കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ വിടുതൽ ഹർജി തള്ളിയതോടെ സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും വെട്ടിലായിരിക്കുകയാണ്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ സിബിഐ ചുമത്തിയിട്ടുള്ളത്.Shukur murder case
കൊലപാതകത്തിനായി ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികൾ ഉണ്ടെന്നും ജയരാജന്റെയും, ടി വി രാജേഷിൻ്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
കേസില്‍ ഗൂഡാലോചന കുറ്റമാണ് പി ജയരാജനും ടി വി രാജേഷിനുമെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും സിബിഐ പ്രത്യേക കോടതിയെ സമീപിക്കുകയായിരുന്നു.
ഗൂഢാലോചന അറിഞ്ഞിട്ടും തടയാൻ ശ്രമിച്ചില്ലെന്ന കുറ്റംചുമത്തി പി. ജയരാജനെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. കേസില്‍ ജയരാജന്‍ 38–ാം പ്രതിയും ടി.വി. രാജേഷ് 39–ാം പ്രതിയുമാണ്. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റകൃത്യം നടത്താനുളള പദ്ധതി അറിഞ്ഞിട്ടും മറച്ചു വയ്‌ക്കുന്നവർക്കെതിരെ ചുമത്തുന്ന കുറ്റമാണ് ഐപിസി 118.
എന്നാല്‍ ഷുക്കൂര്‍ വധക്കേസില്‍ നിയമപോരാട്ടം തുടരുമെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍ പറയുന്നു. നിയമവിദഗ്ധരുമായി ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സി.ബി.ഐ കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.കൊലയാളികളും കൊലപാതകത്തിന് ഗൂഡാലോചന നടത്തിയവരും ഉള്‍പ്പെടെയുള്ള എല്ലാ ക്രിമിനലുകളും ശിക്ഷിക്കപ്പെടണം.
രാഷ്ട്രീയ കൊലപാതകങ്ങളെല്ലാം നടക്കുന്നത് സി.പി.എം സംസ്ഥാന- ജില്ലാ നേതാക്കളുടെ അറിവോടെയാണെന്ന യു.ഡി.എഫ് ആരോപണത്തിന് അടിവരയിടുന്നതാണ് അരിയില്‍ ഷൂക്കൂര്‍ വധക്കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം.
സി.പി.എം നേതാക്കള്‍ക്കൊപ്പം ആശുപത്രി മുറിയില്‍ ഗൂഡാലോചന നടത്തിയ രണ്ടു ക്രിമിനലുകള്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തു എന്നതിനുള്ള തെളിവുകളും സി.ബി.ഐ ഹാജരാക്കിയിട്ടുണ്ട്.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ കൊടുംക്രിമിനലുകള്‍ക്ക് ഇപ്പോഴും സംരക്ഷണം ഒരുക്കുകയും ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിയുകയും ചെയ്യുന്ന സി.പി.എം, ഷൂക്കൂര്‍ വധക്കേസ് പ്രതികളെയും സംരക്ഷിക്കുമെന്ന് ഉറപ്പാണ്. മാഫിയ സംഘത്തെ പോലെ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയും അതിന്റെ നേതാക്കളും സര്‍ക്കാരിന് നേതൃത്വം നല്‍കുന്നു എന്നത് കേരളത്തിനും അപമാനമാണ്.
രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തലും ക്രിമിനല്‍ കൊട്ടേഷന്‍ സംഘങ്ങളെയും ഉപയോഗിച്ചുള്ള ലഹരിക്കടത്തും സ്വര്‍ണം പൊട്ടിക്കലുമല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് സി.പി.എമ്മിലെ പുതുതലമുറ നേതാക്കളെങ്കിലും തിരിച്ചറിയണമെന്നും വിഡി സതീശന്‍ പറഞ്ഞു.
ഷുക്കൂര്‍ വധക്കേസിലെ കോടതി വിധിയോടെ കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തില്‍ സിപിഎം ഉന്നത നേതൃത്വത്തിനുള്ള പങ്ക് ഒരിക്കല്‍ കൂടി പുറത്തു വന്നിരിക്കുകയാണ് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാനുള്ള കാടന്‍ ഗോത്രബോധത്തിന്റെ പക നിറഞ്ഞ മനസാണ് കേരളത്തിലെ സിപിഎം നേതൃത്വത്തിനുള്ളത് എന്ന് കോടതിക്കു പോലും ബോധ്യപ്പെട്ടിരിക്കുന്നു.
