മേലുകാവ് : പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ കടനാട് നീലൂർ നൂറുമല ഭാഗത്ത് കൊടൈക്കനാലിൽ വീട്ടിൽ അരുൺ ചെറിയാൻ (28) എന്നയാളെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. pala news
ഇയാൾ പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി, വിവാഹവാഗ്ദാനം നൽകി 2019 മുതൽ പീഡിപ്പിച്ചു വരികയായിരുന്നു. തുടർന്ന് ഇയാൾ പെൺകുട്ടിയെ വിവാഹം കഴിക്കാതെ ഒഴിവാക്കാൻ ശ്രമിക്കുകയും, തുടർന്ന് പെൺകുട്ടി പോലീസിൽ പരാതി നൽകുകയുമായിരുന്നു.പെൺകുട്ടിയുടെ പരാതിയെ തുടർന്ന് മേലുകാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇതറിഞ്ഞ ഇയാൾ സ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു.
തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലിൽ ഇയാൾ വിദേശത്തേക്ക് പോകുന്നതിനു വേണ്ടി മെഡിക്കൽ ചെക്കപ്പിനായി ഡൽഹിയിൽ എത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കുകയും, തുടർന്ന് അന്വേഷണസംഘം ഡൽഹിയിലെത്തി ഇയാളെ പിടികൂടുകയുമായിരുന്നു.
മേലുകാവ് സ്റ്റേഷൻ എസ്.എച്ച്.ഓ ഏലിയാസ് പി ജോർജ്, എസ്.ഐ റെജിമോൻ, എ.എസ്.ഐ അഷ്റഫ്, സി.പി.ഓ അബീഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു