തിരുവനന്തപുരം: നിറത്തിന്റെയും ജാതിയുടെയും പേരില്‍ ഒരു കലാകാരനേയും വിലയിരുത്താൻ പാടില്ലെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി.Srikumaran Thambi said that no one should be allowed to pollute the art scene
ഇരുപത്തൊന്നാം നൂറ്റാണ്ടിലും കലയില്‍ പോലും നിറവും ജാതിയുമൊക്കെ കൊണ്ടുവന്ന് കലാരംഗത്തെ മലീമസമാക്കാൻ ആരെയും അനുവദിച്ചുകൂടായെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശങ്ങളുമായി ബന്ധപ്പെട്ട കുറിപ്പിലാണ് ശ്രീകുമാരൻ തമ്ബിയുടെ പ്രതികരണം. യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ലെന്നും ആ പ്രതിഭാശാലിനിയുമായി താരതമ്യം ചെയ്യുന്നതുപോലും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കുറിപ്പിന്റെ പൂർണ രൂപം
കലാമണ്ഡലം സത്യഭാമ എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്ന നൃത്താധ്യാപികയ്ക്ക് കറുപ്പിനോട് വെറുപ്പ്!!! യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല. ആ സത്യഭാമ പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം പദ്മനാഭൻ നായരുടെ പത്നിയും കലാമണ്ഡലത്തിലെ അധ്യാപികയുമായിരുന്ന മഹിളാരത്നമാണ്.
ഞാൻ സംവിധാനം ചെയ്ത ‘ഗാനം”, ‘ബന്ധുക്കള്‍ ശത്രുക്കള്‍’ എന്നീ ചിത്രങ്ങളില്‍ നൃത്തസംവിധാനം നിർവ്വഹിച്ചത് ആ മഹതിയാണ്.
‘അളിവേണി എന്തു ചെയ്‌വൂ’ , ‘മലയാളിപ്പെണ്ണേ നിന്റെ മനസ്സ്’… തുടങ്ങിയ ഗാനങ്ങളുടെ ചിത്രീകരണം ഓർമ്മിക്കുക. കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം സരസ്വതി, കലാമണ്ഡലം ലീലാമ്മ തുടങ്ങിയ പ്രശസ്ത നർത്തകിമാർ ആ സത്യഭാമയുടെ ശിഷ്യരാണ്, കലാമണ്ഡലം പദ്മനാഭൻ നായരുടെയും അദ്ദേഹത്തിന്റെ ഭാര്യ കലാമണ്ഡലം സത്യഭാമയുടെയും കലാജീവിതം വിഷയമാക്കി ഞാൻ ‘ദയിതേ കേള്‍ നീ’ എന്ന പേരില്‍ വർഷങ്ങള്‍ക്കു മുൻപ് ഒരു ഡോക്കുമെന്ററി നിർമ്മിച്ച് സംവിധാനം ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം ദൂരദർശൻ അത് സംപ്രേഷണം ചെയ്തു. ഈ കലാമണ്ഡലം സത്യഭാമയെ ആ പ്രതിഭാ ശാലിനിയുമായി താരതമ്യം ചെയ്യുന്നതു പോലും ശരിയല്ല.
രാധയടക്കം അനേകം മോഹിനിമാരുടെ മനം കവർന്ന ശ്രീകൃഷ്ണന്റെ നിറം കറുപ്പായിരുന്നു എന്ന സത്യം മറക്കരുത്.ശ്രീകൃഷ്ണനും നർത്തകനായിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരില്‍ ഒരു കലാകാരനേയും വിലയിരുത്താൻ പാടില്ല.
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കലയില്‍ പോലും നിറവും ജാതിയുമൊക്കെ കൊണ്ടുവന്ന് കലാരംഗത്തെ മലീമസമാക്കാൻ ആരെയും അനുവദിച്ചുകൂടാ.
ഒരു കലാകാരിയും കലാകാരനും ഒരിക്കലും ഇത്രയും ധാർഷ്ട്യത്തോടെ മാധ്യമ പ്രതിനിധികളോട് സംസാരിക്കാൻ പാടില്ല.. മികച്ച നർത്തകനായ ആർ.എല്‍.വി.രാമകൃഷന്റെ എല്ലാ കലാപ്രവർത്തനങ്ങള്‍ക്കും എന്റെ വിജയാശംസകള്‍.