ഷുക്കൂര്‍ എന്ന ചെറുപ്പക്കാരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചന കുറ്റത്തില്‍ നിന്ന് പി ജയരാജയനെയും ടിവി രാജേഷിനെയും ഒഴിവാക്കാനാവില്ലെന്ന കോടതി വിധി അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്. കൊലപാതകങ്ങളില്‍ ഉള്‍പ്പെട്ട നേതാക്കള്‍ എത്ര ഉന്നതരായാലും ഇരുമ്ബഴിക്കുള്ളില്‍ അടയ്ക്കുക തന്നെ വേണം.
കാസര്‍കോട്ടെ ഊര്‍സ്വലരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ വധക്കേസിലും പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള ഉന്നതരായ സിപിഎം നേതാക്കള്‍ ശിക്ഷിക്കപ്പെടും എന്നു തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ.
നേതാക്കള്‍ കൊലപാതകം ആസൂത്രണം ചെയ്യുകയും അണികളെ പ്രതികളായി വിട്ടുകൊടുത്ത് സ്വന്തം തടിയൂരുകയും ചെയ്യുന്ന പ്രവണത ശക്തമായ കോടതി ഇടപെടലോടെ അവസാനിച്ചാല്‍ സിപിഎം നേതൃത്വം നല്‍കുന്ന ഈ കൊലപാതക രാഷ്ട്രീയത്തില്‍ നിന്ന് കേരളം ഏറെക്കുറെ മുക്തി നേടുമെന്നും ചെന്നിത്തല പറഞ്ഞു.
മുസ്ലീംലീഗ് വിദ്യാർത്ഥി വിഭാഗമായ എംഎസ്എഫിന്‍റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്.ചെറുകുന്ന് കീഴറയിൽ വച്ചാണ് ഷുക്കൂർ കൊല്ലപ്പെട്ടത്.
അന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെയും മുൻ കല്യാശേരി എംഎൽഎയായിരുന്ന ടി വി രാജേഷിന്റെയും വാഹനം ആക്രമിച്ചതിന്റെ പേരിലുള്ള വൈരാഗ്യത്തിന്റെ പേരിൽ ഷുക്കൂറിനെ കൊല്ലപ്പെടുത്തി എന്നതാണ് കേസ്. രണ്ട് മണിക്കൂർ നീണ്ട ക്രൂരമായ വിചാരണയ്ക്കൊടുവിലായിരുന്നു കൊലപാതകമെന്നും കുറ്റപത്രത്തിൽ പയുന്നുണ്ട്. പി ജയാരാജനെയും ടി വി രാജേഷിനെയും സിബിഐ ആണ് പ്രതി ചേർത്തത്.
വാഹനം ആക്രമിക്കപ്പെട്ടതിനെ തുടർന്നു ജയരാജനും രാജേഷും ചികിൽസ തേടിയ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലാണു കൊലപാതകത്തിനു ഗൂഢാലോചന നടന്നതെന്നും കണ്ടെത്തി. അടച്ചിട്ട മുറിയിൽ നടന്ന ഗൂഢാലോചനയ്‌ക്കു ജയരാജനും രാജേഷും സാക്ഷികളായിരുന്നുവെന്നാണു കേസ്. ജയരാജൻ തടഞ്ഞിരുന്നെങ്കിൽ കൊല ഒഴിവാക്കാമായിരുന്നെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ വീണ്ടും അരിയിൽ ഷുക്കൂർ വധക്കേസ് ചർച്ചയായിരുന്നു. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്താന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടെന്ന ആരോപണവുമായി അഭിഭാഷകന്‍ ടി പി ഹരീന്ദ്രന്‍ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിലെ കൊടുക്കല്‍ വാങ്ങലുകളുടെ ഭാഗമായിരുന്നു ഇടപെടലെന്നും ഹരീന്ദ്രൻ പറഞ്ഞിരുന്നു.