Sunday, July 14, 2024
spot_imgspot_img
HomeNews18 ടീമുകള്‍ പങ്കെടുത്ത ആവേശപ്പോരാട്ടത്തില്‍ ജേതാക്കളായി സ്റ്റോക്ക് ലയണ്‍സ്; മത്സരച്ചൂട് ഇരട്ടിപ്പിച്ച് സോജന്‍ ജോസഫ് എംപിയും...

18 ടീമുകള്‍ പങ്കെടുത്ത ആവേശപ്പോരാട്ടത്തില്‍ ജേതാക്കളായി സ്റ്റോക്ക് ലയണ്‍സ്; മത്സരച്ചൂട് ഇരട്ടിപ്പിച്ച് സോജന്‍ ജോസഫ് എംപിയും ചാണ്ടി ഉമ്മന്‍ എംഎല്‍എയും,ഓള്‍ യുകെ സഹൃദയ വടംവലി മത്സരത്തിന് ആവേശകരമായ സമാപനം

യുകെ: യുകെയിലെ വടംവലി പ്രേമികളുടെ ആവേശം വാനോളമെത്തിച്ചു സഹൃദയ വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ് സംഘടിപ്പിച്ച ഓള്‍ യുകെ വടംവലി മത്സരത്തിനു ആവേശകരമായ സമാപനം. രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സഹൃദയ സെക്രട്ടറി ഷിനോ ടി പോള്‍ സ്വാഗതം ആശംസിച്ചു.Stoke Lions win All UK Tug of War

പ്രസിഡന്റ് ആല്‍ബര്‍ട്ട് ജോര്‍ജ് ഫ്‌ലാഗ് ഓഫ് ചെയ്ത കരുത്തിന്റെ പോരാട്ടത്തില്‍ വിശിഷ്ടാതിഥികളായി ആഷ്‌ഫോര്‍ഡില്‍ നിന്നു തെരഞ്ഞെടുത്ത ബ്രിട്ടനിലെ ആദ്യ മലയാളി എം.പി സോജന്‍ ജോസഫ്, നാട്ടില്‍ നിന്നു എത്തിച്ചേര്‍ന്ന പുതുപ്പള്ളി എംഎല്‍എ അഡ്വക്കേറ്റ് ചാണ്ടി ഉമ്മന്‍, യുകെയിലെ സെലിബ്രേറ്റി ഷെഫ് ജോമോന്‍ കുറിയാക്കോസ്, ഫ്രാന്‍സിസ് മാത്യു തുടങ്ങിയര്‍ സന്നിഹിതരായിരുന്നു.

അത്യന്തം ആവേശകരമായിരുന്ന ഹീറ്റ്‌സ്, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമിഫൈനല്‍ മത്സരാവസാനം അട്ടിമറി വീരന്മാരായി സ്റ്റോക് ലയണ്‍സ് എ ടീം കീരീടം ഉയര്‍ത്തിയപ്പോള്‍ വൂസ്റ്റര്‍ തെമ്മാടിസ് റണ്ണറപ്പായി.

നിലവിലെ ചാമ്പ്യന്‍മാരായിരുന്ന ടണ്‍ ബ്രിഡജ് വെല്‍സ് ടസ്‌കേഴ്‌സിനെ വാശിയേറിയ സെമി ഫൈനല്‍ പോരാട്ടത്തില്‍ മലര്‍ത്തിയടിച്ച് വൂസ്റ്റര്‍ തെമ്മാടീസ് ഫൈനലില്‍ എത്തിയപ്പോള്‍ മറ്റൊരു കരുത്തുറ്റ ടീമായ ഹെറിഫോര്‍ഡ് അച്ചായന്‍സിനെ തോല്‍പ്പിച്ചാണ് സ്റ്റോക്ക് ലയണസ് എ ടീം ഫൈനല്‍ പോരാട്ടത്തിനു അങ്കം കുറിച്ചത്.

യുകെയില്‍ എമ്പാടും നിന്ന് പതിനെട്ടു ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ആരാണ് വിജയികള്‍ എന്നറിയാന്‍ അവസാനനിമിഷം വരെ കാത്തിരിക്കേണ്ട അസുലഭ നിമിഷമാണ് കാണികള്‍ക്ക് ലഭിച്ചത്.

