കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഏഴു വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷം ഒന്നാം പ്രതി പള്‍സര്‍ സുനി പുറത്തിറങ്ങുന്നു.
ജാമ്യം കർശനവ്യവസ്ഥകളോടെയാണ് അനുവദിച്ചിരിക്കുന്നത്.
എറണാകുളം ജില്ല വിട്ട് പോകാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത്, മാദ്ധ്യമങ്ങളോട് സംസാരിക്കരുത്, ഒരു സിം മാത്രമേ ഉപയോഗിക്കാവൂ, പ്രതികളെയോ സാക്ഷികളേയോ ബന്ധപ്പെടരുത് എന്നീ ഉപാധികളാണ് കോടതി മുന്നോട്ടു വച്ചിട്ടുള്ളത്. രണ്ട് ആള്‍ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും കെട്ടിവയ്‌ക്കണം. സുനിയുടെ സുരക്ഷ റൂറല്‍ പൊലീസ് ഉറപ്പാക്കണമെന്നും കോടതി നിർദേശം നല്‍കി.
നടിയെ ആക്രമിച്ച കേസില്‍ 10 പ്രതികളാണുള്ളത്. എട്ടു വരെ പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റം ഉള്‍പ്പെടെയാണ് ചുമത്തിയിരിക്കുന്നത്. മറ്റുള്ളവർക്കെതിരേ ഗൂഢാലോചനക്കുറ്റമാണ്. 261 സാക്ഷികളുണ്ട്. 1600 രേഖകള്‍ കേസില്‍ കൈമാറി.
കേസില്‍ സെഷൻസ് കോടതി വിധി മൂന്നു മാസത്തിനകം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ജഡ്ജി ഹണി എം. വർഗീസ് മുമ്ബാകെ സാക്ഷി വിസ്താരവും വാദവും കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. പ്രതിഭാഗത്തിന് അന്തിമ വാദമുന്നയിക്കാൻ ഈ മാസം 26 മുതല്‍ അവസരമുണ്ട്.
2017 ഫെബ്രുവരി 17നാണു നടി ആക്രമിക്കപ്പെട്ടത്. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന നടിയുടെ കാറില്‍ മറ്റൊരു വാഹനം ഇടിപ്പിച്ച് നിർത്തുകയും പള്‍സർ സുനിയും സംഘവും കാറിനുള്ളില്‍ കയറി നടിയെ ആക്രമിക്കുകയും ദൃശ്യങ്ങള്‍ പകർത്തുകയുമായിരുന്നു.