെതിരെ കടുത്ത നിലപാടെടുത്തിരുന്നു. വിമത വൈദികരോടും അവർരെ പിന്തുണച്ച ചില ബിഷപ്പുമാർക്കെതിരെയും നടപടിയെടുക്കാത്തത് വത്തിക്കാന് ആലഞ്ചേരിയോടുള്ള അതൃപ്തിയാണ് അദ്ദേഹത്തെ മേജർ ആർച്ച് ബിഷപ്പ് പദവിയിൽ നിന്ന് നീക്കാൻ കാരണമായത്.
സ്ഥാനഭ്രഷ്ടനായ ശേഷവും വിമതർ ആലഞ്ചേരിക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്.
ഇതിന് പിന്നാലെയാണ് ഇന്ന് പാലായില്‍ നടന്ന പരിപാടിയില്‍ ഇദ്ദേഹത്തിനെതിരെ വിമത വിശ്വാസികള്‍ പ്രതിഷേധിച്ചത്. എപ്പിസ്കോപ്പൽ അസംബ്ലിയിൽ വിമതർ നടത്തിയ പ്രതിഷേധം സഭാ നേതൃത്വത്തെ ഞെട്ടിച്ചു. വിമതർക്കെതിരെ കടുത്ത അച്ചടക്ക നടപടിയിലേക്ക് നീങ്ങാൻ സിനഡ് ആഗ്രഹിക്കുന്നുണ്ടങ്കിലും 5 ബിഷപ്പുമാർ വിമതപക്ഷത്ത് നിലയുറപ്പിച്ചതാണ് സഭാ നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്.
ഈ ബിഷപ്പുമാർ എപ്പിസ്കോപ്പൽ അസംബ്ലിയിൽ പങ്കെടുക്കുന്നുണ്ട്. ആലഞ്ചേരിക്കെതിരെയുള്ള പ്രതിഷേധത്തിന് അവരുടെ മൗനാനുവാദം ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ.
ഇതിനിടയിൽ സഹനങ്ങളിലൂടെ സഭയുടെ സ്വത്വബോധം വീണ്ടെടുത്ത ആചാര്യനാണ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെന്ന് മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. സീറോമലബാർ സഭാ അസംബ്ലിയുടെ രണ്ടാംദിനത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മേജർ ആർച്ചുബിഷപ്പെന്ന നിലയിലെ നേതൃത്വശുശ്രൂഷകൾക്ക് സഭയുടെ മുഴുവൻ ആദരവർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു മാർ റാഫേൽ തട്ടിൽ.
ക്രിസ്തുസ്നേഹത്തിന്റെയും സഭാസ്നേഹത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും നേരനുഭവമാണ് മാർ ജോർജ് ആലഞ്ചേരി സഭയ്ക്കു സമ്മാനിച്ചത്. കുടിയേറ്റജനത സഭയുടെ ഹൃദയമിടിപ്പാണെന്ന ബോധ്യത്തിൽ ആലഞ്ചേരി പിതാവ് നടത്തിയ ശ്രമങ്ങളുടെ ഭാഗമായി സഭയ്ക്കുണ്ടായ വളർച്ച ആർക്കും മറക്കാൻ കഴിയില്ല.
വരാനിരിക്കുന്ന കിരീടത്തിൽ കർത്താവിന്റെ മുദ്രകളാണ് ആലഞ്ചേരി പിതാവ് ഏറ്റുവാങ്ങിയ സഹനങ്ങളെന്നും ഇതു സത്യത്തിന്റെ കൂടെ നിന്നതിനാലാണെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. കരം പിടിച്ചും കരുത്തു പകർന്നും കൂടെയുണ്ടാവണമെന്നും മാർ ജോർജ് ആലഞ്ചേരിയോട് മേജർ ആർച്ചുബിഷപ് പറഞ്ഞു. സഭയുടെ കൂട്ടായ്മയ്ക്കായി നിലകൊള്ളുന്നവർ സഹനത്തിലൂടെ കടന്നുപോകേണ്ടിവരുമെന്നതാണ് ജീവിതാനുഭവമെന്ന് മറുപടി പ്രസംഗത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വികാരഭരിതനായി പറഞ്ഞു.
മാർത്തോമ്മായുടെ ജീവിതം ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും ആ ധീരത സഭമുഴുവനിലും വ്യാപിപ്പിക്കണമെന്നും മാർ ആലഞ്ചേരി കൂട്ടിച്ചേർത്തു. ഒരു വ്യാഴവട്ടക്കാലം സഭയെ നയിച്ച കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സഭയുടെ വളർച്ചയ്ക്കായി നൽകിയ സംഭാവനകളുടെ വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.
രാജ്യമാകെയുള്ള സഭയുടെ പ്രവർത്തന സ്വാതന്ത്ര്യം, മേജർ ആർക്കിഎപ്പിസ്കോപ്പൽ പള്ളികൾ, സഭാ കാര്യാലയത്തോട് ചേർന്നുള്ള ഹെറിറ്റേജ് ആൻ്റ് റിസർച്ച് സെൻ്ർ, ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലേക്ക് സഭാപ്രവർത്തനത്തിന് വാതിൽ തുറക്കാനുള്ള സാഹചര്യം എന്നിങ്ങനെ ഒട്ടേറെ വേറിട്ട മുന്നേറ്റങ്ങളും മേജർ ആർച്ച്ബിഷപ്പിന്റേയും വിവിധ മേലധ്യക്ഷന്മാരുടെയും സാക്ഷ്യങ്ങളും ഉൾപ്പെടുത്തിയാണ് വീഡിയോ ഒരുക്കിയിരുന്നത്.