കൊച്ചി : നിവിൻ പോളിക്കെതിരായ പീഡനപരാതി വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും അദ്ദേഹം പറയുന്നു. ഒരു സ്വകാര്യ ചാനലിനോട് ആയിരുന്നു പ്രതികരണം.
2023 ഡിസംബര്‍ 14ന് നിവിന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലായിരുന്നു ഉണ്ടായിരുന്നത്. പിറ്റേന്ന് പുലർച്ചെ മൂന്നുമണിവരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു. യാഥാര്‍ത്ഥ്യം ഉടന്‍ തെളിയണമെന്നും അദ്ദേഹം പറയുന്നു.
‘ഷൂട്ടിംഗ് എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു. വലിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിംഗ്. ഉച്ചയ്ക്കുശേഷം ക്രൗണ്‍ പ്ലാസയില്‍ ഉണ്ടായിരുന്നു. ക്രൗണ്‍ പ്ലാസയില്‍ പുലര്‍ച്ചെ വരെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. നിവിന്‍ പോയത് ഇതില്‍ അഭിനയിക്കാനാണ്. ഷൂട്ടിംഗ് കേരളത്തില്‍ ആയിരുന്നു,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
നംവബർ, ഡിസംബർ മാസങ്ങളിലായി തന്നെ ദുബായില്‍ വച്ച് നിവിൻ പോളിയടക്കമുള്ള ഒരു സംഘം ആളുകള്‍ പീഡിപ്പിച്ചെന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. കോതമംഗലം ഊന്നുകല്‍ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണ സംഘം നടപടി തുടങ്ങാനിരിക്കെയാണ് നിവിന് പിന്തുണയുമായി കൂടുതല്‍ പേർ രംഗത്ത് വരുന്നത്.