ആദ്യം മുതല്‍ അവസാനം വരെ തിങ്ങി നിറഞ്ഞ വടംവലി പ്രേമികള്‍ക്കു കണ്ണിനു വിരുന്നേകി, നെഞ്ചിടിപ്പു കൂട്ടി, ആര്‍പ്പുവിളികളോടും വാദ്യഘോഷത്തോടും, യു.കെയിലെ മല്ലന്മാര്‍ മാറ്റുരച്ചപ്പോള്‍ യു.കെ മലയാളികള്‍ക്ക് എന്നെന്നും ഓര്‍ത്തിരിക്കാന്‍ പറ്റിയ ഒരു ആഘോഷമായി സഹൃദയയുടെ വടംവലി മത്സരം മാറുകയായിരുന്നു.

മത്സര ഇടവേളയില്‍ സഹൃദയ ചെണ്ടമേളം ടീമിന്റെ ഫ്യൂഷന്‍ ചെണ്ടമേളം, ചടുല നൃത്തചുവടുകളുമായി വനിതകളുടെ ഫ്യൂഷന്‍ ഡാന്‍സ് തുടങ്ങിയവ മത്സരത്തിനു കൂടുതല്‍ മിഴിവേകി.

2024 ലെ സഹൃദയയുടെ അഖില യു.കെ വടം വലി ചാമ്പ്യന്‍സ് ട്രോഫിയും ക്യാശ് പ്രൈസും സ്റ്റോക്ക് ലയണ്‍സ് എ ടീം കരസ്ഥമാക്കിയപ്പോള്‍ വൂസ്റ്റര്‍ തെമ്മാടീസ് രണ്ടാം സ്ഥാനവും, ഹെറിഫോര്‍ഡ് അച്ചായന്‍സ് മൂന്നാം സ്ഥാനവും, ടണ്‍ ബ്രിഡ്ജ് വെല്‍സ് ടസ്‌കേയ്‌സ് നാലാം സ്ഥാനത്തും, ടീം പുണ്യാളന്‍സ് അഞ്ചാമതും, കൊമ്പന്‍സ് കാന്റെബറി ആറാമതും, സാലിസ്ബറി എ ടീം എഴാമതും, ലിവര്‍പൂള്‍ ടീം എട്ടാം സ്ഥാനവും നേടി.

കടുത്ത വാശിയോടെ നടന്ന മത്സരങ്ങള്‍ തന്മയത്തോടെ നിയന്ത്രിച്ചത് ബിജോ പാറശ്ശേരില്‍, സെബാസ്റ്റ്യന്‍ എബ്രഹം, ജോഷി സിറിയക്ക് തുടങ്ങിയ റഫറിമാരായിരുന്നു.

ഞായറാഴ്ച ടണ്‍ ബ്രിഡ്ജിലെ ഹില്‍ഡന്‍ബറോയിലെ സാക് വില്ലാ സ്‌കൂളില്‍ നടന്ന വടംവലി മത്സരത്തില്‍ പങ്കെടുത്തു വന്‍ വിജയമാക്കിയ എല്ലാ ടീമംഗങ്ങള്‍ക്കും മത്സരം സ്‌പോണ്‍സര്‍ ചെയ്ത എല്ലാ സ്‌പോണ്‍സേഴ്‌സിനും, കൂടാതെ ഈ മല്‍സരം കാണുവാനായി യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നു എത്തിച്ചേര്‍ന്ന എല്ലാ വടംവലി പ്രേമികള്‍ക്കും ടീം സഹൃദയയ്ക്കു വേണ്ടി പ്രസിഡന്റ് ആല്‍ബര്‍ട്ട് ജോര്‍ജ്, വൈസ് പ്രസിഡന്റ് അഞ്ജു അബി, സെക്രട്ടറി ഷിനോ. ടി. പോള്‍, ജോയിന്റ് സെക്രട്ടറി ജിനു തങ്കച്ചന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോജോ വര്‍ഗീസ്, ട്രഷറര്‍ റോജിന്‍ മാത്യു ജോയിന്റ് ട്രഷറര്‍ നിയാസ് മൂതേടത്ത് തുടങ്ങിയ ഓഫീസ് ടീം നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments