മലപ്പുറം: ജില്ലാ പൊലീസ് മേധാവി എസ്.ശശിധരനെ പരസ്യമായി അധിക്ഷേപിച്ച പി.വി.അൻവർ എം.എല്‍.എ മാപ്പ് പറയണമെന്ന് ആവശ്യവുമായി ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കിയതിന് പിന്നാലെ പരിഹാസവുമായി അൻവർ രംഗത്തെത്തി.PV Anwar mocking the Kerala Police
”കേരളത്തിന്റെ മാപ്പുണ്ട്..
മലപ്പുറം ജില്ലയുടെ മാപ്പുണ്ട്..നിലമ്ബൂരിന്റെ മാപ്പുണ്ട്.. ഇനിയും വേണോ മാപ്പ്..” എന്ന പരിഹാസവാക്കുകളാണ് പി.വി അൻവർ ഫേസ്ബുക്കില്‍ കുറിച്ചത്.
പൊലീസ് അസോസിയേഷൻ സമ്മേളന വേദിയില്‍ ജില്ലാ പൊലീസ് മേധാവി എസ്.ശശിധരനെ കഴിഞ്ഞദിവസമാണ് പരസ്യമായി പി.വി.അൻവർ എം.എല്‍.എ അധിക്ഷേപിച്ചത്. മനോവിഷമത്തിലായ എസ്.പി പ്രസംഗിക്കാതെ വേദി വിട്ടു. അൻവർ ഉദ്ഘാടകനും എസ്.പി മുഖ്യപ്രഭാഷകനുമായിരുന്നു.
എസ്.പിയെ ഒരുമണിക്കൂറോളം കാത്തിരിക്കേണ്ടിവന്നതും തന്റെ പാർക്കിലെ റോപ് മോഷണം പോയതില്‍ പ്രതിയെ പിടികൂടാത്തതുമാണ് അൻവറിനെ ചൊടിപ്പിച്ചത്. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ജനങ്ങളുടെ മനോവികാരമുണ്ടാക്കാൻ പൊലീസില്‍ ചിലർ ശ്രമിക്കുന്നെന്ന് വിമർശിച്ചു.
എസ്.പി ബോധപൂർവം പരിപാടിയില്‍ വൈകിയെത്തിയെന്നും ആരോപിച്ചു. പത്ത് മണിക്കുള്ള സമ്മേളനത്തിനായി 9.50ന് എത്തിയ തന്നോട് കാത്തിരിക്കാൻ പറഞ്ഞു. എസ്.പി തിരക്കിന്റെ ഭാഗമായിട്ടാണ് നേരത്തെ വരാതിരുന്നതെങ്കില്‍ ഒരുപ്രശ്നവുമില്ല.
പക്ഷേ, അവനവിടെ ഇരിക്കട്ടെ എന്നു വിചാരിച്ചെങ്കില്‍ അത് അദ്ദേഹം തീരുമാനിക്കേണ്ട കാര്യമാണ്. ഇതൊന്നും ശരിയായ രീതികളല്ലെന്നും അൻവർ പറഞ്ഞു.
ഇതിന് പിന്നാലെ, എസ്.പി ഏതാനും വാക്കുകളില്‍ പ്രസംഗം അവസാനിപ്പിച്ചു. അല്‍പ്പം തിരക്കിലാണ്. പ്രസംഗത്തിനുള്ള മൂഡില്‍ അല്ല എന്നു പറഞ്ഞാണ് വേദിവിട്ടത്. പത്തനംതിട്ടയിലെ നരബലിക്കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനാണ് ശശിധരൻ.
തുടർന്നാണ് പി വി അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കിയത്. ഐപിഎസ് ഉദ്യോഗസ്ഥരെ പി വി അൻവര്‍ പൊതുവില്‍ അപകീർത്തിപ്പെടുത്താനാണ് തീരുമാനിച്ചതെന്നാണ് പ്രമേയത്തില്‍ പറയുന്നത്. മലപ്പുറം എസ്‌പിയെ പല മാർഗത്തില്‍ കൂടി സ്വാധീനിക്കാൻ ശ്രമിച്ചതായി അൻവർ പരസ്യമായി സമ്മതിക്കുകയായിരുന്നു.
നിയമ രാഹിത്യത്തിൻ്റെ ഭീതിതമായ സ്ഥിതിയാണ് എംഎല്‍എ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. പി വി അൻവര്‍ നടത്തിയ പ്രസ്താവന പിൻവലിച്ച് പൊതുമധ്യത്തില്‍ മാപ്പ് പറയണമെന്നാണ് ഐപിഎസ് അസോസിയേഷന്റെ പ്രമേയത്തിലെ ആവശ്യം.
നിയമവ്യവസ്ഥ ഉയർത്തി പിടിക്കാൻ എംഎല്‍എ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട ഐപിഎസ് അസോസിയേഷൻ, എംഎല്‍എക്കെതിരെ മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും അറിയിച്ചു