ന്യൂഡല്‍ഹി: ഹര്‍ജി പരിഗണിക്കുന്നതിനിടെ വിവാദ പരാമര്‍ശം നടത്തിയ കര്‍ണാടക ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീംകോടതി. ബെംഗളൂരുവിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ പാകിസ്താനെന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് വെദവ്യാസചര്‍ ശ്രീഷാനന്ദയ്‌ക്കെതിരെയാണ് സുപ്രീംകോടതി രംഗത്തെത്തിയത്.
Supreme Court against Karnataka High Court Judge
വിവാദ പരാമര്‍ശത്തില്‍ കര്‍ണാടക ഹൈക്കോടതിയോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വിശദീകരണം തേടുകയും ചെയ്തു.
ഭൂവിഷയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു വെദവ്യാസചര്‍ ശ്രീഷാനന്ദയുടെ വിവാദ പരാമര്‍ശം. ബെംഗളൂരുവിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ ജഡ്ജി പാകിസ്താന്‍ എന്ന് വിശേഷിപ്പിക്കുകയായിരുന്നു.
“മൈസൂരു റോഡിലെ മേൽപ്പാലത്തിൽ പോയാൽ ഓരോ ഓട്ടോറിക്ഷയിലും 10 പേരെ കാണാം. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞാൽ എത്തുക ഇന്ത്യയിൽ അല്ല പാകിസ്ഥാനിലാണ്. അവിടെ നിയമം ബാധകമല്ല എന്നതാണ് യാഥാർത്ഥ്യം”- എന്ന് വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ പറയുന്ന വീഡിയോ പുറത്തു വന്നിരുന്നു.
ഇതിന് പുറമേ വനിതാ അഭിഭാഷകയ്‌ക്കെതിരെ ജഡ്ജി നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു.
അഭിഭാഷകയോട് ഒരു വാദത്തിനിടെ ജഡ്ജി പറഞ്ഞത് ഇങ്ങനെയാണ്- എതിർകക്ഷിയെ കുറിച്ച് എല്ലാം അറിയാമെന്ന് തോന്നുന്നല്ലോ. അടിവസ്ത്രത്തിന്‍റെ നിറം പോലും വെളിപ്പെടുത്താൻ കഴിയുമെന്ന് തോന്നുന്നു”. ഈ രണ്ട് പരാമർശങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
രണ്ട് സംഭവത്തിന്റേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതി ജഡ്ജിക്കെതിരെ മുതിര്‍ന്ന അഭിഭാഷകര്‍ ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തി. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.