Thursday, July 25, 2024
spot_imgspot_img
HomeNewsIndiaഎം.ജി യൂണിവേഴ്സിറ്റിയിൽ ഉന്നത പഠനത്തിനുള്ള വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന

എം.ജി യൂണിവേഴ്സിറ്റിയിൽ ഉന്നത പഠനത്തിനുള്ള വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന

കോട്ടയം: എം.ജി സര്‍വകലാശാലാ കാമ്പസിലും അഫിലിയേറ്റഡ് കോളജുകളിലും ഉന്നത പഠനത്തിന് അപേക്ഷ സമര്‍പ്പിച്ച വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്‍റെ(ഐസിസിആര്‍) സ്കോളര്‍ഷിപ്പോടെ പി.എച്ച്.ഡി, പി.ജി, ബിരുദ കോഴ്സുകള്‍ പഠിക്കാന്‍ 58 രാജ്യങ്ങളില്‍നിന്നായി 885 പേരാണ് ഇത്തവണ അപേക്ഷ നല്‍കിയിട്ടുള്ളത്. കഴിഞ്ഞ അക്കാദമിക് വര്‍ഷത്തില്‍ 571 അപേക്ഷകളാണ് ലഭിച്ചത്. പിഎച്ച്ഡി- 187, പി.ജി-406, ഡിഗ്രി- 292 എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിലായി ഇക്കുറി ലഭിച്ച അപേക്ഷകളുടെ എണ്ണം.

ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകര്‍-79 പേര്‍. ആഫ്രിക്കയിലെതന്നെ സുഡാനില്‍നിന്ന് 77 പേരുണ്ട്. ബൊട്സ്വാന-67, ബംഗ്ലാദേശ്-59, ഇറാഖ്-58, ടാന്‍സാനിയ-57, നൈജീരിയ-52, മലാവി-48, യെമന്‍, ശ്രീലങ്ക-39 വീതം, മാലി-33, ലെസോത്തോ-26, നേപ്പാള്‍-22, അംഗോള-22, എത്യോപ്യ-19, യുഗാണ്ട-15, റുവാണ്ട-14, ദക്ഷിണ സുഡാന്‍-10, ഗാംബിയ-10, മൊസാംബിക്, ലൈബീരിയ, ഇന്‍ഡോനേഷ്യ-9 വീതം, ഫലസ്തീന്‍-8, കൊമോറോസ്, എസ്വാതിനി-7വീതം, സിറിയ, ഘാന, മ്യാന്‍മര്‍-6 വീതം, സൊമാലിയ, ഝാഡ്, വിയറ്റ്നാം, സാംബിയ-5 വീതം, ബറുണ്ടി, സിയറ ലിയോണ്‍, മഡഗാസ്കര്‍-4 വീതം, എറിത്രിയ, ടോഗോ, ഒമാന്‍-3 വീതം, കംബോഡിയ, കാമറൂണ്‍, ഭൂട്ടാന്‍, സിംബാബ് വേ, തുര്‍ക്ക്മെനിസ്ഥാന്‍, മംഗോളിയ-2 വീതം, സെനഗള്‍, ചൈന, നൈജര്‍, യു.കെ, സെര്‍ബിയ, പോര്‍ച്ചുഗല്‍, നമീബിയ, മാലദ്വീപ്, മലേഷ്യ, സൗദി അറേബ്യ, ജിബുട്ടി, കോംഗോ, ഗിനി, തായ്ലന്‍ഡ് -1 വീതം എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍നിന്നുള്ള അപേക്ഷരുടെ എണ്ണം.

