കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ സിബിഐ ചുമത്തിയിട്ടുള്ളത്.P Jayarajan and TV Rajesh’s release plea in Ariyil Shukur murder case rejected
കൊലപാതകത്തിനായി ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികൾ ഉണ്ടെന്നും ജയരാജന്റെയും, ടി വി രാജേഷിൻ്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
മുസ്ലീംലീഗ് വിദ്യാർത്ഥി വിഭാഗമായ എംഎസ്എഫിന്‍റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്.ചെറുകുന്ന് കീഴറയിൽ വച്ചാണ് ഷുക്കൂർ കൊല്ലപ്പെട്ടത്.
അന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെയും മുൻ കല്യാശേരി എംഎൽഎയായിരുന്ന ടി വി രാജേഷിന്റെയും വാഹനം ആക്രമിച്ചതിന്റെ പേരിലുള്ള വൈരാഗ്യത്തിന്റെ പേരിൽ ഷുക്കൂറിനെ കൊല്ലപ്പെടുത്തി എന്നതാണ് കേസ്. രണ്ട് മണിക്കൂർ നീണ്ട ക്രൂരമായ വിചാരണയ്ക്കൊടുവിലായിരുന്നു കൊലപാതകമെന്നും കുറ്റപത്രത്തിൽ പയുന്നുണ്ട്. പി ജയാരാജനെയും ടി വി രാജേഷിനെയും സിബിഐ ആണ് പ്രതി ചേർത്തത്.
വാഹനം ആക്രമിക്കപ്പെട്ട ശേഷം പി ജയരാജനും ടി വി രാജേഷും പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിൽ വച്ചാണ് ആക്രമണത്തിന് ആസൂത്രണം നടന്നതെന്നാണ് കുറ്റപത്രം. തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സിപിഎം പ്രാദേശിക നേതാക്കൾ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ വീണ്ടും അരിയിൽ ഷുക്കൂർ വധക്കേസ് ചർച്ചയായിരുന്നു. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്താന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടെന്ന ആരോപണവുമായി അഭിഭാഷകന്‍ ടി പി ഹരീന്ദ്രന്‍ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിലെ കൊടുക്കല്‍ വാങ്ങലുകളുടെ ഭാഗമായിരുന്നു ഇടപെടലെന്നും ഹരീന്ദ്രൻ പറഞ്ഞിരുന്നു.