ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍ നടന്‍ ദര്‍ശന്‍, നടിയും സുഹൃത്തുമായ പവിത്ര ഗൗഡ എന്നിവരടക്കം 17 പ്രതികള്‍ക്കെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.renukaswamy murder case police filed charge sheet against darshan and pavithra gowda
വിജയനഗര്‍ സബ് ഡിവിഷന്‍ എ.സി.പി. ചന്ദന്‍കുമാര്‍ ആണ് ബെംഗളൂരു 24-ാം അഡീ. ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ബുധനാഴ്ച രാവിലെ കുറ്റപത്രം സമര്‍പ്പിച്ചത്. 3991 പേജുകളുള്ള കുറ്റപത്രത്തില്‍ 231 സാക്ഷികളാണുള്ളത്. ഇതില്‍ മൂന്നുപേര്‍ ദൃക്‌സാക്ഷികളാണ്. ഇതിനുപുറമേ നിര്‍ണായകമായ പല തെളിവുകളും കുറ്റപത്രത്തിനൊപ്പം കോടതിയില്‍ ഹാജരാക്കി.
എട്ട് ഫൊറന്‍സിക് റിപ്പോര്‍ട്ടുകളാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിനൊപ്പം സിസിടിവി ദൃശ്യങ്ങളും നടി പവിത്ര ഗൗഡയുടെ രക്തംപുരണ്ട ചെരിപ്പും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള തൊണ്ടിമുതലുകളും പോലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂണ്‍ എട്ടിനാണ് ദര്‍ശന്റെ ആരാധകനായ ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ദര്‍ശന്റെ സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് രേണുകാസ്വാമി ഇന്‍സ്റ്റഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചതായിരുന്നു കൊലപാതകത്തിനുള്ള കാരണം. ദര്‍ശന്റെ നിര്‍ദേശപ്രകാരം കൊലയാളിസംഘം രേണുകാസ്വാമിയെ ചിത്രദുര്‍ഗയില്‍നിന്ന് തട്ടിക്കൊണ്ടുപോവുകയും ബെംഗളൂരു പട്ടണഗരെയിലെ പാര്‍ക്കിങ് കേന്ദ്രത്തിലെത്തിച്ച് മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
ജൂണ്‍ ഒന്‍പതാം തീയതി പുലര്‍ച്ചെയാണ് രേണുകാ സ്വാമിയുടെ മൃതദേഹം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.
രേണുകാസ്വാമിയുടെ ദേഹമാസകലം മുറിവുകളുണ്ടായിരുന്നു. അതുപോലെ ഒരു ചെവി കാണാനില്ലായിരുന്നു. ഷോക്കേല്‍പ്പിച്ചും ജനനേന്ദ്രിയം തകര്‍ത്തും വളരെ ക്രൂരമായാണ് പ്രതികള്‍ യുവാവിനെ കൊലപ്പെടുത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ ഇത് വ്യക്തമായി പറഞ്ഞിരുന്നു. യുവാവിനെ കൊലപ്പെടുത്തിയശേഷം കുറ്റം ഏറ്റെടുക്കാനും തെളിവ് നശിപ്പിക്കാനുമായി കൂട്ടുപ്രതികള്‍ക്ക് ദര്‍ശന്‍ പണം നല്‍കിയിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.