കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകണമെന്ന് നടന്‍ പൃഥ്വിരാജ്. ഹേമ കമ്മിറ്റിയോട് സംസാരിച്ച ആള്‍ക്കാരില്‍ ആദ്യം ഉള്ള ഒരു ആളാണ് ഞാൻ. തുടര്‍ നടപടികളില്‍ എനിക്കും ആകാംക്ഷയുണ്ട്. കൃത്യമായ അന്വേഷണം വേണം എന്നും പറയുന്നു നടൻ പൃഥ്വിരാജ്.Prithviraj Demands Justice: “Exemplary Punishment if Proven Guilty, Action Against False Allegations
അതേസമയം പവര്‍ ഗ്രൂപ്പ് എന്നത് ഉണ്ടോയെന്ന ചോദ്യത്തിനും നടൻ പൃഥ്വിരാജ് മറുപടി നല്‍കി. പവര്‍ അതോറിറ്റിയുടെ ഇടപെടല്‍ എനിക്ക് എതിരെ ഉണ്ടായിട്ടില്ല എന്ന് ഞാൻ ഇന്ന് പറഞ്ഞാല്‍ അങ്ങനെയൊരു പവര്‍ ഗ്രൂപ്പ് ഇല്ല എന്ന് എനിക്ക് അവകാശപ്പെടാൻ കഴിയില്ല. ഞാൻ അവരെ ഫേസ് ചെയ്‍തിട്ടില്ല. അവരാല്‍ ഞാൻ ബാധിക്കപ്പെട്ടിട്ടില്ല.
അവരാല്‍ ബാധിക്കപ്പെട്ടവര്‍ ഇന്ന് മലയാള സിനിമയില്‍ ഉണ്ടെങ്കില്‍ അവരുടെ പരാതികള്‍ കേള്‍ക്കണം. അത്തരം ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ എന്തായാലും അതില്ലാതാകണം. പക്ഷേ എനിക്ക് അത് ഉണ്ടെന്ന് പറയണമെങ്കില്‍ നേരിട്ട് ഞാൻ അത് അനുഭവിച്ചിട്ടുണ്ടാകണം. ഞാൻ എക്സപീരിയൻസ് ചെയ്‍തിട്ടില്ല എന്നതുകൊണ്ട് സിനിമയില്‍ അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെന്നും പറയാൻ എനിക്ക് കഴിയില്ല.
സ്ഥാനങ്ങള്‍ ഇരിക്കുന്ന ആള്‍ക്കാര്‍ക്ക് എതിരെ ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണം. എന്നിട്ട് നടപടി സ്വീകരിക്കണം. അധികാര സ്ഥാനത്തിരിക്കുമ്പോള്‍ അന്വേഷണം നേരിടരുത്. അങ്ങനെയാണ് വേണ്ടതെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
വിലക്ക് യാഥാർഥ്യമാണോ എന്ന ചോദ്യത്തിന്, താൻ തന്നെ അതിന് ഉദാഹരണമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ബഹിഷ്കരണം പലപ്പോഴും നിരോധനമാകുന്നു. പാർവതിക്കു മുൻപ് മാറ്റി നിർത്തൽ നേരിട്ടത് താനാണ്. വ്യക്തിപരമായി ആരെയെങ്കിലും ബഹിഷ്കരിക്കാൻ വ്യക്തികൾക്ക് സാധിക്കും. എന്നാൽ പദവികളിലിരിക്കുന്നവർ അത് ചെയ്താൽ അത് നിരോധനത്തിന്റെ ഫലം ചെയ്യും. അങ്ങനെ ചെയ്യാനുള്ള അവകാശമോ അധികാരമോ ആർക്കുമില്ല. മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടാകാൻ പാടില്ല. അത്തരത്തിൽ സംഘടിതമായി ആരുടെയെങ്കിലും തൊഴിൽ നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ അതിൽ നടപടികളുണ്ടാവണം.
‘അമ്മ’യുെട പ്രധാന പദവിയിൽ വനിത വേണം, അത് ‘അമ്മ’യിൽ മാത്രമല്ല, എല്ലായിടത്തും വേണം. സിനിമാ കോൺക്ലേവ് പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രയോജനപ്പെടുത്തണം. പ്രശ്നത്തിനു പരിഹാരം കാണാൻ തന്നാലാവുന്നത് എല്ലാം താൻ ചെയ്യും. കോൺക്ലേവ് പ്രശ്നപരിഹാരത്തിലേക്ക് നയിക്കട്ടെ. ഹേമ കമ്മിഷൻ റിപ്പോർട്ട് ഗൗരവമായി അന്വേഷിക്കണം. തിരുത്തൽ മലയാള സിനിമയിലാണ് നടന്നത് എന്ന് ഒരിക്കൽ ഇന്ത്യൻ സിനിമാ ചരിത്രം വാഴ്ത്തുമെന്നും പൃഥ്വിരാജ് പറഞ്ഞു.