ചെന്നൈ:കേരളത്തിലെ സിനിമാമേഖലയ്ക്കു സമാനമായി തമിഴ് സിനിമാ മേഖലയിലും സ്ത്രീകൾ ‘കാസ്റ്റിംഗ് കൗച്ച്’ പോലുള്ള അതിക്രമങ്ങൾ നേരിടുന്നുണ്ടെന്ന ആരോപണവുമായി പ്രമുഖ ചലച്ചിത്ര താരം സനം ഷെട്ടി. തമിഴ് സിനിമകളിൽ പ്രവർത്തിക്കുന്ന അഭിനേതാക്കളുടെ സുരക്ഷ ഉറപ്പാക്കാൻ വിശദമായ അന്വേഷണം നടത്തണമെന്നും താരം ആവശ്യപ്പെട്ടു.sanam shetty about casting couch
‘പലപ്പോഴും എനിക്ക് ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വഴങ്ങേണ്ടി വരുമെന്ന് ബോദ്ധ്യപ്പെട്ടതോടെ ആണ് ഞാൻ പല സിനിമകളും വേണ്ടെന്ന് വെച്ചത്. വളരെയേറെ ഗൗരവകരമായ ഇത്തരമൊരു വിഷയത്തിൽ അന്വേഷണം നടത്തിയ ജസ്റ്റിസ് ഹേമയ്ക്കും ഇതിന് മുൻകൈയെടുത്ത നടിമാർക്കും നന്ദി’ , സനം പറഞ്ഞു.
അതേസമയം കൊൽക്കത്തയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിലും സിനിമാ മേഖലയിലെ ചൂഷണങ്ങൾക്കുമെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും സനം തീരുമാനിച്ചിട്ടുണ്ട്. വള്ളുവർ കോട്ടത്തിന് സമീപം റാലി നടത്തുന്നതിന് അനുമതി തേടി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസ് സന്ദർശിച്ചപ്പോഴാണ് അവർ മാദ്ധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയിലുടനീളമുള്ള സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടിയും വർദ്ധിച്ചുവരുന്ന ബലാത്സംഗക്കേസുകൾ തടയുന്നതിനുമാണ് ഈ റാലിയെന്നും നടി പറഞ്ഞു.