എംബിഎ കോഴ്സിനാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിട്ടുള്ളത്- 70. ഐ.സി.സി.സി ആറിന്‍റെ പോര്‍ട്ടലിലൂടെയാണ് വിദേശ വിദ്യാര്‍ഥികളില്‍നിന്നും സ്കോളര്‍ഷിപ്പോടെയുള്ള പഠനത്തിന് അപേക്ഷ സ്വീകരിക്കുന്നത്. നിലവില്‍ ഐ.സി.സി.ആര്‍ എംപാനല്‍ ചെയ്തിട്ടുള്ള 131 സര്‍വകലാശാലകളില്‍നിന്ന് വിദ്യാര്‍ഥികള്‍ക്ക് താത്പര്യമുള്ള സ്ഥാപനം തിരഞ്ഞെടുക്കാം. പിന്നീട് വിദ്യാര്‍ഥികള്‍ തിരഞ്ഞെടുത്ത സര്‍വകലാശാലകളിലേക്ക് ഐസിസിആര്‍ അപേക്ഷകള്‍ അയയ്ക്കുകയാണ് ചെയ്യുന്നത്. മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ പഠന വകുപ്പുകളിലും നാഷണല്‍ അസസ്മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്‍റെ(നാക്) എ ഡബിള്‍ പ്ലസ് ഗ്രേഡുള്ള കോളജുകളിലും ഓട്ടോണമസ് കോളജുകളിലും ഓരോ പ്രോഗ്രാമിനും 25 ശതമാനം ആധിക സീറ്റുകള്‍ വിദേശ വിദ്യാര്‍ഥികള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. മറ്റ് അഫിലിയേറ്റഡ് കോളജുകളില്‍ ഓരോ പ്രോഗ്രാമിനും 20 ശതമാനം അധിക സീറ്റുകളുമുണ്ട്.

എം.ജി. സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ അധ്യക്ഷനായുള്ള സമിതിയാണ് വിദേശേ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ പരിശോധിച്ച് പ്രവേശനം സംബന്ധിച്ച് തീരുമാനമെടുക്കുന്നത്. ജൂണ്‍ 30നു മുന്‍പ് സര്‍വകലാശാലകള്‍ താത്കാലിക അഡ്മിഷന്‍ ഓഫറുകള്‍ ഐസിസിആര്‍ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യും. ഓരോ രാജ്യത്തിനും നിശ്ചിത എണ്ണം വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് അനുവദിക്കുക. അനുവദനീയമായതിലധികം അപേക്ഷകരുണ്ടെങ്കില്‍ അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ ഇംഗ്ലീഷ് ഭാഷാ മികവ് വിലയിരുത്തുന്നതിനുള്ള പരീക്ഷ നടത്തി അതില്‍ മുന്നിലെത്തുന്നവര്‍ക്കാണ് അവസരം നല്‍കുക. സമീപ കാലത്ത് ദേശീയ, രാജ്യാന്തര റാങ്കിംഗുകളില്‍ സര്‍വകലാശാല മികവ് തുടരുന്നതും നാക്കിന്‍റെ നാലാം സൈക്കിള്‍ റീ അക്രഡിറ്റേഷനില്‍ എ ഡബിള്‍ പ്ലസ് ഗ്രേഡ് ലഭിച്ചതും വിദേശത്തുനിന്നുള്ള അപേക്ഷകള്‍ വര്‍ധിക്കുന്നതിന് കാരണമായതായി വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദുകമാര്‍ പറഞ്ഞു.

വിപുലമായ അടിസ്ഥാന സൗകര്യങ്ങളും അധ്യാപന-ഗവേഷണ മേഖലകളിലെ ഉന്നത നിലവാരവുമാണ് ഉന്നത പഠനത്തിന് എം.ജി സര്‍വകലാശാല തിരഞ്ഞെടുക്കാന്‍ വിദേശ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നതെന്ന് കെനിയയില്‍നിന്നുള്ള ഗവേഷണ വിദ്യാര്‍ഥി അലി റുവ വിലയിരുത്തി. മഹാത്മാ ഗാന്ധിയുടെ പേരിലുള്ള സര്‍വകശാല എന്ന നിലയിലും കെനിയന്‍ വിദ്യാര്‍ഥികള്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് അലി കൂട്ടിച്ചേര്‍ത്തു.

എം.ജി സര്‍വകലാശാലയിലും അഫിലിയേറ്റഡ് കോളജുകളിലും നിലവില്‍ ഐസിസിആര്‍ സ്കോളര്‍ഷിപ്പോടെ വിവിധ കോഴ്സുകളിലായി 28 രാജ്യങ്ങളില്‍നിന്നുള്ള 132 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്ന് യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ഇന്‍റര്‍നാഷണര്‍ കോ-ഓപ്പറേഷന്‍(യുസിഐസി) ഡയറക്ടര്‍ ഡോ. സജിമോന്‍ ഏബ്രഹാം പറഞ്ഞു. വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനം. പഠനം എന്നിവയുടെ ഏകോപനം നിര്‍വഹിക്കുന്നത് യുസിഐസിയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments