Home News India ‘ഇന്ത്യയിലിറങ്ങാനാകാതെ ഇന്ത്യനാകാശങ്ങളിലൂടെ,ആരാണ് ഉത്തരവാദി’’; മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം നടക്കാത്തതില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സത്യദീപം

‘ഇന്ത്യയിലിറങ്ങാനാകാതെ ഇന്ത്യനാകാശങ്ങളിലൂടെ,ആരാണ് ഉത്തരവാദി’’; മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം നടക്കാത്തതില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സത്യദീപം

0
‘ഇന്ത്യയിലിറങ്ങാനാകാതെ ഇന്ത്യനാകാശങ്ങളിലൂടെ,ആരാണ്  ഉത്തരവാദി’’; മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം നടക്കാത്തതില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സത്യദീപം

ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ എട്ട് ഏഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടും ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സത്യദീപം വാരികയുടെ മുഖപ്രസംഗം.Satya Deepam criticizes the Modi government for the Pope not visiting India

സിറോ മലബാര്‍ സഭയുടെ അങ്കമാലി – എറണാകുളം അതിരൂപതയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ സത്യദീപത്തിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് മോദി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. ‘ഇന്ത്യയിലിറങ്ങാനാകാതെ ഇന്ത്യനാകാശങ്ങളിലൂടെ’ എന്ന തലക്കെട്ടിലെഴുതിയ എഡിറ്റോറിയലിലാണ് സഭാ പ്രതിഷേധം വ്യക്തമാക്കിയിരിക്കുന്നത്.

‘ഇന്ത്യ സന്ദര്‍ശിക്കാന്‍ ഇന്നുവരെ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു സാധിച്ചില്ല. മൂന്നു പര്യടനങ്ങളിലായി ഏഷ്യയിലെ എട്ടു രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടും, 87 കാരനായ പാപ്പാ 32,000 കിലോമീറ്ററുകള്‍ ഇന്ത്യന്‍ ആകാശങ്ങളിലൂടെയടക്കം യാത്ര ചെയ്തിട്ടും അദ്ദേഹത്തിന് ഇന്ത്യ ഒഴിവാക്കേണ്ടി വന്നു. ആരാണ് ഇതിന് ഉത്തരവാദി’ എന്ന ചോദ്യമാണ് മുഖപ്രസംഗത്തില്‍ സത്യദീപം ഉയര്‍ത്തിയിരിക്കുന്നത്.

ഈ വര്‍ഷം ജൂണില്‍ ഇറ്റലിയില്‍ നടന്ന ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി എക്സില്‍ (ട്വിറ്ററില്‍) കുറിപ്പിടുകയും ചെയ്തിരുന്നു. മാര്‍പ്പാപ്പയെ മോദി ആലിംഗനം ചെയ്യുന്ന ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

2021ലും സമാനമായ രീതിയില്‍ മാര്‍പ്പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷേ, വത്തിക്കാന്‍ രാഷ്ട്രത്തലവന്‍ എന്ന നിലയ്ക്കുള്ള ഔപചാരികമായ നടപടിക്രമങ്ങള്‍ ഇന്ത്യ പൂര്‍ത്തിയാക്കാത്തതു കൊണ്ടാണ് സന്ദര്‍ശനം സാധ്യമാകാത്തതെന്നാണ് സഭാ വൃത്തങ്ങള്‍ ആരോപിക്കുന്നത്.

2013ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയായി ചുമതലയേറ്റത്. 2014ല്‍ ഇന്ത്യയില്‍ ബിജെപി സര്‍ക്കാര്‍ അധികാരം പിടിച്ചു. ഭൂരിപക്ഷവര്‍ഗീയതയും ന്യൂനപക്ഷവിരുദ്ധതയും ജനാധിപത്യധ്വംസനവും ഭരണഘടനാത്തകര്‍ച്ചയും തങ്ങളുടെ മാര്‍ഗമായും ലക്ഷ്യമായും ഉപയോഗിക്കുന്ന ആ ഭരണകൂടം തുടര്‍ച്ചയായ മൂന്നാം വട്ടവും ഇന്ത്യ ഭരിക്കുന്നു. മാര്‍പാപ്പയുടെ ഇന്ത്യന്‍ സന്ദര്‍ശനം യാഥാര്‍ത്ഥ്യമാകാത്തതിന്റെ ഏറ്റവും അടിസ്ഥാനപരമായ കാരണവും മറ്റൊന്നല്ലെന്നാണ് സഭാ മാസികയുടെ പരിഹാസം.

പാവപ്പെട്ടവരോടുള്ള സവിശേഷമായ കരുതലാണ് ഫ്രാന്‍സിസ് പാപ്പയുടെ മുഖമുദ്രകളില്‍ പ്രധാനം. ദരിദ്രരെ വീണ്ടും ദരിദ്രരാക്കുകയും സമ്പന്നരെ അതിസമ്പന്നരാക്കുകയും ചെയ്യുന്ന നയ പരിപാടികളെ പാപ്പ എതിര്‍ക്കുന്നു. ഭൂമിയെന്ന പൊതുഭവനത്തെ ഭാവിതലമുറകള്‍ക്കു ജീവിതയോഗ്യമായി കൈമാറുന്നതിനുള്ള പരിസ്ഥിതിസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ഊന്നലേകുന്നു.

മതവംശവിഭാഗീയതകള്‍ക്കതീതമായ മനുഷ്യമഹത്വത്തെ പ്രഘോഷിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കും കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും സമ്പൂര്‍ണ്ണപൗരാവകാശങ്ങളോടെ ആതിഥ്യമരുളണമെന്ന് ഉപദേശിക്കുന്നു. സന്ദേഹത്തിനിടം കൊടുക്കാത്തവിധം ഈ സന്ദേശങ്ങള്‍ പരത്തിക്കൊണ്ടുള്ളതാണ് പാപ്പയുടെ പര്യടനങ്ങള്‍.അത് ഇന്ത്യയിലേക്കു വേണ്ട എന്ന് ഇന്നത്തെ ഇന്ത്യന്‍ അധികാരിവര്‍ഗം കരുതുന്നതു സ്വാഭാവികമെന്നേ പറയേണ്ടു.

‘കോര്‍പ്പറേറ്റുകള്‍ക്കു പാദസേവ ചെയ്യുന്ന, ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന, വംശഹത്യയെ ഉദാസീനമായി നോക്കിനില്‍ക്കുന്ന, ഭരണഘടനാസ്ഥാപനങ്ങളെ വൈരനിര്യാതനത്തിനായി ദുരുപയോഗിക്കുന്ന, മാധ്യമസ്വാതന്ത്ര്യത്തെ വിലയ്ക്കെടുക്കുന്ന ഒരു ഭരണകൂടത്തിന് ഈ പാപ്പ സ്വീകാര്യനാകുന്നതെങ്ങനെ’ എന്നാണ് സത്യദീപം ചോദിക്കുന്നത്.

ഈ സത്യം തിരിച്ചറിയാനും വിളിച്ചു പറയാനും ഇന്ത്യന്‍ കത്തോലിക്കാസഭ തയ്യാറാകണമെന്നും മുഖ പ്രസംഗത്തിലുണ്ട്. പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ 1999ല്‍ ഇന്ത്യ സന്ദര്‍ശിച്ച ശേഷം മറ്റ് മാര്‍പ്പാപ്പമാര്‍ ആരും തന്നെ കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഇന്ത്യയിലേക്ക് വന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here