Sunday, July 14, 2024
spot_imgspot_img
HomeNewsKerala Newsഅധ്യാപകന്റെ കാല്‍ വെട്ടുമെന്ന ഭീഷണി, ഇടിമുറിയിലെ മര്‍ദ്ദനമുറ, എംഎല്‍എ മാര്‍ക്കെതിരെ അക്രമം; കലാലയങ്ങളില്‍ വീണ്ടും അഴിഞ്ഞാട്ടവുമായി...

അധ്യാപകന്റെ കാല്‍ വെട്ടുമെന്ന ഭീഷണി, ഇടിമുറിയിലെ മര്‍ദ്ദനമുറ, എംഎല്‍എ മാര്‍ക്കെതിരെ അക്രമം; കലാലയങ്ങളില്‍ വീണ്ടും അഴിഞ്ഞാട്ടവുമായി എസ്എഫ്ഐ, ‘രക്ഷാ പ്രവർത്തനം’ തുടരുന്ന കുട്ടി സഖാക്കളെ തിരുത്താന്‍ മുതിരാതെ സിപിഎം!

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്‍റെ മരണശേഷം കാമ്പസുകളില്‍ എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയം വീണ്ടും ചര്‍ച്ചയാവുകയാണ്.SFI’s politics of violence on campuses is being discussed again

കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെ ഇടിമുറിയില്‍ കെ.എസ്.യു ജില്ലാ ജോയിന്‍റ്  സെക്രട്ടറിയും കോളേജിലെ എം.എ മലയാളം വിദ്യാര്‍ഥിയുമായ സാഞ്ചോസിനെ ക്രൂരമായി മര്‍ദ്ദിച്ചതിന് പിന്നാലെയാണ് എസ്എഫ്ഐയുടെ അതിക്രമം വീണ്ടും വിവാദമാകുന്നത്.

ചൊവ്വാഴ്ച രാത്രി ക്യാമ്പസില്‍ വന്ന സാന്‍ ജോസിനെ ഒരു സംഘം ഹോസ്റ്റലിലെ ഇടിമുറിയില്‍ കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. ഇതുകണ്ട ക്യാമ്പസിലെ വിദ്യാര്‍ത്ഥികളാണ് വിവരം പോലീസില്‍ അറിയിച്ചത്. പൊലീസെത്തി സാന്‍ജോസിനെ രക്ഷപ്പെടുത്തി ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് അര്‍ധരാത്രി എംഎല്‍എമാരുടെ നേതൃത്വത്തില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ശ്രീകാര്യം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. എം.എല്‍.എമാരായ ചാണ്ടി ഉമ്മന്‍, എം. വിന്‍സെന്റ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.

വിഷയം അറിഞ്ഞെത്തിയ എം. വിന്‍സെന്റ് എം.എല്‍.എയ്ക്ക് നേരെയും എസ്.എഫ്.ഐ അതിക്രമം ഉണ്ടായി. നടുറോഡില്‍ പൊലീസിന് മുന്നില്‍ വെച്ചായിരുന്നു എം.എല്‍.എയെ എസ്.എഫ്.ഐ ഗുണ്ടകള്‍ കയ്യേറ്റം ചെയ്തത്. ഇതിനിടെ കല്ലേറിൽ ഒരു പൊലീസുകാരനും പരിക്കേറ്റിരുന്നു.

എന്നാല്‍ പൊലീസുകാരന് പരിക്കേറ്റ സംഭവത്തില്‍ എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തു. എം വിന്‍സന്റ്, ചാണ്ടി ഉമ്മന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കണ്ടാലറിയുന്ന യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. 

കാര്യവട്ടം കാമ്പസിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസിന്റെ സംരക്ഷണത്തില്‍ എംഎല്‍എമാരെ ആക്രമിച്ചു. എന്നിട്ടും പ്രതികളെ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. പൊലീസ് പ്രതികള്‍ക്കൊപ്പമെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

കോളേജില്‍ എസ്എഫ്‌ഐ ഹെല്‍പ് ഡസ്‌ക് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്കത്തില്‍ ഇന്നലെ കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പലിന് നേരെ ഭീഷണിയുമായി എസ്എഫ്‌ഐ എത്തിയതും വിവാദമായിരുന്നു. തങ്ങളുടെ നേതാവിനെ മര്‍ദിച്ച അധ്യാപകന്‍ രണ്ടുകാലില്‍ കോളേജില്‍ കയറില്ലെന്ന് എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി നവതേജ് ഭീഷണിപ്പെടുത്തി.

അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെയ്യാനുള്ള കഴിവ് എസ്എഫ്‌ഐക്ക് ഉണ്ട്. അധികാരികള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഈ അധ്യാപകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എസ്എഫ്‌ഐക്ക് അറിയാം എന്നിങ്ങനെയായിരുന്നു ആക്രോശം.

പുറത്ത് നിന്ന് എസ്എഫ്‌ഐ നേതാക്കള്‍ കോളേജില്‍ എത്തിയെന്നും ഇവര്‍ മര്‍ദിച്ചതെന്നുമാണ് പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്‌കറിന്റെ ആരോപണം. ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരം സംഘടിപ്പിക്കുമെന്ന് പറഞ്ഞ് എസ്എഫ്ഐയും രംഗത്തെത്തി

അതേസമയം എസ്എഫ്ഐ ക്രിമിനല്‍ സംഘത്തിന്റെ കാടത്തം വീണ്ടും പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു. പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ കൊന്ന് കെട്ടിത്തൂക്കിയിട്ടും എസ്എഫ്ഐ ക്രിമിനലുകള്‍ക്ക് ചോരക്കൊതി മാറുന്നില്ല. കുട്ടി ക്രിമിനലുകളുടെ കൂട്ടമായി എസ്എഫ്ഐ കാമ്പസുകളില്‍ തുടരുന്നത് ഇനിയും അനുവദിക്കാനാകില്ല.

ക്രിമിനലുകള്‍ക്ക് കുട പിടിക്കുന്ന അടിമകളുടെ സംഘമായി കേരള പോലീസ് അധഃപതിക്കരുത്.

പ്രിന്‍സിപ്പലിന്റെ ചെകിട്ടത്തിടിക്കുകയും അധ്യാപകരുടെ കാല്‍ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന എസ്എഫ്ഐ ക്രിമിനല്‍ സംഘത്തിന് സര്‍ക്കാരും പൊലീസുമാണ് സംരക്ഷണമൊരുക്കുന്നത്. ഗുണ്ടാ സംഘങ്ങളെ കാമ്പസില്‍ ഇനിയും അഴിച്ചു വിടാനാണ് ഭാവമെങ്കില്‍ ശക്തമായ പ്രതിരോധമുണ്ടാകുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

എസ്എഫ്ഐ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎം തയ്യാറാകണമെന്ന് കെ.പിസിസി പ്രസിഡന്‍റ്  കെ. സുധാകരന്‍ ആവശ്യപ്പെട്ടു.  കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച എസ്.എഫ്.ഐക്കാര്‍ക്കെതിരെ കേസെടുക്കാത്തതിനെ തുടര്‍ന്നാണ് എംഎല്‍എമാരായ എം. വിന്‍സന്റ്,ചാണ്ടി ഉമ്മന്‍ എന്നിവര്‍ കുട്ടികളോടൊപ്പം പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചത്.

അത് ജനപ്രതിനിധികളുടെ കടമകൂടിയാണ്. അതുകൊണ്ട് മാത്രമാണ്  അക്രമം നടത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പേരിനെങ്കിലും കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരായത്.  അതിന്‍റെ  പ്രതികാരമാണ് യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെയുള്ള  പൊലീസിന്‍റെ  കള്ളക്കേസ്.

അധ്യാപകന്റെ കാല്‍വെട്ടുമെന്ന് പരസ്യമായി ഭീഷണി മുഴക്കുകയും കാമ്പസുകളില്‍ അക്രമങ്ങള്‍ നടത്തുകയും നിരപരാധികളായ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും  ചെയ്യുന്ന കുട്ടിസഖാക്കളെ സംരക്ഷിക്കുന്നതിലൂടെ സിപിഎം ഭാവിയിലേക്കുള്ള ക്വട്ടേഷന്‍ സംഘത്തെ വാര്‍ത്തെടുക്കുകയാണ്.

എസ്.എഫ്.ഐക്ക് സ്വാധീനമുള്ള കലാലയങ്ങളില്‍ ഇടിമുറികള്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. അതിന് ഇടതനുകൂലികളായ അധ്യാപകരുടെ സഹായവും ലഭിക്കുന്നുണ്ട്.

എസ്.എഫ്. ഐയുടെയും സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെ വിദ്യാര്‍ത്ഥികള്‍ പടിക്കുപുറത്താക്കുന്ന കാഴ്ചയാണ് കാമ്പസ് തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുന്നത്. തിരഞ്ഞെടുപ്പുകളില്‍ ജനവിധി എതിരായിട്ടും തിരുത്താന്‍ സിപിഎം തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണ്.

സിപിഎമ്മിന്റെ തെറ്റുതിരുത്തല്‍ എസ്.എഫ്.ഐയില്‍ നിന്ന് തുടങ്ങുന്നതാണ് ഉചിതം. അതല്ലാതെ അക്രമം തുടരാനാണ് ഉദ്ദേശമെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടിവരും. അത് മുന്നില്‍ കണ്ട് സ്വയംതിരുത്താന്‍ എസ്.എഫ്.ഐയെ ഉപദേശിക്കുന്നതാണ് സിപിഎമ്മിന് നല്ലതെന്നും കെ.സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments